നമ്മുടെ സഭയിൽ എന്താണ് പ്രശ്നം?

ഡോ. മാത്യു മാമ്പ്ര

കുറച്ചു നാളുകളായി നാം ദൃശ്യ-സാമൂഹ്യ മാധ്യമങ്ങളിൽകൂടി സീറോ-മലബാർ സഭയിൽ എന്തോ വലിയ പ്രശ്നം പുകയുകയാണെന്നും സഭ നശിക്കാൻ പോവുകയാണെന്നും മറ്റുമുള്ള പ്രചരണങ്ങൾ കേൾക്കാൻ തുടങ്ങിയിട്ട്.

"പ്രശ്നങ്ങൾ' എന്താ അത്ര മോശം കാര്യമാണോ? നല്ല കുടുംബജീവിതം നയിക്കുന്നവർക്കറിയാം; ചെറിയ ചെറിയ പ്രശ്നങ്ങളൊക്കെ സ്നേഹപൂർവം പറഞ്ഞുതീർത്തു മുന്നോട്ടുപോകുന്ന കുടുംബങ്ങളെയാണു നാം എപ്പോഴും സന്തോഷമുള്ള മാതൃകാകുടുംബങ്ങളായി കാണുന്നത്. അല്ലാതെ പ്രശ്നങ്ങളില്ലാത്ത നിഷ്ക്രിയ ജീവിതങ്ങളെയല്ല. അഭിപ്രായവ്യത്യാസങ്ങൾ അനിവാര്യമാണ് എന്നുള്ളതാണു പച്ചയായ സത്യം.

വ്യത്യസ്ത ദേശങ്ങളിൽനിന്നും സാംസ്കാരികപൈതൃകങ്ങളിൽനിന്നും കുടുംബപശ്ചാത്തലങ്ങളിൽനിന്നും വന്നിട്ടുള്ള വൈദികരും സന്ന്യസ്തരും അല്മായരും ചേർന്നതാണു സഭയെന്ന കുടുംബം. ഒരാൾ പറയുന്നു, മറ്റെല്ലാവരും അതേപടി പഞ്ചപുച്ഛമടക്കി അംഗീകരിക്കുന്നു എന്ന നിലയിലുള്ള പ്രവർത്തനങ്ങൾ സഭയുടെ വളർച്ചയ്ക്ക് ഒട്ടും ചേർന്നതല്ല.

ചരിത്രത്തിലേക്ക് ഒന്നു തിരിഞ്ഞുനോക്കിയാൽ പുരാതന കാലത്ത്, ചാണ്ടി മെത്രാന്റെ കാലത്തെ സഭയുടെ ആദ്യത്തെ വികാരി ജനറാൾ വി. ചാവറപിതാവിന്റെ കാലത്ത് "റോക്കോസ്' എന്ന രൂപത്തിൽ വന്ന വലിയ പ്രശ്നം അദ്ദേഹം അല്മായ പ്രമുഖരുടെയും പുരോഹിത ശ്രേഷ്ഠരുടെയും സഹായത്തോടെയും പ്രാർത്ഥനയുടെ അരൂപിയാലും രമ്യമായി പരിഹരിച്ചു സഭയെ ശ ക്തിപ്പെടുത്തിയ കാര്യം നാം മറക്കാൻ പാടില്ല. ഇവിടെ നാം എന്നു പറയുമ്പോൾ, സഭാമേലദ്ധ്യക്ഷന്മാരും ഉൾപ്പെടുമെന്ന കാര്യം പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. ഇൗ പൂർവകാല സംഭവങ്ങളിൽനിന്ന് പാഠമുൾക്കൊണ്ടുകൊണ്ടു മുമ്പോട്ടുപോയാൽ വേഗം തീർക്കാവുന്ന ചെറിയ സൗന്ദര്യപ്പിണക്കങ്ങൾ മാത്രമാണിന്നുള്ളത്.

അല്മായർ അദ്ധ്വാനിച്ചുണ്ടാക്കിയ പണംകൊണ്ടു വാങ്ങിച്ച സഭാസ്വത്തുക്കൾ സഭാപിതാക്കന്മാർ അവർക്ക് ഇഷ്ടമുള്ള രീതിയിൽ ക്രയവിക്രയം നടത്തുന്നുവെന്നുള്ളതാണു സമകാലീനസംഭവങ്ങളുടെ വെളിച്ചത്തിൽ സമൂഹമാധ്യമങ്ങളിലെ പരാതികളേറെയും. ഇൗ പറയുന്ന വിഭവസമാഹരണത്തിനു നേതൃത്വവും ചിലപ്പോൾ ആശയങ്ങളും കൊടുക്കുന്ന വൈദികരെയും അവരുടെ സേവനങ്ങളെയും അല്മായ സമൂഹത്തിനു മറക്കാനാവുമോ? ഒരു മനുഷ്യജന്മം മുഴുവൻ സഭയ്ക്കും സമൂഹത്തി നും മാറ്റിവയ്ക്കുന്ന അവരുടെ സേവനങ്ങൾക്കു വില മതിക്കാനാവാത്ത മൂല്യമുണ്ടെന്നുള്ളത് ആരും ഒരിക്കലും മറക്കാൻ പാടില്ല. അതു വലിയ നന്ദികേടാവും.

എല്ലാം നന്നായി നയിക്കാൻ കഴിവുള്ള അത്യുന്നതന്റെ ശക്തിയിൽ വിശ്വസിക്കുന്ന നാം പ്രാർത്ഥിക്കുകയും, പരിചയസമ്പന്നരായ സാധിക്കുന്നവർ ക്രിയാത്മകമായ നിർദ്ദേശങ്ങൾ കൊടുക്കുകയും മാത്രം ചെയ്താൽ മതി, നമ്മുടെ സഭയ്ക്കു സമന്വയത്തിലൂടെ വിജയത്തിന്റെ പടവുകൾ കയറാൻ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org