ദേവസഹായം പിള്ളയുടെ നാമകരണം: ഒരു തിരിഞ്ഞുനോട്ടം

ഡോ. കുര്യന്‍ മാതോത്ത്

രക്തസാക്ഷി ദേവസഹായം പിള്ള സാര്‍വത്രികസഭയിലെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുവാന്‍ പോകുന്നു എന്ന വാര്‍ത്ത അത്യധികം സന്തോഷത്തോടെയാണു ഭാരതസഭ ശ്രവിച്ചത്. അതിക്രൂരമായ പീഡാസഹനത്തിനുശേഷം 1752 ജനുവരി 14-ന് തന്‍റെ നാല്പതാം വയസ്സിലാണ് അദ്ദേഹം വധിക്കപ്പെട്ടത്. ആ ദാരുണസംഭവം നടന്നിട്ട് 268 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. രണ്ടര ശതാബ്ദങ്ങള്‍ക്കുശേഷവും ക്രൈസ്തവവിശ്വാസികളുടെ മനസ്സില്‍ അദ്ദേഹത്തെപ്പറ്റിയുള്ള ഓര്‍മ പച്ചകെടാതെ നില്ക്കുന്നു.

ദേവസഹായം പിള്ളയുടെ പൂജ്യശരീരം, കോട്ടാര്‍ സെന്‍റ് ഫ്രാന്‍സിസ് പള്ളിയുടെ പ്രധാന അള്‍ത്താരയുടെ തൊട്ടു താഴെയാണു സംസ്കരിച്ചത്. അദ്ദേഹത്തിന്‍റെ ജീവിതവിശുദ്ധിയെപ്പറ്റി അത്രമാത്രം മതിപ്പുണ്ടായിരുന്നതുകൊണ്ടായിരിക്കുമല്ലോ അവിടെ ജോലി ചെയ്തിരുന്ന വിദേശ ജസ്വീട്ട് മിഷനറിമാര്‍ രക്തസാക്ഷിക്ക് ഈ വലിയ ബഹുമാനം കൊടുത്തത്.

ദേവസഹായം പിള്ളയുടെ ധീരരക്തസാക്ഷിത്വത്തെപ്പറ്റിയുള്ള വാര്‍ത്ത ചുരുങ്ങിയ കാലത്തിനിടയില്‍ നാട്ടിലെങ്ങും പ്രചരിക്കുകയുണ്ടായി. ഇന്നു സര്‍വസാധാരണമായ വാര്‍ത്താവിനിമയ മാര്‍ഗങ്ങള്‍ ഒന്നുംതന്നെ അന്നുണ്ടായിരുന്നില്ലെന്നോര്‍ക്കണം എങ്കിലും അദ്ദേഹം മരിച്ചു മുപ്പതു വര്‍ഷങ്ങള്‍ക്കുള്ളില്‍, നാമകരണ നടപടികള്‍ ആരംഭിക്കുന്നതിനായുള്ള അപേക്ഷ, റോമില്‍ സമര്‍പ്പിക്കപ്പെട്ടു എന്നു കേള്‍ക്കുമ്പോള്‍ പലരും അത്ഭുതപ്പെട്ടേക്കാം.

കേരളത്തിലെ പുരാതന സുറിയാനി സഭയിലുണ്ടായ ചില പ്രശ്നങ്ങളുടെ പരിഹാരാര്‍ത്ഥം, ഒരു നിവേദകസംഘത്തെ റോമിലേക്ക് അയയ്ക്കുന്നതിനു സഭാനേതൃത്വം നിശ്ചയിച്ചു. മാര്‍പാപ്പയെ നേരിട്ടു കണ്ടു തങ്ങളുടെ സങ്കടം അറിയിക്കുകയായിരുന്നു അവരുടെ ഉദ്ദേശ്യം. കരിയാറ്റില്‍ ഡോ. ജോസഫ് മല്പാനും പാറേമ്മാക്കല്‍ തോമ്മാകത്തനാരുമായിരുന്നു നിവേദകസംഘത്തിലെ അംഗങ്ങള്‍. ക്ലേശകരമായ കപ്പല്‍യാത്രയ്ക്കൊടുവില്‍ 1780 ഫെബ്രുവരി 3-ന് അവര്‍ റോമില്‍ എത്തിച്ചേര്‍ന്നു. ആറാം പിയൂസ് മാര്‍പാപ്പയെയും ഉത്തരവാദിത്വപ്പെട്ട ചില കര്‍ദിനാളന്മാരെയും അവര്‍ സന്ദര്‍ശിച്ച്, കേരളസഭയുടെ ആവശ്യങ്ങള്‍ ബോധ്യപ്പെടുത്തി. ഏതാനും മാസങ്ങള്‍ കൂടി നമ്മുടെ നിവേദകസംഘത്തിനു റോമില്‍ താമസിക്കേണ്ടിയിരുന്നു.

