ഇങ്ങനെയൊരു പ്രതിഷേധം ഇനിയുണ്ടാകാതിരിക്കട്ടെ…

ഡോ. ഡെയ്സന്‍ പാണേങ്ങാടന്‍, തൃശൂര്‍

കഴിഞ്ഞ കുറേ ദിവസങ്ങളായി പീഡന കുറ്റം ആരോപിക്കപ്പെട്ട (കുറ്റം തെളിയുന്നതുവരെ കുറ്റാരോപിതന്‍) ബിഷപ്പിന്‍റെ പുറകെയാണ് മാധ്യമങ്ങളും വിശിഷ്യ സാമൂഹ്യ മാധ്യമങ്ങളും. കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ് കൂടിയായ ലത്തീന്‍ സഭയിലെ ബിഷപ് ഡോ. സൂ സൈപാക്യം പറഞ്ഞത്, ഇത്തരുണത്തില്‍ ചിന്തോദ്ദീപകവും സഭയുടെ ഇക്കാര്യത്തിലുള്ള നിലപാടും സര്‍വ്വോപരി ഔന്നത്യത്തിലുള്ളതുമാണ്. 'കുറ്റാരോപിതനും ആരോപിച്ചയാളും (വാദിയും പ്രതിയും) സഭയിലെ ഉന്നതരും സമര്‍പ്പിതരുമാണ്. ഇതിലാരോ ഒരാള്‍ നുണ പറയുന്നുണ്ട്. അത് കോടതിയും പൊലീസും തെളിയിക്കട്ടെ; സത്യം പുറത്തു വരട്ടെ. ഇനി സത്യം എന്തു തന്നെയായാലും അത് സഭയെ സംബന്ധിച്ചിടത്തോളം വേദനാജനകമാണ്.'

അപ്പോള്‍ സഭാ നേതൃത്വം ഇക്കാര്യത്തില്‍ നിലപാടു വ്യക്തമാക്കി കഴിഞ്ഞു. ഇനി സ്വാഭാവികമായും കുറ്റക്കാരെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരേണ്ട ഉത്തരവാദിത്വം പൊലീസിനും നിയമാധികാരികള്‍ക്കുമാണ്. സത്യം പുറത്തു വരാതിരിക്കാന്‍ പോലീസിന് മേല്‍ സമ്മര്‍ദ്ദമുണ്ടെന്നാണ് മാധ്യമങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞത്. അറസ്റ്റ് നീട്ടാന്‍ ഡി.ജി.പിക്കും ഐ.ജിക്കും സമ്മര്‍ദ്ദമുണ്ടെന്നും ഇന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞു. ആ സമ്മര്‍ദ്ദം സഭാധികാരികളില്‍ നിന്നെങ്കില്‍, അതു പൊലീസധികാരികളും നിയമ സംവിധാനങ്ങളും അതു തുറന്നു പറയാന്‍ എന്തിനു മടിക്കണം?

ഈ വിഷയവുമായി ബന്ധപ്പെട്ട് കുറച്ചു കാലമായി തുടരുന്ന ഈ മാധ്യമ വിചാരണയ്ക്ക് ഒരു അവസാനമുണ്ടാകണമെന്ന് നാട്ടിലെ ഓരോ ക്രിസ്ത്യാനിയെയുംപോലെ ഞാനും ആഗ്രഹിക്കുന്നുണ്ട്. സ്ഥിതിഗതികള്‍ ഇത്രയും വഷളായ സ്ഥിതിക്ക്, കേസന്വേഷണം ഊര്‍ജ്ജിതപ്പെടുത്താനും കുറ്റവാളികളെ നിയമത്തിനു മുമ്പില്‍ കൊണ്ടു വരാനും സഭാ നേതൃത്വവും വേണ്ട സഹായങ്ങള്‍ ചെയ്യുകയും മുന്‍ കയ്യെടുക്കുകയും വേണമെന്നു മാത്രവുമല്ല; സഭയെയും വിശ്വാസികളെയും പൊതുസമൂഹത്തില്‍ ഇനിയും നാണം കെടുത്താന്‍ അവസരം കൊടുക്കുകയുമരുത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org