എന്തുകൊണ്ടിങ്ങനെയൊക്കെ സംഭവിക്കുന്നു?

Published on

ഫാ. ഡേവീസ് കാച്ചപ്പിള്ളി

മേയ് 15-ലെ സത്യദീപത്തില്‍ 'മാതൃദിന'ത്തെക്കുറിച്ച് എഴുതിയ എഡിറ്റോറിയലില്‍ കണ്ട ചോദ്യമാണു മുകളിലെഴുതിയത്. പ്രതിസ്ഥാനത്ത് എഡിറ്റോറിയല്‍ ചൂണ്ടിക്കാട്ടിയത് വഴിവിട്ട ബന്ധങ്ങളും താളം തെറ്റിയ മനസ്സുകളും; ശരിതന്നെ. അവയ്ക്കു കാരണക്കാരന്‍ ആരാണെന്നു തോമസ് മാളിയേക്കലിന്‍റെ പത്രാധിപര്‍ക്കുള്ള കത്തില്‍ കാണാനാകും: "ഹൃദയം കൂരിരുട്ടിലാക്കിയ ഹൃദയത്തിലെ ചെകുത്താന്‍." ചെകുത്താനെ പ്രതിരോധിക്കുകയാണു നന്മയുടെ വഴിയിലൂടെ നടക്കാനും ഹൃദയത്തിലെ അന്ധകാരം അകറ്റാനുമുള്ള ഏക മാര്‍ഗം. രണ്ടായിരം വര്‍ഷം മുമ്പു മനുഷ്യരക്ഷകന്‍ കല്പിച്ചരുളിയ ഉത്തമമായ മാര്‍ഗമാണിത്: "മനുഷ്യബലഹീനതകളെ കരുവാക്കി മനുഷ്യമനസ്സുകളെ ദുര്‍ബലമാക്കി, മനുഷ്യനെ തിന്മകളിലേക്കു നയിക്കുന്ന സാത്താനെതിരെ "സദാ പ്രാര്‍ത്ഥിച്ചു ജാഗരൂകരാകുക" (ലൂക്കാ 21:34-36). ഇതിന്‍റെ പ്രായോഗിക പരിശീലനമാണു കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥം അനുശാസിക്കുന്ന 'വ്യക്തിഗത നിരന്തര പ്രാര്‍ത്ഥനാജീവിത പ്രബോധനം" (ccc 274245). എല്ലാ പ്രശ്നങ്ങള്‍ക്കും എല്ലാവരുടെ പ്രശ്നങ്ങള്‍ക്കും പ്രതിവിധിയും പ്രതിരോധവുമാണു നിരന്തരമായ ഈ പ്രാര്‍ത്ഥനാശൈലി. "നിരന്തരം പ്രാര്‍ത്ഥിക്കുന്നവന്‍ പാപത്തില്‍ പതിക്കുക അസാദ്ധ്യമാണ്" എന്ന് ഈ പ്രബോധനം അടിവരയിടുന്നു. ഈ പ്രബോധനം പ്രസിദ്ധീകരിച്ചിട്ട് 26 വര്‍ഷം പിന്നിട്ടിട്ടും ഇന്നും സഭയ്ക്കിത് അജ്ഞാതമാണ്. ഫലമോ? അടിമുടി സാത്താന്‍റെ കളിവിളയാട്ടം.

സത്യദീപവും സഭാശ്രേഷ്ഠരും സന്ന്യസ്തരും പുരോഹിതരും യേശുവിന്‍റെ കല്പനപ്രകാരം തിരുസ്സഭ അനുശാസിക്കുന്ന "വ്യക്തിഗത നിരന്തര പ്രാര്‍ത്ഥനാ പ്രബോധനം" വിശ്വാസികളെ പഠിപ്പിച്ചുകൊണ്ടു സഭയിലെങ്കിലും സാത്താന്‍റെ കളിവിളയാട്ടത്തിന് അറുതിവരുത്തുമെന്നു പ്രതീക്ഷിക്കുന്നു.

logo
Sathyadeepam Online
www.sathyadeepam.org