ആര്‍ച്ചുബിഷപ് മാര്‍ കാട്ടുമനയെ അനുസ്മരിക്കുമ്പോള്‍

ഫാ. ആന്‍റോ ചേരാംതുരുത്തി
വടവാതൂര്‍ സെമിനാരി

ഏപ്രില്‍ 22-ലെ സത്യദീപത്തില്‍ സീറോ മലബാര്‍ സഭയുടെ പൊന്തിഫിക്കല്‍ ഡെലഗേറ്റായിരുന്ന മാര്‍ എബ്രാഹം കാട്ടുമനയുടെ 25-ാ0 ചരമ വാര്‍ഷികത്തോടനുബന്ധിച്ച് അഭിവന്ദ്യ മാര്‍ ഗ്രേഷ്യന്‍ മുണ്ടാടന്‍ പിതാവ് എഴുതിയ അനുസ്മരണക്കുറിപ്പു വായിച്ചു. കാട്ടുമന പിതാവിന്‍റെ സെക്രട്ടറിയായി സേവനം ചെയ്യാന്‍ ഭാഗ്യം ലഭിച്ച എന്നെ സംബന്ധിച്ചിടത്തോളം പിതാവിനെക്കുറിച്ചുള്ള അനുസ്മരണം ഏറെ വിശിഷ്ടവും കാലിക പ്രസക്തവുമായി തോന്നി.

1991-ല്‍ കാട്ടുമന പിതാവ് ആര്‍ച്ചുബിഷപ്പായി അഭിഷിക്തനായത് എറണാകുളം കത്തീഡ്രല്‍ ബസിലിക്കയില്‍ വച്ചാണ്. അന്ന് ബസിലിക്ക അസി. വികാരിയായിരുന്ന ഞാന്‍ ആദ്യമായിട്ടാണ് പിതാവിനെ കാണുന്നതും അദ്ദേഹത്തെ ശ്രവിക്കുന്നതും. പ്രത്യക്ഷത്തില്‍ തന്നെ അദ്ദേഹം ഒരു നല്ല വ്യക്തിത്വത്തിന്‍റെ ഉടമയാണെന്ന് എനിക്കു മനസ്സിലായി. ഒരു വര്‍ഷം കഴിഞ്ഞ് അദ്ദേഹം സീറോ മലബാര്‍ സഭയുടെ പൊന്തിഫിക്കല്‍ ഡെലഗേറ്റായപ്പോള്‍ അദ്ദേഹത്തിന്‍റെ സെക്രട്ടറിയായി എന്നെ നിയമിച്ചു. വലിയ വിസ്മയത്തോടെയാണ് തികച്ചും അപ്രതീക്ഷിതമായ ആ ചുമതല ഞാന്‍ ഏറ്റെടുത്തത്. അന്നു മുതല്‍ പിതാവിന്‍റെ മരണം വരെ അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാന്‍ സാധിച്ചു.

പിതാവിനെക്കുറിച്ചു ചിന്തിക്കുമ്പോള്‍ എന്നെ ആഴത്തില്‍ സ്പര്‍ശിച്ച ചില കാര്യങ്ങള്‍ ഞാന്‍ പങ്കുവയ്ക്കട്ടെ. അദ്ദേഹം കഠിനാധ്വാനിയായ ഒരു സഭാസ്നേഹിയായിരുന്നു. ഇത്ര മാത്രം ജോലി ചെയ്യുന്ന ഒരു പിതാവിനെ ഞാന്‍ കണ്ടിട്ടില്ല. രാപകല്‍ വിശ്രമമില്ലാതെ അദ്ദേഹം തന്‍റെ കര്‍ത്തവ്യങ്ങള്‍ നിറവേറ്റി. അദ്ദേഹത്തോടൊപ്പം അന്നു കൂടെ പ്രവര്‍ത്തിച്ച ഞാനും ഫാ. ജോസ് പൊരുന്നേടം (ഇപ്പോഴത്തെ മാനന്തവാടി രൂപതാ മെത്രാന്‍) ഫാ. മാത്യു മഠത്തിക്കുന്നേല്‍ എന്നിവര്‍ ഉച്ചഭക്ഷണത്തിനു ശേഷം അല്‍പം വിശ്രമിക്കാന്‍ പോകുമായിരുന്നു. എന്നാല്‍ കാട്ടുമന പിതാവ് ഭക്ഷണം കഴിഞ്ഞും ഓഫീസിലേക്കാണു വന്നിരുന്നത്. സഭയുടെ മേജര്‍ ആര്‍ക്കി എപ്പിസ് കോപ്പല്‍ കൂരിയ സംവിധാനങ്ങള്‍ ഒരുക്കുന്നതിലുള്ള തീക്ഷ്ണമായ ആഗ്രഹമായിരുന്നു അതിനു പിന്നില്‍. സഭയില്‍ ഓരോ സിനഡ് വരുമ്പോഴും അതിനു മാസങ്ങള്‍ക്കു മുന്‍പേ ഫയലുകളും കത്തിടപാടുകളും മറ്റും അദ്ദേഹം പൂര്‍ത്തീകരിച്ചിരുന്നു. എന്‍റെ പൗരോഹിത്യജീവിതത്തില്‍ കഠിനമായി അധ്വാനിക്കാനും മറ്റുള്ളവര്‍ക്ക് ശുശ്രൂഷ ചെയ്യാനുമുള്ള പ്രചോദനം കൂടുതലായി ലഭിച്ചത് ഈ കാലഘട്ടത്തിലായിരുന്നുവെന്ന് ഞാന്‍ വിശ്വസിക്കുകയാണ്.

