വി. ചാവറയുടെ ആത്മീയവ്യക്തിത്വം അന്യമോ സ്വന്തമോ?

ഫാ. ഡേവീസ് കാച്ചപ്പിള്ളി സിഎംഐ

ജനുവരി 15-ലെ സത്യദീപത്തില്‍ സിഎംഐ ജനറാളച്ചന്‍ വി. ചാവറയച്ചനെക്കുറിച്ചെഴുതിയ ലേഖനം ആവര്‍ത്തിച്ചു വായിച്ചു. ചാവറയച്ചനെ ദൈവത്തിന്‍റെ മനുഷ്യന്‍ എന്നു ജനം വിളിച്ചിരുന്നു. കാരണം, അദ്ദേഹത്തിന്‍റെ ശക്തമായ ദൈവബന്ധമായിരുന്നു. നിരന്തരമായ വ്യക്തിഗതപ്രാര്‍ത്ഥനയിലൂടെ നിരന്തരം ദൈവത്തോടു ബന്ധപ്പെട്ടാണ് അദ്ദേഹം ജീവിച്ചിരുന്നത്. അദ്ദേഹം തുടങ്ങിവച്ച പ്രവര്‍ത്തനങ്ങളേക്കാള്‍ ഈ നിരന്തര ദൈവബന്ധം തുടരാനാണ് അദ്ദേഹം തന്‍റെ മക്കളോട് ഉപദേശിച്ചത്. അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇപ്രകാരം: Above all, learn the art of loving Jesus Christ. Stay constantly in his presence, Walk along with Him. Converse with Him continuously" (letter No. 1870). ഈ ദൈവബന്ധമാണദ്ദേഹത്തെ ദൈവത്തിന്‍റെ മനുഷ്യനെന്നു ജനം വിശേഷിപ്പിക്കാന്‍ കാരണമാക്കിയത്. അതുതന്നെയായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതവിശുദ്ധിയുടെയും സന്ന്യാസവ്യക്തിത്വത്തിന്‍റെയും അടിസ്ഥാനം. അതുകൊണ്ട്, മരണസമയത്ത് അദ്ദേഹം ഇപ്രകാരം ആത്മഗതം ചെയ്തു: "മാമ്മോദീസയില്‍ ലഭിച്ച പ്രസാദവരം നഷ്ടമാക്കാന്‍ ഇടയായിട്ടില്ല എന്നതില്‍ ദൈവത്തിനു സ്തുതി."

ദൈവത്തെ പ്രസാദിപ്പിക്കാനുള്ള സര്‍വപ്രധാന മാര്‍ഗം പ്രാര്‍ത്ഥനാജീവിതമാണ്. സദാ പ്രാര്‍ത്ഥിച്ചു ദൈവത്തെ പ്രസാദിപ്പിച്ചു തിന്മകളില്‍ നിന്നകലാന്‍ ജാഗ്രത പുലര്‍ത്തണം എന്നതാണല്ലോ ജീവിതവിശുദ്ധിക്കുള്ള യേശുവിന്‍റെ സുപ്രധാന കല്പന (ലൂക്കാ 21:34-35). അത്തരമൊരു ജീവിതത്തിന്‍റെ ഉടമയായിരുന്നു വി. ചാവറയച്ചന്‍. വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ട തിരുസഭയുടെ മക്കള്‍ വിശുദ്ധി പ്രാപിക്കാനായി വ്യക്തിപരമായി നിരന്തരം ദൈവത്തോടു ബന്ധപ്പെട്ടു ജീവിക്കണം എന്ന് ഉപദേശിച്ചുകൊണ്ടാണ് 1992-ലെ മതബോധനഗ്രന്ഥം വ്യക്തിപരമായ നിരന്തര പ്രാര്‍ത്ഥനാജീവിതശൈലി അഭ്യസിക്കണമെന്നു cccc 2742-45- ലൂടെ അനുശാസിച്ചിരിക്കുന്നത്. അനേകം നന്മപ്രവൃത്തികള്‍, വി. ചാവറയുടെ പിന്‍ഗാമികളെന്ന പേരില്‍ ചെയ്യുന്നു എന്ന്അഭിമാനിക്കുന്ന സന്ന്യാസികള്‍ക്ക് ഈ പ്രബോധനവും ക്രിസ്തുവിന്‍റെ കല്പനയും വി. ചാവറയച്ചന്‍റെ നിരന്തരമായ പ്രാര്‍ത്ഥനാജീവിതത്തെക്കുറിച്ചുള്ള ഉപദേശവും പഠിക്കാനായോ അഭ്യസിക്കാനായോ എന്നാണു സര്‍വപ്രധാനമായി അദ്ദേഹത്തിന്‍റെ മരണത്തിന്‍റെ 150-ാം വാര്‍ഷികത്തില്‍ ചിന്തിച്ചു പ്രവര്‍ത്തിക്കേണ്ടത് എന്നു പ്രസ്താവിക്കട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org