സി. ലൂസിയെ എല്ലാവരും വായിക്കണം

ദേവസിക്കുട്ടി മുളവരിക്കല്‍, മറ്റൂര്‍

ജൂലൈ 4-ലെ സത്യദീപത്തില്‍ ചീഫ് എഡിറ്റര്‍ സി. ലൂസി കുര്യനുമായി നടത്തിയ അഭിമുഖം എല്ലാവരും ഒരാവര്‍ത്തി വായിക്കേണ്ടതാണ്. തങ്ങളുടെ സമര്‍പ്പിതജീവിതത്തിന്‍റെ പാതിവഴിയില്‍ വിളിയും ദൗത്യവും ലക്ഷ്യവും മാര്‍ഗവും മറന്നുപോകുന്ന സമര്‍പ്പിതര്‍ക്കു സിസ്റ്റര്‍ ലൂസി ഉത്തമവും ഉദാത്തവുമായ മഹനീയ മാതൃകയാണ്. സ്ഥാപനങ്ങളുടെ സുരക്ഷിതത്വത്തിലേക്കല്ല, അനിശ്ചിതത്വത്തിലേക്കും കുരിശിന്‍റെ ഭോഷത്തത്തിലേക്കുമാണു നാഥന്‍ തങ്ങളെ വിളിച്ചിരിക്കുന്നതെന്നു സമര്‍പ്പിതര്‍ അനുനിമിഷം ഓര്‍ക്കണം.

ഈ ചെറിയവരില്‍ ഒരുവനുവേണ്ടി ശുശ്രൂഷ ചെയ്യേണ്ടവര്‍ ഇന്നു മടിയില്‍ കനമുള്ള വലിയവരുടെ ഇടയില്‍ മത്സരശുശ്രൂഷ നടത്തുന്നത് ആത്മരക്ഷയ്ക്കു പകരം ആത്മനാശത്തിലേക്കാണു തങ്ങളെ നയിക്കുന്നതെന്ന് ഇനിയെങ്കിലും തിരിച്ചറിയണം. പതിനാറാമത്തെ വയസ്സില്‍ ക്രിസ്തുവിനെയും സുവിശേഷത്തെയും മാത്രം മുന്നില്‍ കണ്ട് ആഢ്യസന്ന്യാസിനി സമൂഹത്തില്‍ ചേര്‍ന്നു ഹൈസ്കൂള്‍ അദ്ധ്യാപികയായി ആഴ്ചയില്‍ ആറു ദിവസം ശാസ്ത്രവിഷയങ്ങള്‍ പഠിപ്പിക്കാന്‍ കഠിനാദ്ധ്വാനം ചെയ്യുന്ന ഒരു സന്ന്യാസിനിയോടു വേദപാഠം പഠിപ്പിക്കുന്നുണ്ടോ എന്നു ചോദിച്ചപ്പോള്‍ അവരുടെ മുഖത്ത് തെളിഞ്ഞ അനിഷ്ടഭാവവും പുച്ഛഭാവവും കുറച്ചിലും അവരറിയാതെ വായിച്ചെടുത്തത് ഇന്നും മറന്നിട്ടില്ല. ഭൂരിഭാഗം സമര്‍പ്പിതരുടെ ഇടയിലും ഇന്ന് ഒരുതരം വൈറ്റ് കോളര്‍ ശുശ്രൂഷാമനോഭാവം ഇത്തിള്‍ക്കണ്ണിപോലെ വളര്‍ന്നു പടര്‍ന്നു പന്തലിച്ചിരിക്കുന്നു. ഇത്തരക്കാര്‍ക്ക് സിസ്റ്റര്‍ ലൂസിയുടെ പാതയും മാതൃകയും അവര്‍ക്കു പ്രചോദനമായിത്തീരട്ടെയെന്ന് ആഗ്രഹിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org