കേരളത്തിലെ ക്രിസ്തീയസമൂഹത്തിന്‍റെ ചരിത്രം

ഇ.വി. ജോസഫ് ഇഞ്ചിപ്പറമ്പില്‍, തൃപ്പൂണിത്തുറ

ക്രിസ്തുവര്‍ഷം ഒന്നാം നൂറ്റാണ്ടില്‍തന്നെ ഇവിടെ തുടക്കം കുറിച്ചു വളര്‍ന്ന ക്രൈസ്തവസമൂഹം നല്കിയിട്ടുള്ള സംഭാവനകളെപ്പറ്റിയുള്ള ഡോ. പയസ് മലേക്കണ്ടത്തിലച്ചന്‍റെ ഒരു വിലയിരുത്തല്‍ 2018 മെയ് 3-9-ലെ സത്യദീപത്തില്‍ നാം വായിക്കുകയുണ്ടായി.

വി. തോമാശ്ലീഹാ കേരളത്തില്‍ വന്നു എന്നതിന്‍റെ സാദ്ധ്യതകളെപ്പറ്റി പരിഗണിക്കുന്നതിന്‍റെ ഭാഗമായി, ക്രിസ്തുവര്‍ ഷത്തിന്‍റെ ആദിമ നൂറ്റാണ്ടുകളിലെന്നോ എഴുതപ്പെട്ട "ജൂദാസ് തോമ്മായുടെ നടപടികള്‍" എന്ന പുസ്തകത്തില്‍ പറഞ്ഞിട്ടുള്ള ചില കാര്യങ്ങളെപ്പറ്റി സൂചിപ്പിച്ചിരിക്കുന്നു. അതുപോലെതന്നെ ഏ.ഡി. 325-ലെ വിഖ്യാതമായ നിഖ്യാ സൂനഹദോസില്‍ പങ്കെടുത്തവരില്‍ ഇന്ത്യയില്‍ നിന്നുള്ള യോഹന്നാന്‍ എന്ന മെത്രാന്‍ ഉണ്ടായിരുന്നതിനെപ്പറ്റിയും തോമാശ്ലീഹാ ഇന്ത്യയില്‍ സുവിശേഷം പ്രസംഗിച്ചതായുള്ള വി. ജെറോമിന്‍റെ പ്രസ്താവനയെപ്പറ്റിയും പറയുന്നുണ്ട്.

ഈ കാലഘട്ടങ്ങളിലെ ചരിത്രം വായിക്കുമ്പോള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ഇന്ത്യാരാജ്യത്തെപ്പറ്റി നമുക്ക് ഇന്നുള്ള സങ്കല്പമല്ല പുരാതനകാലത്ത് ഉണ്ടായിരുന്നത്. ക്രിസ്തുവര്‍ഷത്തിന്‍റെ ആരംഭ നൂറ്റാണ്ടുകളിലും അതിനു മുമ്പുള്ള കാലങ്ങളിലും വിശാല സിന്ധു നദീതട പ്രദേശങ്ങളെയാണ് ഇന്ത്യ എന്ന പേര് ഉള്‍ക്കൊണ്ടിരുന്നത്. അതായത് പേര്‍ഷ്യ, അഫ്ഘാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ഗുജറാത്ത്, രാജസ്ഥാന്‍, മഹാരാഷ്ട്രവരെയുള്ള പ്രദേശങ്ങള്‍. ക്രിസ്തുവര്‍ഷം എട്ട്, ഒമ്പത് നൂറ്റാണ്ടുകള്‍ക്കുശേഷമാണ് ഗംഗാ, ബ്രഹ്മപുത്രാ സമതലങ്ങള്‍, ഡക്കാന്‍, പൂര്‍വ, പശ്ചിമ തീരങ്ങള്‍ തുടങ്ങിയവ ഇന്ത്യാ രാജ്യത്തിന്‍റെ ഭാഗങ്ങളായി കണക്കാക്കപ്പെടുന്നത്.

വി. തോമാശ്ലീഹായുടെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തെളിവുകള്‍, കേരളത്തില്‍ത്തന്നെ മണ്ണിനടിയിലും അല്ലാതെയും ഒളിഞ്ഞു കിടപ്പുണ്ട്. ഇവ കണ്ടുപിടിക്കുന്നതിനും വെളിച്ചത്തു കൊണ്ടുവരുന്നതിനും വേണ്ട ചരിത്രഗവേഷണങ്ങള്‍ നമ്മള്‍ ഇതുവരെ നടത്തിയിട്ടില്ല. സീറോ മലബാര്‍ സഭയുടെ വകയായി ഒരു ചരിത്രാന്വേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കേണ്ടതുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org