ബഹു. സിസ്റ്റേഴ്സ്; യേശുവിന്‍റെ മണവാട്ടികള്‍?

ഫാ. ഡി. ജെയിംസ് കുളത്തുങ്കല്‍ OFM. Cap., ചങ്ങനാശ്ശേരി

ചില അവസരങ്ങളില്‍ ചില പുരോഹിതന്മാരും ചില പ്രസംഗകരും നമ്മുടെ സഭയിലെ സന്യാസിനികളെ യേശുക്രിസ്തുവിന്‍റെ മണവാട്ടികള്‍ എന്നു സംബോധന ചെയ്തു പ്രസംഗിക്കുന്നതു പലരുടെയും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

ബ്രഹ്മചാരിയും ദാരിദ്ര്യത്തില്‍ ജീവിച്ചവനും പിതാവിന്‍റെ ഇഷ്ടം എല്ലായ്പ്പോഴും അനുസരിച്ചു ജീവിച്ചവനുമായ ഈശോയെ അനുകരിച്ച്, നന്മ ചെയ്തു പരിപൂര്‍ണത പ്രാപിച്ച് സ്വര്‍ഗസൗഭാഗ്യം കരസ്ഥമാക്കുക എന്നതാണു സമര്‍പ്പിതരുടെ ജീവിതവിളി. രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ സന്ന്യാസജീവിതനവീകരണത്തെ സംബന്ധിച്ച ഡിക്രിയില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു "തിരുസഭയുടെ ആരംഭം മുതലേ ഉണ്ടായിരുന്ന സ്ത്രീപുരുഷന്മാര്‍ സ്വന്തമായ രീതിയില്‍ ദൈവത്തിനു സമര്‍പ്പിച്ചുകൊണ്ട് ഒരു ജീവിതം നയിച്ചിരുന്നു. പരിശുദ്ധാരൂപിയുടെ പ്രചോദനമനുസരിച്ച്, ചിലര്‍ ഏകാന്തജീവിതം നയിച്ചു; ചിലര്‍ സന്യാസസമൂഹങ്ങള്‍ക്കു രൂപം കൊടുത്തു. ഈ സന്യാസസമൂഹങ്ങളെ തിരുസഭ സന്തോഷപൂര്‍വം സ്വീകരിക്കുകയും ആധികാരികമായി അംഗീകരിക്കുകയും ചെയ്തു. അവയുടെ വൈവിദ്ധ്യം വിസ്മയജനകമാണ്. ഇവ എല്ലാവിധ സത്പ്രവൃത്തികള്‍ക്കു തിരുസഭയെ പ്രാപ്തയാക്കുകയും മൗതികശരീരത്തെ പടുത്തുയര്‍ത്തുകയെന്ന മഹനീയകൃത്യത്തിന് അവളെ സന്നദ്ധയാക്കുകയുമുണ്ടായി." സന്യാസ ജീവിതനവീകരണത്തെ സംബന്ധിക്കുന്ന ഡിക്രി (നമ്പര്‍ 1, പാര. 2).

പരിപൂര്‍ണത പ്രാപിക്കാനുള്ള ഒരു പ്രത്യേക ദൈവവിളിയാണു സന്യാസജീവിതത്തിലേക്കുള്ള വിളി. നന്മ ചെയ്തു ജീവിക്കണം, കോടാനുകോടി ആത്മാക്കളെ ദൈവത്തിനുവേണ്ടി നേടണം എന്ന തീക്ഷ്ണതയുള്ള യുവാക്കന്മാരും യുവതികളുമാണു സന്യാസാശ്രമങ്ങളിലും സന്യാസിനികളുടെ മഠങ്ങളിലും പ്രവേശിക്കുക. അവരുടെയെല്ലാവരുടെയും ഗുരുവും നാഥനുമാണ് ഈശോ. സന്യാസിനികള്‍ ഈശോയുടെ മണവാട്ടികളോ സന്യാസികള്‍ ഈശോയുടെ അടുത്ത ബന്ധുക്കളോ ആകുന്നില്ല.

കാനന്‍നിയമത്തിലെ (The Code of Canon Law) രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ ഡിക്രികളിലോ കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തിലോ ഒരിടത്തും സന്യാസിനികളെ ഈശോയുടെ മണവാട്ടികള്‍ എന്നു വിളിക്കുന്നില്ല. അതുകൊണ്ടു കത്തോലിക്കാസഭയിലെ ബഹുമാനപ്പെട്ട സിസ്റ്റേഴ്സിനെ യേശുക്രിസ്തുവിന്‍റെ മണവാട്ടികള്‍ എന്നു വിളിക്കുന്നതു ശരിയല്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org