പ്രതീക്ഷയുടെ പുതിയ നേതൃത്വം

ദേവസ്സികുട്ടി പടയാട്ടില്‍, കാഞ്ഞൂര്‍

അഭിവന്ദ്യ ആന്‍റണി കരിയില്‍ പിതാവിനെ എറണാകുളം അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തന്‍, വികാരിയായി പൂര്‍ണ്ണ അധികാരത്തോടെയുളള മാര്‍ഗരേഖ പുറത്തുവന്നു. ദൈവജനം ഒരേ സ്വരത്തില്‍ വിളിച്ചു പറഞ്ഞു: ഇനിയെല്ലാം ശരിയാകും. രൂപതയില്‍ കുറേ പേര്‍ക്ക് രണ്ടു പക്ഷം ഉണ്ടായിരുന്നു. പത്രങ്ങളില്‍ മൂര്‍ച്ചയേറിയ വാദപ്രതിവാദങ്ങള്‍ നടന്നു. ടി.വി യില്‍ വേദനിപ്പിക്കുന്ന രംഗങ്ങള്‍ വന്നു. ഇതു കണ്ടും കേട്ടും ദൈവജനം തലയില്‍ കൈവച്ച് വിലപിച്ചു. അങ്ങനെയുളള സന്ദര്‍ഭത്തിലാണ് ഒരു കക്ഷിയിലും പെടാത്ത ഒരു പക്ഷവും ഇല്ലാത്ത കരിയില്‍ പിതാവ് രംഗത്തു വരുന്നത്. അങ്ങനെയുളളവര്‍ക്ക് എളുപ്പത്തില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയും.

ഞാനെന്ന ഭാവം വെടിഞ്ഞ് തുറന്ന മനസ്സോടെ നമ്മുടെ സുഖങ്ങളും ദുഃഖങ്ങളും. പരസ്പരം പങ്കുവച്ച് ദൈവപക്ഷത്തുനിന്ന് പ്രവര്‍ത്തിക്കുമ്പോള്‍ കെട്ടുകള്‍ പൊട്ടും. പ്രശ്നങ്ങള്‍ പരിഹരിക്കും എന്നതാണ് പിതാവിന്‍റെ തത്ത്വശാസ്ത്രം. അദ്ദേഹം കടന്നുവന്ന പാതകളെയെല്ലാം പൊന്നാക്കാനും കഴിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിലും സഭാഭരണത്തിലും മിന്നിത്തിളങ്ങുന്ന വെളളി നക്ഷത്രമായി മാറാന്‍ കഴിഞ്ഞത് ഈ പ്രവര്‍ത്തനശൈലി കൊണ്ടാണ്. ഒരു മെത്രാനെന്ന നിലയില്‍ മാണ്ഡ്യ രൂപതയുടെ ദൈവജനത്തിന്‍റെ സ്നേഹാദരവുകള്‍ പിടിച്ചുപറ്റാന്‍ സാധിച്ചത് ഈ വിശേഷമായ പ്രവര്‍ത്തന ശൈലി ഒന്നുകൊണ്ടു മാത്രമാണ്.

തന്നേക്കാള്‍ കഴിവുള്ളവര്‍ അതിരൂപതയിലുള്ളപ്പോള്‍ ദൈവം തന്നിലര്‍പ്പിച്ച വിശ്വാസം കാത്തു സൂക്ഷിക്കാന്‍ പരിശുദ്ധ കന്യാകാമറിയത്തിന്‍റെ കാലടികളെയാണ് പിതാവ് പിന്‍തുടരുന്നത്. കര്‍ത്താവിന്‍റെ ദാസിയായ എന്നില്‍ നിന്‍റെ തിരുവചനം നിറവേറട്ടെ എന്ന മറിയത്തിന്‍റെ വാക്കുകള്‍ ഏറ്റെടുത്തുകൊണ്ട് ദൈവത്തിന്‍റെ കല്പന എന്നില്‍ നിറവേറട്ടെ എന്ന പ്രാര്‍ത്ഥനയോടെയാണ് പിതാവ് മാര്‍ഗരേഖയിലൊപ്പിട്ട് അധികാരം ഏറ്റെടുത്തത്.

മാര്‍ഗരേഖയില്‍ ഒപ്പു വച്ച് സ്ഥാനാരോഹണത്തിനു മുന്‍പ് കരിയില്‍ പിതാവ് സഭയില്‍ നിന്ന് മരിച്ചുപോയ പൂര്‍വ്വീകരുടെ ആത്മശാന്തിക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. ആയകാലത്തു സഭയ്ക്കുവേണ്ടി കഠിനാധ്വാനം ചെയ്ത് പ്രവര്‍ത്തിച്ച് വാദ്ധക്യത്തില്‍ വിശ്രമജീവിതം നയിക്കുന്ന വന്ദ്യ വൈദികരെ സന്ദര്‍ശിച്ച് അവര്‍ക്ക് ആശംസകളര്‍പ്പിച്ച് അവരുടെ അനുഗ്രഹങ്ങള്‍ ഏറ്റുവാങ്ങി. അതിനോടൊപ്പം ഒരു ഓട്ടപ്രദക്ഷിണം നടത്തി കഴിയാവുന്ന ഫൊറോനകളും സ്ഥാപനങ്ങളും സന്ദര്‍ശിച്ച ശേഷമാണ് മെത്രാപ്പോലീത്തന്‍ പദവി ഏറ്റുവാങ്ങിയത്. സഭയുടെ ഐക്യത്തിനും സമാധാനത്തിനും ശ്രേയസിനും എല്ലാം മറന്ന് നമുക്ക് ഒന്നിച്ചു നീങ്ങാം. പരസ്പരം സ്നേഹിച്ചും പങ്കുവച്ചും ദൈവത്തില്‍ ശരണപ്പെട്ടും നമുക്ക് മുന്നോട്ട് നീങ്ങാം എന്ന പ്രാര്‍ത്ഥനയോടെ മുന്നോട്ടു നീങ്ങുന്ന പിതാവിന് പ്രാര്‍ത്ഥനാശംസകള്‍!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org