ആട്ടിന്‍തോലിട്ട ചെന്നായ്ക്കള്‍!

ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട്, തൃശൂര്‍

മുന്‍ സംസ്ഥാന സര്‍ക്കാരിന്‍റെ കാലത്ത് ഉയര്‍ന്ന ശമ്പളം പറ്റുന്ന വലിയ സ്ഥാനങ്ങള്‍ സ്വന്തമാക്കാന്‍ ന്യൂനപക്ഷ മതമേലദ്ധ്യക്ഷന്മാരുടെ ശിപാര്‍ശക്കത്തുകള്‍ ലഭിക്കാനായി അരമനവാതിലുകളില്‍ കാത്തുകെട്ടി കിടക്കുകയും, അവരുടെ പ്രീതി ലഭിക്കാന്‍ മാത്രം, അവര്‍ സംഘടിപ്പിച്ചിരുന്ന വേദികളില്‍ വാടകപ്രസംഗക്കാരായി ഒന്നാംതരം അഭിനയം നടത്തുകയും ചെയ്ത ചില മഹാന്മാര്‍, കാറ്റ് മാറി വീശാന്‍ സാദ്ധ്യതയുണ്ടെന്നു മുന്‍കൂട്ടി കണ്ടു നിര്‍ലജ്ജം കാലു മാറുക മാത്രമല്ല, തെരഞ്ഞെടുപ്പില്‍ മത്സരിക്കുകകൂടി ചെയ്യുന്നതു കണ്ടപ്പോള്‍ ജനം അമ്പരന്നുപോയി. കാലു മാറ്റത്തിനു തലേന്നാള്‍ വരെ വര്‍ഗീയതയ്ക്കെതിരായി പ്രസംഗിച്ചവര്‍, ജനം കാര്യങ്ങള്‍ മനസ്സിലാക്കി നിശ്ശബ്ദമായിത്തന്നെ പ്രതികരിച്ചുവെന്നു മനസ്സിലാക്കിയ നിമിഷംമുതല്‍ ഹീനമായ വര്‍ഗീയച്ചുവയുള്ള വാക്കുകളില്‍ ആത്മരക്ഷാര്‍ത്ഥം നടത്തിയ ചില പ്രതികരണങ്ങള്‍ വോട്ടെണ്ണാന്‍ കാത്തുനില്ക്കാതെ തന്നെ ഫലമെന്താകുമെന്നു മനസ്സിലാക്കി പ്രതികരിച്ചതു സഹതാപത്തോടെ നോക്കിക്കാണാനേ പറ്റുന്നുള്ളൂ. കേരള ജനത പ്രബുദ്ധരാണ്. പരപ്രേരണ കൂടാതെ അഭിപ്രായം പ്രകടിപ്പിക്കാന്‍ വിദഗ്ദ്ധരുമാണ്. കാലുമാറ്റത്തിലൂടെ വീണ്ടും അധികാരസ്ഥാനം ലക്ഷ്യമാക്കുന്നവരെ തെരഞ്ഞുപിടിച്ച് ഒറ്റപ്പെടുത്തിയാല്‍ അവരെ കുറ്റം പറയാനാവില്ല. നിര്‍ലജ്ജം കൂറുമാറിയവര്‍ തീര്‍ത്തും അവസരവാദികളാണ്. അവരെ തിരിച്ചറിയാന്‍ കഴിയാതെപോയതു സഭയുടെ ദീര്‍ഘദൃഷ്ടിയുടെ അഭാവവും വിശകലനവൈകല്യവുമാണ്. സ്വന്തം സ്ഥാനങ്ങള്‍ പിടിച്ചുപറ്റാനുള്ള കള്ളക്കടത്തു യാത്രകള്‍ക്കു പത്രോസിന്‍റെ നൗക സൗജന്യമായി നല്കണമോ? ആട്ടിന്‍തോലണിഞ്ഞ ചെന്നായ്ക്കള്‍ ഇനിയും ക്യൂവിലുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org