ആത്മീയതയിലെ അപകടങ്ങള്‍ക്ക് തടയിടാനാകും

ഫാ. ഡേവീസ് കാച്ചപ്പിള്ളി, കടലുണ്ടി

മാര്‍ച്ച് 21-ലെ സത്യദീപത്തില്‍ "ആത്മീയതയിലെ അപകടങ്ങള്‍" എന്ന ലേഖനം സഭാധികാരികളുടെയും വചനപ്രഘോഷകരുടെയും പ്രത്യേക ശ്രദ്ധയ്ക്കു വിഷയീഭവിക്കേണ്ടതാണ്. അന്ധവിശ്വാസങ്ങള്‍ തുടങ്ങി, ധ്യാനഭവനങ്ങളിലൂടെ വളരുന്ന തെറ്റിദ്ധാരണകള്‍ വരെ പലതും യഥാര്‍ത്ഥ വിശ്വാസവളര്‍ച്ചയ്ക്കു തടസ്സമാണെന്ന ലേഖകന്‍റെ പ്രസ്താവന ശരിയാണ്, ഇതിനു തടയിടാനുള്ള ഉത്തമമായ മാര്‍ഗം 1992-ലെ കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തില്‍ അനുശാസിക്കുന്നുണ്ട്. അതാണു "വ്യക്തിഗത നിരന്തര പ്രാര്‍ത്ഥനാജിവിതം" എന്ന അതിശ്രേഷ്ഠമായ പ്രബോധനം (CCC 274245). ഇതു വിശ്വാസികളെ പഠിപ്പിക്കുകയാണെങ്കില്‍ അലച്ചിലില്ലാതെയും അപചയങ്ങളില്ലാതെയും പാപം ചെയ്യാനിടയാകാതെയും യഥാര്‍ത്ഥ വിശ്വാസത്തിലും വിശ്വാസത്തിന്‍റെ പ്രവൃത്തികളിലും ജീവിതം സമാധാനപൂര്‍ണവും സന്തോഷകരവും ആക്കിത്തീര്‍ക്കാനാകും എന്ന് ഈ പ്രബോധനം തറപ്പിച്ചു പ്രസ്താവിക്കുന്നുണ്ട് (നമ്പര്‍ 2743-44). ഇതു വിശ്വാസികളെ പഠിപ്പിച്ചാല്‍ സഭയിലെ കച്ചവട മനഃസ്ഥിതിയോടെയുള്ള ആചാരങ്ങള്‍ക്കും പ്രബോധനങ്ങള്‍ക്കും ആള്‍ക്കൂട്ടത്തെ കിട്ടുകയില്ല എന്നതു കൊണ്ടാകാം 25 വര്‍ഷം മുമ്പ് ഇറക്കിയ ഈ പ്രബോധനം ഇന്നും വിശ്വാസികള്‍ക്കിടയില്‍ പ്രചരിക്കാതിരിക്കുന്നത്. ഇതിന്‍റെ തിക്തഫലങ്ങളാണു സഭയിലിന്ന് അടിമുടി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന നാനാവിധ തിന്മകള്‍ എന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org