എത്സി തോമസ്, തേവര
വിശുദ്ധ കുര്‍ബാനയേക്കാള്‍ മുന്‍തൂക്കം നൊവേനയ്ക്കും മാദ്ധ്യസ്ഥ്യ പ്രാര്‍ത്ഥനയ്ക്കും നല്കപ്പെടുന്നതില്‍ വിശ്വാസികള്‍ക്കും ഒരളവില്‍ പുരോഹിതര്‍ക്കും പങ്കില്ലേ? പല പള്ളികളിലും ദിവ്യബലിയര്‍പ്പണം നടക്കുമ്പോള്‍ തന്നെ പാപസങ്കീര്‍ത്തനവും നടത്തപ്പെടുകയും "കുമ്പസാരത്തിനു സൗകര്യമുണ്ട്" എന്ന ഔദ്യോഗിക അറിയിപ്പ് നല്കപ്പെടുയും ചെയ്യുന്നു. കുമ്പസാരം ബലിയര്‍പ്പണത്തിനു മുമ്പോ പിമ്പോ ആക്കുന്നതാവും കൂടുതല്‍ അഭികാമ്യം. അതുമല്ലെങ്കില്‍ ആഴ്ചയില്‍ ഏതെങ്കിലും ഒരു ദിവസമോ ദിവസത്തില്‍ നിശ്ചിത സമയമോ കുമ്പസാരത്തിനായി മാറ്റിവയ്ക്കുക. ആ വിവരം കുര്‍ബാനസമയം പരസ്യപ്പെടുത്തുന്ന ബോര്‍ഡില്‍ പ്രത്യേകമായി കാണിക്കുകയാണെങ്കില്‍ വിശ്വാസികള്‍ക്കും കുമ്പസാരം കേള്‍ക്കുവാന്‍ നിയുക്തരായ വൈദികര്‍ക്കും സൗകര്യമായി ബലിയര്‍പ്പണത്തിനിടയില്‍ പാപസങ്കീര്‍ത്തനത്തിനായി വിശ്വാസികള്‍ തലങ്ങും വിലങ്ങും ഓടേണ്ട ആവശ്യവും ഉണ്ടാകുന്നില്ല.
മറ്റൊരു പ്രശ്നമുള്ളത് ക്രിസ്മസ്, ഈസ്റ്റര്‍ തുടങ്ങിയ വിശേഷാവസരങ്ങളില്‍ സാധാരണ ഞായറാഴ്ചകളില്‍ നടത്താറുള്ള കുര്‍ബാനകളുടെ എണ്ണം കുറയ്ക്കുന്നു എന്നതാണ്. രാത്രി കുര്‍ബാന കഴിഞ്ഞാല്‍പ്പിന്നെ സാധാരണയുള്ള രണ്ടു കുര്‍ബാനകള്‍ക്കു പകരം ഒരെണ്ണമാക്കി ചുരുക്കുന്നു. ഒന്നില്‍ കൂടുതല്‍ വൈദികരുള്ള സാഹചര്യത്തിലും എല്ലാ വൈദികരുംകൂടി ഒരു ദിവ്യപൂജ അര്‍പ്പിച്ചു കര്‍മ്മം പൂര്‍ത്തിയാക്കുന്നു. കത്തോലിക്കര്‍ കൂടുതലുള്ള പുറംരാജ്യങ്ങളില്‍ സാധാരണ ഞായറാഴ്ചക്കുര്‍ബാനകള്‍ക്കു പുറമേ ഒന്നോ രണ്ടോ കുര്‍ബാനകള്‍ അധികമായി വിശേഷാവസരങ്ങളില്‍ അര്‍പ്പിക്കപ്പെടുന്നു. അതുപോലെ ഒരു ക്രമം ഇവിടെയും അനുവര്‍ത്തിച്ചാല്‍ കൂടുതല്‍ ജനങ്ങള്‍ക്കു സൗകര്യമായി ദിവ്യബലിയില്‍ പങ്കെടുക്കാമല്ലോ.