|^| Home -> Letters -> പയസച്ചന്‍റെ ലേഖനം ഇന്നിനൊരാവശ്യം

പയസച്ചന്‍റെ ലേഖനം ഇന്നിനൊരാവശ്യം

ദേവസ്സിക്കുട്ടി മുളവരിക്കല്‍, മറ്റൂര്‍

സത്യദീപം (ജൂലൈ 3) ദുക്റാന പതിപ്പില്‍ കേരള ക്രൈസ്തവസമൂഹത്തിലും ചരിത്രപണ്ഡിതന്മാരുടെ ഇടയിലും തോമാശ്ലീഹായുടെ കാലം മുതല്‍ തന്നെ നിലനിന്നുപോരുന്ന ഒട്ടേറെ സംശയങ്ങള്‍ക്കും വിവാദങ്ങള്‍ക്കും അപവാദങ്ങള്‍ക്കും തന്‍റെ സുദീര്‍ഘവും വസ്തുനിഷ്ഠവുമായ ലേഖനത്തിലൂടെ വളരെ കൃത്യവും ആധികാരികവും വിശ്വാസയോഗ്യവും സ്വീകാര്യവുമായ മറുപടിയും വിശദീകരണവും ഉത്തരവും നല്കിയ പ്രശസ്തമായ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ ചരിത്രവിഭാഗം പ്രഫസ്സര്‍ ഡോ. പയസ് മലേക്കണ്ടത്തിലച്ചനും ലേഖനം പ്രസിദ്ധീകരിച്ച സത്യദീപത്തിനും അകമഴിഞ്ഞ അഭിനന്ദനങ്ങള്‍! എട്ടാം നൂറ്റാണ്ടില്‍ മാത്രം കേരളത്തിലെത്തിയ നമ്പൂതിരിമാരെ എങ്ങനെയാണു തോമാശ്ലീഹാ ഒന്നാം നൂറ്റാണ്ടില്‍ മാമ്മോദീസ നല്കി മതം മാറ്റിയതെന്ന തികച്ചും ന്യായവും യുക്തവുമായ ചോദ്യത്തിനും ആരോപണത്തിനും ഒന്നാം നൂറ്റാണ്ടിലെ ചേരരാജാക്കന്മാരുടെയും സംഘകാലഘട്ടത്തിലെയും ബ്രാഹ്മണരെ നമ്പൂതിരിമാരായി തെറ്റിദ്ധരിച്ചതുമൂലമെന്ന വസ്തുത തെളിവുകളുടെ അടിസ്ഥാനത്തില്‍ വെളിപ്പെടുത്തിയത് ഇതുവരെ നിലനിന്ന വലിയൊരു ആശയദാരിദ്ര്യത്തിനും പ്രതിസന്ധിക്കും വിരാമം കുറിക്കുന്നതിന് അങ്ങേയറ്റം സഹായകമായിരുന്നു. ചരിത്രമറിയാതെ മാര്‍ത്തോമ്മാ സമൂഹം അനുഭവിച്ചിരുന്ന എല്ലാ ഉയര്‍ന്ന സാമൂഹികപദവികളും നമ്പൂതിരിബന്ധത്തിലൂടെ കൈവന്നതാണെന്ന അബദ്ധം ഇനിയുമാരും ആവര്‍ത്തിക്കാതിരിക്കാന്‍ ചപ്പുചവറുകള്‍ വായിച്ചു നേരം കളയുന്ന എല്ലാവരും പയസച്ചന്‍റെ ലേഖനം കണ്ണു തുറന്നു മനസ്സിരുത്തി വായിക്കേണ്ടതാണ്.

എഡിറ്റോറിയലില്‍ സൂചിപ്പിച്ചതുപോലെ നമ്മുടെ വിശ്വാസജീവിതത്തില്‍ ക്രിസ്തുവിനും സുവിശേഷത്തിനും അതീതമായി നാം ഒന്നിനെയും ആരെയും വിശ്വസിക്കുകയോ വിലമതിക്കുകയോ അനുകരിക്കുകയോ ആശ്രയിക്കുകയോ ചെയ്യരുത്. എല്ലാറ്റിന്‍റെയും അവസാന വാക്ക് നമുക്കെന്നും ക്രിസ്തുവും സുവിശേഷവുമായിരിക്കണം. അപ്പോള്‍ പ്രതിസന്ധികളില്‍ നമുക്കൊരിക്കലും ആശങ്കയോ ഉത്കണ്ഠയോ ഇടര്‍ച്ചയോ നിരാശയോ ഉണ്ടാവുകയില്ല. മോശയുടെ സിംഹാസനത്തിലിരിക്കുന്ന കപടനാട്യക്കാരും അന്ധരുമായ മാര്‍ഗ ദര്‍ശികളുടെ പ്രവൃത്തികള്‍ അനുകരിക്കാന്‍ കൊള്ളുന്നവയല്ലെന്ന യേശുവിന്‍റെ താക്കീത് സമകാലീന സഭയിലെ ദുരനുഭവങ്ങളുടെ വെളിച്ചത്തില്‍ ആശ്വാസത്തിനായി ഓര്‍ക്കാം (മത്താ. 23 : 2, 3).