ലൈംഗികതയും ധാര്‍മ്മികതയും!

ഫാ. ആന്‍റണി ഇലവുംകുടി, എടക്കുന്ന്

സത്യദീപ (2019 മേയ് 8) ത്തില്‍ അധികവും പ്രണയത്തെക്കുറിച്ചാണു പ്രതിപാദിച്ചിരിക്കുന്നത്. പ്രണയനൈരാശ്യവും പ്രണയപ്പകയും ലേഖനങ്ങളിലൂടെ വിവരിച്ചിട്ടുണ്ട്. എന്തുകൊണ്ട് ഈ സന്മാര്‍ഗാധഃപതനം എന്നു ചിന്തിച്ചുപോവുകയാണ്.

ആണും പെണ്ണും വിവാഹാന്തസ്സില്‍ പ്രവേശിക്കാന്‍ നിയുക്തരത്രേ. "മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല" (ഉത്പ. 2:18) എന്ന വേദപുസ്തകവാക്യം വിവാഹത്തെയാണു ചൂണ്ടിക്കാണിക്കുന്നത്. ജീവിതത്തിന്‍റെ പൂര്‍ണതയിലേക്കു മനുഷ്യന്‍ ചെന്നെത്തുക. വിവാഹം കഴിച്ചു കുടുംബത്തിന് അടിസ്ഥാനമിടുമ്പോഴാണ്.

മേല്പറഞ്ഞ വൈവാഹിക പരിപാവനതയ്ക്കു നാശമേല്പിക്കുന്ന ലൈംഗിക പാളിച്ചകള്‍. വിവാഹപ്രായത്തിലെത്തുന്ന പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഇക്കാലത്തു വിവാഹത്തിന് ഒരുക്കമായി വിവാഹ ഒരുക്ക ക്ലാസ്സുകള്‍ നടത്തപ്പെടുന്നുണ്ട്. ഉത്തമമായ വിവാഹജീവിതം നയിക്കുവാന്‍ ഈ പരിശീലന ക്ലാസ്സുകള്‍ സഹായകരംതന്നെ. എന്നാല്‍ അതിനുമുമ്പു ലൈംഗികജീവിതത്തില്‍ പാളിച്ചകള്‍ സംഭവിക്കുന്നുണ്ട്. അക്കാര്യമാണു സത്യത്തില്‍ വായനക്കാരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരിക്കുന്നത്.

യുവതീയുവാക്കന്മാര്‍ക്കു ലൈംഗിക അറിവു നല്കുക ആവശ്യമാണ്. കൗമാരപ്രായം മുതല്‍ അതു കൊടുക്കുമാറാകണം. വേദപാഠ ക്ലാസ്സുകളില്‍ അതാകാം. എന്നാല്‍ വിവേചനം പാലിക്കപ്പെടേണ്ടതുണ്ട്. ലൈംഗികകാര്യങ്ങളെക്കുറിച്ചു വിശദമായി പഠനം നല്കേണ്ടതാണ്. അതില്‍ ആപശ്ചങ്ക ഒഴിവാക്കാന്‍ ആണ്‍ കുട്ടികളെയും പെണ്‍കുട്ടികളെയും വേര്‍തിരിച്ചു പഠനം നല്കേണ്ടതാണ്. ഞാന്‍ അപ്രകാരം ചെയ്തിരുന്നു. ആണ്‍കുട്ടികള്‍ക്കു ക്ലാസ്സെടുക്കാന്‍ അദ്ധ്യാപകരെയും പെണ്‍കുട്ടികള്‍ക്കായി അദ്ധ്യാപികമാരെയും നിയോഗിച്ചിരുന്നു.

വിവാഹം സ്വീകാര്യമാണെന്നും അഭികാമ്യമാണെന്നും ബോദ്ധ്യപ്പെടുത്തേണ്ട ആവശ്യമില്ല. എന്നാല്‍ വിവാഹജീവിതത്തിലൂടെ സംഭവിക്കേണ്ടവ വിവാഹത്തിനു പുറമേ സംഭവിക്കുകയാണെങ്കില്‍ അതു നിഷിദ്ധവും ഹീനവുമാണ്. വ്യഭിചാരകൃത്യവും അതില്‍പ്പെടുന്ന എല്ലാ വകഭേദങ്ങളും വര്‍ജ്ജിക്കണമെന്നു ദൈവം കല്പിക്കു ന്നു. പഴയ നിയമത്തില്‍പ്പെട്ട 'ലേവ്യര്‍' ഗ്രന്ഥത്തില്‍ അതു കാണാം. അദ്ധ്യായം 18-ല്‍ ആറാം പ്രമാണെത്തെക്കുറിച്ചും അദ്ധ്യായം 20-ല്‍ ജീവിതവിശുദ്ധി ലംഘിക്കുന്നവര്‍ അനുഭവിക്കേണ്ടി വരുന്ന ശിക്ഷകളെക്കുറി ച്ചു വിശദമായി പറഞ്ഞിട്ടുണ്ട്. എല്ലാത്തരത്തിലുമുള്ള വ്യഭിചാരകൃത്യങ്ങള്‍ക്കും വധശിക്ഷയാണു നിശ്ചയിച്ചിരിക്കുന്നത്.

ആംഗ്ലേയ കവിയായ മില്‍ട്ടണ്‍ ശുദ്ധത പാലിക്കുന്നവന്‍റെ ആത്മാവിനു സംസിദ്ധമാകുന്ന അനുഗ്രഹങ്ങളെ വര്‍ണിക്കുന്നതു നോക്കുക. ആയിരമായിരം മാലാഖമാര്‍ അവളെ പരിചരിക്കുന്നു. അത്രയും സ്വര്‍ഗത്തിനു പ്രിയങ്കരമാണ്. പാവനമായ ശുദ്ധത പാപമായതെല്ലാം മാലാഖമാര്‍ വിദൂരത്തിലേക്കു പായിക്കുന്നു. സ്വപ്നത്തിലും ദര്‍ശനത്തിലും സ്വര്‍ഗീമായ കാഴ്ചകള്‍ കാണുന്നു. തദ്ഫലമായി സ്വര്‍ഗീയപ്രകാശം ആത്മാവിനെ ആവരണം ചെയ്യുന്നുണ്ട്. അത് ആത്മാവിലേക്കു ചുഴിഞ്ഞിറങ്ങി അവസാനം എല്ലാം ശുഭമായി പരിണമിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org