Latest News
|^| Home -> Letters -> വിശ്വാസം, അതു മാത്രം മതിയോ?

വിശ്വാസം, അതു മാത്രം മതിയോ?

ഡോ. ജോര്‍ജ് മരങ്ങോലി

പ്രവൃത്തികള്‍ കൂടാതെയുള്ള വിശ്വാസം അതില്‍ത്തന്നെ നിര്‍ജ്ജീവമാണ് (യാക്കോ. 2:17).
അഞ്ചു പേര്‍, ഒമ്പതു പേര്‍, പതിനൊന്ന് പേര്‍… ഞായറാഴ്ച കുര്‍ബാനയ്ക്കു നടമണി അടിച്ചുകഴിഞ്ഞു. വികാരിയച്ചന്‍ കുര്‍ബാന തുടങ്ങിയപ്പോള്‍ പള്ളിക്കകത്തു ഭക്തജനസംഖ്യ വെറും 22 പേര്‍ മാത്രം!

അച്ചന്‍ കുര്‍ബാന ആരംഭിച്ചു. പിന്നീടങ്ങോട്ട് ഓരോ മിനിറ്റിലും പള്ളിയിലെ ഇരിപ്പിടങ്ങള്‍ ഓരോന്നായി നിറയാന്‍ തുടങ്ങി. ഒന്നാം വായനയും രണ്ടാം വായനയും സുവിശേഷവായനയും അച്ചന്‍റെ പ്രസംഗവും കൂടിക്കഴിഞ്ഞപ്പോള്‍ പള്ളിക്കകത്തു നില്ക്കാന്‍ കൂടി സ്ഥലമില്ലാത്തവിധം ഭക്തജനങ്ങളെക്കൊണ്ടു നിറഞ്ഞു. ഇതു മുഴുവന്‍ വിശ്വാസികളെയും ഒന്നടങ്കം പറയുന്നതല്ല കേട്ടോ, ‘നല്ലൊരു പങ്ക് വിശ്വാസികളും’ എന്നു പറഞ്ഞാല്‍ അതി ശയോക്തിയില്ല!

ഒന്നാലോചിക്കുമ്പോള്‍ ഇതൊരു നന്നാകലിന്‍റെ പ്രശ്നമാണെന്നു തോന്നുന്നില്ല. വിശുദ്ധ കുര്‍ബാന ഉണ്ടായ നാള്‍ മുതല്‍ തുടര്‍ന്നുപോന്നിരുന്ന ഒരു ചെറിയ, എന്നാല്‍ അസുഖകരമായ അനാസ്ഥ! ഏതിനും എന്തിനും ഒരു ഡിസിപ്ലിന്‍ ഇല്ലായ്മ ഇന്നു പലരുടെയും കൂടപ്പിറപ്പാണ്. ഏതു പരിപാടിക്കും സ്ഥിരമായി താമസിച്ചെത്തുന്ന “പൊളിറ്റീഷ്യന്‍ ലൈക്ക്” ആള്‍ക്കാരുണ്ട്. അവരെക്കുറിച്ചല്ല ഇവിടെ പ്രതിപാദിക്കുന്നത്. ഞായറാഴ്ച കുര്‍ബാന ഒഴിച്ചാല്‍ ബാക്കി എല്ലാ പ്രോഗ്രാമുള്‍ക്കും കൃത്യമായി എത്താറുള്ള ഒരുകൂട്ടം ഭക്തന്മാരെക്കുറിച്ചാണ്.

റെയില്‍ ടിക്കറ്റെടുത്തു യാത്രയ്ക്കു പോകുമ്പോഴും ബസ്സിലോ ബോട്ടിലോ യാത്ര ചെയ്യുമ്പോഴുമൊക്കെ കൃത്യനിഷ്ഠ പാലിക്കാന്‍ കഴിവുള്ളവരാണ് ഈ പറഞ്ഞവരെല്ലാംതന്നെ. ഒരുപക്ഷേ, കൃത്യസമയത്തു ട്രെയിനിലോ കടത്തുബോട്ടിലോ ബസ്സിലോ കയറാന്‍ പറ്റാതിരുന്നാലുള്ള ധനനഷ്ടവും സമയനഷ്ടവും കണക്കിലെടുത്താകാം ഈ കൃത്യത!

മേല്പറഞ്ഞതുപോലെ സകലമാന യാത്രകള്‍ക്കും മറ്റു പരിപാടികള്‍ക്കും കാലേകൂട്ടി എത്താറുള്ള ഭക്തര്‍ എന്തുകൊണ്ടു ഞായറാഴ്ച കുര്‍ബാനയ്ക്കു മാത്രം വൈകിയെത്തുന്നു എന്നുള്ളത് അതിശയമല്ലേ?

എന്തൊക്കെയാണെങ്കിലും ശരിയായ ഒരു വിചിന്തനം ഇക്കാര്യത്തില്‍ നല്ലതാണ്. ഞായറാഴ്ചകുര്‍ബാന തുടങ്ങുന്നതിന് അഞ്ചു മിനിറ്റ് മുമ്പെങ്കിലും പള്ളിയില്‍ എത്തിയിരിക്കും എന്നൊരു ദൃഢപ്രതിജ്ഞ എടുക്കുന്നതില്‍ തെറ്റുണ്ടോ? ഈ ഒരു ചെറിയ നിശ്ചയം ജീവിതത്തിലുണ്ടാക്കുന്ന മാറ്റം വലുതായിരിക്കും എന്നു മനസ്സിലാക്കുന്നതിലാണു നമ്മുടെ വിജയം. ഈയൊരു പ്രവൃത്തികൊണ്ടു നമ്മുടെ ഇടവകയും സമൂഹവും നമ്മെ കണ്ടുപഠിക്കേണ്ട അടുത്ത തലമുറയും കുറേക്കൂടി അച്ചടക്കമുള്ളവരായാല്‍ അതു നല്ലതല്ലേ, നമുക്ക് അഭിമാനിക്കാവുന്നതല്ലേ? നമുക്കു ശ്രമിക്കാം.