ദിവ്യപ്രേരണ

ഡേവീസ് വിതയത്തില്‍, തൃപ്പൂണിത്തുറ

സീറോ-മലബാര്‍ യൂത്ത് മൂവ്മെന്‍റ് ഗ്ലോബല്‍ പ്രസിഡന്‍റ് ശ്രീ. അരുണ്‍ ഡേവീസ് ഒക്ടോബറില്‍ റോമില്‍ നടക്കുന്ന മെത്രാന്മാരുടെ സിനഡിനൊരുക്കമായി വത്തിക്കാനില്‍ നടന്ന യുവസമ്മേളനത്തില്‍, "വിശ്വാസവും ജീവിതതിരഞ്ഞെടുപ്പുകളും" എന്ന വിഷയത്തില്‍ പങ്കെടുത്ത് അഭിപ്രായങ്ങള്‍ പങ്കുവച്ചതു സത്യദീപം (ലക്കം 34) പ്രസിദ്ധീകരിച്ചതു ചിലരെങ്കിലും വായിച്ചുകാണുമെന്നു വിശ്വസിക്കുന്നു.

മിഥ്യാലോകവുമായുള്ള സമ്പര്‍ക്കം കുറയ്ക്കാന്‍ യുവജനങ്ങള്‍ തയ്യാറാകണമെന്നും ഇന്‍റര്‍നെറ്റ് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങള്‍ യുവജനങ്ങളെ വ്യാപകമായി ചൂഷണം ചെയ്യുവാന്‍ അനുവദിക്കരുതെന്നും പാപ്പ പറയുകയുണ്ടായി. ഈ കാലഘട്ടത്തിനാവശ്യം മനസ്സും തലച്ചോറും കൈകളും ഒരുപോലെ നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിപ്പിക്കുന്നവരെയാണ്. സഭ ഒരു സ്ഥാപനമല്ല, മറിച്ച് ഒരു സമൂഹമാണ്. ആ സമൂഹത്തിലേക്കിറങ്ങി ചെന്നാല്‍ മാത്രമേ ക്രിസ്തുവിനെ കാണാന്‍ സാധിക്കുകയുള്ളൂ. മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു, പുരോഹിതന്‍ ഒരിക്കലും രാജാവിനെപ്പോലെയോ മാനേജര്‍മാരെപ്പോലെയോ പെരുമാറാന്‍ പാടില്ല. പരദൂഷണമാണു ക്രിസ്ത്യന്‍ സമൂഹത്തിലെ ഏറ്റവും ഹീനമായ പാപം. അതിനാല്‍ ഇത്തരം ദൂഷിതപ്രവണതകള്‍ക്കു വശംവദരാകാതിരിക്കുവാന്‍ നാം ഇന്നു കൂടുതല്‍ ശ്രദ്ധിക്കണം. നമ്മെ സഹായിക്കുന്ന ഈ ആഹ്വാനങ്ങള്‍ക്കു നമ്മള്‍ എന്തു വില കൊടുക്കും? "പ്രവൃത്തിയിലും സത്യത്തിലും സ്നേഹിക്കുക" ഈയിടെ അഭിഷിക്തനായ ഇടുക്കി രൂപതയുടെ പിന്‍ഗാമി തിരഞ്ഞെടുത്ത ആപ്തവാക്യം, സ്നേഹമെന്നത് ഒരു വികാരമല്ല, അതു തികച്ചും പ്രവൃത്തിയിലധിഷ്ഠിതമാണെന്നു നമ്മെ പഠിപ്പിക്കുന്നു; ഓര്‍മിപ്പിക്കുന്നു.

വിരസമായ ഒരു വായനാനുഭവം ഒരുപക്ഷേ, നല്കുന്ന ഒരു വലിയ ലേഖനം അതിന്‍റെ പൂര്‍ണ രൂപത്തില്‍ ഉള്‍ക്കൊണ്ടു വായിച്ചുതീര്‍ക്കാന്‍ ഇന്നത്തെ ആധുനികജീവിതത്തില്‍ എത്ര പേര്‍ക്കു സാധിക്കും എന്ന ന്യായമായ ഉത്കണ്ഠ മൂലം അതിലെ നല്ല സന്ദേശങ്ങള്‍ വായനക്കാരില്‍ എത്തിച്ചേരുവാനും അവയെ സംക്ഷിപ്തമായി ഒരു കത്തിന്‍റെ രൂപത്തില്‍ ഇതുമൂലം എടുത്തുകാട്ടുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org