ചെറിയ കാര്യങ്ങളില്‍ അദ്ദേഹം പുലര്‍ത്തിയിരുന്ന അതീവ സൂക്ഷ്മത അദ്ദേഹത്തിന്‍റെ പ്രധാന സവിശേഷതയായിരുന്നു. ചെറിയ കാര്യമായാലും വലുതായാലും അത് അതിന്‍റെ ഗൗരവത്തില്‍ എടുത്ത്, ഫയലുകള്‍ നോക്കിയും മറുപടി അയച്ചും പോകുന്ന ഒരു ക്രമം കണ്ടിട്ടുണ്ട്. കത്തുകളിലും ഡ്രാഫ്റ്റുകളിലും ചെറിയ പിശകുകള്‍ കണ്ടാല്‍ പോലും അതു വീണ്ടും വീണ്ടും തിരുത്തി കൃത്യതയോടെ പൂര്‍ത്തിയാക്കാനുള്ള പാടവം അദ്ദേഹത്തിന് ഉണ്ടായിരുന്നു.

പിന്നീട് 'സേവ് എ ഫാമിലി' പ്ലാനിന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടറായി ഞാന്‍ നിയമിതനായപ്പോള്‍ മാര്‍ കാട്ടുമന പിതാവില്‍നിന്ന് കണ്ടു പഠിച്ച ഈ ശീലം എനിക്ക് വലിയ അനുഗ്രഹമായിത്തീര്‍ന്നു.

കാട്ടുമന പിതാവ് ഒരു ഗൗരവ പ്രകൃതക്കാരനായിരുന്നു എന്ന് ഒരുപക്ഷേ തോന്നിയേക്കാം. എന്നാല്‍ അദ്ദേഹം ശുദ്ധഗതിക്കാരനായ ഒരു മനുഷ്യനായിരുന്നു. അടുപ്പമുള്ളവരോട് എത്രനേരം ഉള്ളുതുറന്ന് സംസാരിക്കുന്നതിനും അദ്ദേഹത്തിന് മടുപ്പ് ഉണ്ടായിരുന്നില്ല. അദ്ദേഹത്തെക്കുറിച്ച് ചില അപവാദങ്ങളെല്ലാം ലഘു ലേഖകളിലൂടെ പ്രചരിച്ചിരുന്ന കാലഘട്ടത്തില്‍ ആ ലഘുലേഖകള്‍ അദ്ദേഹം വായിക്കാതിരിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അതൊക്കെ അദ്ദേഹം വായിക്കുകയും ഒന്നും അറിയാത്തവനെപ്പോലെ പെരുമാറുകയും ചെയ്യുന്നത് കണ്ടിട്ടുണ്ട്.

കേരളത്തില്‍ അങ്ങോളമിങ്ങോളം അദ്ദേഹത്തിന് ധാരാളം അല്മായ -വൈദിക സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. അല്മായ സുഹൃത്തുക്കളുടെ വീടുകളില്‍ പോകാനും മറ്റും അദ്ദേഹം താത്പര്യം കാണിച്ചിരുന്നു. ആ വിധത്തില്‍ വലിയ സൗഹൃദവലയം അദ്ദേഹത്തിന് ഉണ്ടായിരുന്നു. തനിക്കെതിരെ അപവാദ പ്രചരണങ്ങള്‍ ഉണ്ടായപ്പോഴും മറ്റു പ്രയാസങ്ങള്‍ നേരിട്ടപ്പോഴും സഭയുടെ നന്മയ്ക്കായി ദൈവത്തില്‍ ആശ്രയിച്ച് അതെല്ലാം അദ്ദേഹം തരണം ചെയ്തു. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സംവിധാനം ഒരുക്കാനുള്ള വലിയ ദൗത്യം ഏറ്റെടുക്കുമ്പോള്‍ എല്ലാം 'സീറോ'യില്‍ നിന്നാണ് അദ്ദേഹത്തിന് ആരംഭിക്കേണ്ടി വന്നത്. അതത്ര എളുപ്പമുള്ള കാര്യമല്ലല്ലോ. വിദേശത്തായിരുന്ന കാട്ടുമന പിതാവിനെ സംബന്ധിച്ചിടത്തോളം ഇവിടത്തെ കാര്യങ്ങളില്‍ അത്ര ഗ്രാഹ്യം ഉണ്ടാകണമെന്നില്ല. എന്നാല്‍ പിതാവിന് ഇവിടത്തെ കാര്യങ്ങളെക്കുറിച്ച് വ്യക്തവും കൃത്യവുമായ ധാരണകള്‍ ഉണ്ടായിരുന്നു. ചുരുങ്ങിയ മൂന്നു വര്‍ഷക്കാലം കൊണ്ട് തനിക്ക് ചെയ്യാവുന്നത് പരമാവധി ചെയ്തു തീര്‍ത്ത പിതാവ് സീറോ മലബാര്‍ സഭയ്ക്ക് നല്‍കിയ സംഭാവന അമൂല്യമാണ്. എന്നാല്‍ അദ്ദേഹത്തിന്‍റെ സംഭാവനകളെ കുറിച്ച് പലരും അറിയാതെ പോയിട്ടുണ്ടോ എന്ന് സംശയിക്കണം. പലപ്പോഴും അത് കാര്യമായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. അത് കൊട്ടിഘോഷിക്കാന്‍ അദ്ദേഹം മെനക്കെട്ടുമില്ല.