വിശുദ്ധരുടെ നാമകരണ നടപടികള്‍ സംബന്ധിച്ച കാര്യങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുന്ന കര്‍ദിനാളുമായി പരിചയപ്പെടുവാന്‍ മല്പാനും കത്തനാര്‍ക്കും അവസരം ലഭിച്ചു. അപ്പോള്‍ ദേവസഹായം പിള്ളയെ വിശുദ്ധരുടെ ഗണത്തില്‍ ചേര്‍ക്കുന്നതിന് അവര്‍ ഒരപേക്ഷ തയ്യാറാക്കി കര്‍ദിനാളിനെ ഏല്പിച്ചു. പ്രസ്തുത അപേക്ഷയെക്കുറിച്ചു തോമ്മാക്കത്തനാര്‍ 'വര്‍ത്തമാനപ്പുസ്തക'ത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വര്‍ത്തമാനപ്പുസ്തകത്തിന്‍റെ 49-ാം പാദത്തിലാണ് ഈ അപേക്ഷ ചേര്‍ത്തിരിക്കുന്നത്. രണ്ടു ശതാബ്ദങ്ങള്‍ക്കു മുമ്പ് അന്നത്തെ മലയാളഭാഷയില്‍ തോമ്മാക്കത്തനാര്‍ എഴുതിയത് ഉദ്ധരിക്കട്ടെ:

"വിശേഷിച്ചും ഈ കര്‍ദിനാള്‍ പുണ്യവാളന്മാരുടെ കാര്യം കെട്ടുവിധിച്ചു പരസ്യമായ അവര്‍ക്കുള്ള വന്ദനമെന്ന കൂറ്ററുത്തു നിവൃത്തി വരുത്തുന്ന സമൂഹത്തിന്‍റെ തലവനാകുന്നതിനെക്കൊണ്ടു ഞങ്ങള്‍ക്കു റൊമായില്‍ ഉണ്ടായിരുന്ന കാലതാമസത്തില്‍ നമ്മുടെ ദേവസഹായംപിള്ളയുടെ വര്‍ത്താനമൊക്കെയും ലത്തീന്‍ വാക്കില്‍ പാരംചിതമായിട്ടുള്ള മല്പാന്‍ എഴുതിയുണ്ടാക്കി ആയതിനൊടുകൂടെ കര്‍ദിനാളിന് ഒരു അപേക്ഷയും എഴുതി അദ്ദേഹത്തിന്‍റെ പക്കല്‍ കൊടുത്തു. മലങ്കര പള്ളിക്കാരുടെ പാവവും ദരിദ്രിയവും ബോധിപ്പിച്ചു പണം കൊടുപ്പാന്‍ പള്ളിക്കാര്‍ക്കു വകയില്ല എന്നും ചൊല്ലി ഈ സഹദാടെ കാര്യം കെട്ടുവിധിപ്പാനുള്ളതിന് ഉപേക്ഷ വരരുതെന്നു കര്‍ദിനാളിനൊടു പാരം അപെക്ഷിക്കുകയും ചെയ്തു. എന്നാല്‍ ഈ വര്‍ത്തമാനത്തിന്‍റെ പെര്‍പ്പ് ഞങ്ങളുടെ പറ്റില്‍ ഇരുന്നാറെപ്രത്തക്കാല്‍ വന്നതിനുശേഷം യുസെകയെത്താനൊസ മെസ്തിത്തയെന്ന ഞങ്ങളുടെ സ്നേഹക്കാരനായ ഒരു പട്ടക്കാരന്‍ വായിപ്പാനായിട്ടു മെടിച്ചാനെ ആയതു അയാടെ പക്കല്‍നിന്നു കളഞ്ഞുപോകുകയും ചെയ്തു" (പഴയ മലയാളത്തിലെഴുതിയ വാക്കുകളില്‍ ചിലത് ആധുനിക തലമുറയ്ക്ക് ദുര്‍ഗ്രഹമാകാം).

കര്‍ദിനാളിനു കൊടുത്ത അപേക്ഷ കണ്ടുകിട്ടിയിട്ടില്ല. കൊച്ചി മെത്രാനായിരുന്ന ക്ലെമന്‍റ് ഹൊസേ കൊളൊസാവോയാണു ദേവസഹായം പിള്ളയുടെ മരണം രക്തസാക്ഷിത്വമായിരുന്നെന്നു റോമില്‍ അറിയിച്ചത്. ഏതു വര്‍ഷമാണ് ആ റിപ്പോര്‍ട്ടെഴുതിയത് എന്നറിവില്ല.

എന്നാല്‍ ഭാരതീയ ക്രൈസ്തവരില്‍ ആരുടെയും നാമകരണ നടപടികള്‍ അക്കാലത്ത് ആരംഭിച്ചിരുന്നില്ല. നമ്മുടെ ഇടവകയില്‍ നിന്നു വിശുദ്ധരുണ്ടാകുന്നതിനെപ്പറ്റി അക്കാലത്ത് ആരും ചിന്തിച്ചിട്ടുപോലുമുണ്ടായിരുന്നോ എന്ന് അറിഞ്ഞുകടാ. അങ്ങനെയിരിക്കെയാണു ദേവസഹായംപിള്ള വധിക്കപ്പെട്ട് 30 വര്‍ഷംപോലും തികയുംമുമ്പേ നാമകരണ നടപടികള്‍ നടത്തി അദ്ദേഹത്തെ വിശുദ്ധനാക്കാമെന്നു നമ്മുടെ ബഹു. വൈദികര്‍ റോമില്‍ അപേക്ഷ സമര്‍പ്പിച്ചത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org