സഭയെക്കുറിച്ചും സമൂഹത്തെക്കുറിച്ചും ഉറച്ച നിലപാടുകളുള്ള വ്യക്തിയായിരുന്നു കാട്ടുമന പിതാവ്. സമയവും സന്ദര്‍ഭവും അനുസരിച്ച് തന്‍റെ നിലപാടുകളില്‍ നിന്ന് അദ്ദേഹം വ്യതിചലിച്ചിട്ടില്ല. എടുത്ത തീരുമാനങ്ങള്‍ക്കുവേണ്ടി നിലകൊള്ളാനും ഇച്ഛാശക്തിയോടെ പ്രവര്‍ത്തിക്കാനും അദ്ദേഹം ശ്രമിച്ചു.

10 വര്‍ഷം കൊണ്ട് ചെയ്തു തീര്‍ക്കാവുന്ന കാര്യങ്ങള്‍ ചുരുങ്ങിയ കാലം കൊണ്ട് അദ്ദേഹം പൂര്‍ത്തീകരിച്ചു. സീറോ മലബാര്‍ സഭയുടെ ആസ്ഥാനത്തിനു വേണ്ടി സ്ഥലം വാങ്ങാന്‍ ഉള്ള ഏര്‍പ്പാടുകള്‍ ചെയ്ത ശേഷമാണ് കാട്ടുമന പിതാവ് നിത്യതയിലേക്ക് വിളിക്കപ്പെട്ടത്. ആ സ്ഥലം വാങ്ങിയതിന്‍റെ പേരില്‍ പല കോണുകളില്‍ നിന്നും അദ്ദേഹത്തിന് എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു. മോശം പരാമര്‍ശങ്ങള്‍ കേട്ടു. പക്ഷേ ഇന്ന് ആ സ്ഥലം സഭയ്ക്ക് ഏറ്റവും വലിയ അനുഗ്രഹവും മുതല്‍ക്കൂട്ടുമായി നിലകൊള്ളുന്നു. ഇത്തരത്തില്‍ വലിയ ദീര്‍ഘവീക്ഷണത്തോടെയാണ് പിതാവ് ആ വിഷയത്തില്‍ ഇടപെട്ടത്.

എറണാകുളം സെന്‍റ് മേരീസ് ബസിലിക്കയില്‍ അഭിവന്ദ്യ പിതാക്കന്മാരുടെ അഭിഷേക കര്‍മ്മങ്ങളിലും കബറടക്ക ശുശ്രൂഷകളിലും പങ്കെടുക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ അതില്‍ അഭിവന്ദ്യ കാട്ടുമന പിതാവിന്‍റെ കബറടക്ക ശുശ്രൂഷ എടുത്തുപറയേണ്ടതാണെന്ന് തോന്നുന്നു. അത്രയേറെ ജനങ്ങള്‍ വന്നു പോയ ഒരു കബറടക്കം ഞാന്‍ കണ്ടിട്ടില്ല. കേരളത്തിനകത്തും പുറത്തുമുള്ള എല്ലാ രൂപതകളില്‍ നിന്നും അല്മായരും സന്യസ്തരും വൈദികരും ഒഴുകിയെത്തിയ ഒന്നായിരുന്നു ആ മൃതസംസ്കാരം. മാര്‍ കാട്ടുമന പിതാവ് ഈ സഭയ്ക്ക് നല്‍കിയ വലിയ സേവനത്തിന്‍റെ പ്രതിനന്ദിയായിരുന്നു ആ ജനക്കൂട്ടം എന്നു ഞാന്‍ കരുതുന്നു. ആ ശുശ്രൂഷയും സേവനവും ദൈവത്തിനു മുന്നില്‍ എന്നും വിലപ്പെട്ടതായിരിക്കും. അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യശാന്തി നേരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org