“സമാധാനം സ്ഥാപിക്കാനും തര്‍ക്കത്തെ തോല്പിക്കാനും”

ഫാ. ഡേവിസ് കാച്ചപ്പിള്ളി

"സമാധാനം സ്ഥാപിക്കാനും തര്‍ക്കത്തെ തോല്പിക്കാനും"- മേയ് 1-ലെ സത്യദീപത്തില്‍ യേശുക്രിസ്തുവിന്‍റെയും ഫ്രാന്‍സിസ് പാപ്പയുടെയും താഴ്മയുടെ മാതൃകകള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടു ബിഷപ് തോമസ് ചക്യത്ത് എഴുതിയ ലേഖനം സഭ മുഴുവനും സര്‍വോപരി സഭയുടെ നേതൃനിരയിലുള്ളവരും പ്രാവര്‍ത്തികമാക്കേണ്ട ജീവിതശൈലിയാണു വ്യക്തമാക്കുന്നത്. പെസഹാ വ്യാഴാഴ്ചയിലെ കാല്‍കഴുകി ചുംബിക്കല്‍ സഭയിലെ ഉന്നത സ്ഥാനീയരുടെ ബഹുമതിമുദ്രയെന്നതിലുപരി പ്രായോഗികജീവിത ശൈലിയാക്കിയിരുന്നെങ്കില്‍ സഭയ്ക്കുള്ളിലെ എത്രയോ പ്രശ്നങ്ങള്‍ ഇല്ലാതാകുമായിരുന്നു, എത്രയോ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമായിരുന്നു എന്നാണു ഞാന്‍ ചിന്തിച്ചത്. മറ്റുള്ളവരെ കേള്‍ക്കാനുള്ള അവസരങ്ങളെ കുറേക്കൂടി തുറന്ന മനസ്സോടെ സഭാനേതൃത്വം സ്വീകരിക്കുമെങ്കില്‍ തര്‍ക്കങ്ങള്‍ സംഭാഷണങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ പരിഹാരങ്ങള്‍ക്കും വഴിമാറുമെന്നുറപ്പാണ്.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനപ്രകാരം "സ്നാപകന്‍റെ ധീരത ക്രിസ്ത്യാനികള്‍ക്കുണ്ടാകണം." ഈ ധീരത തന്നെയാണ്, താഴ്മയാണ് എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം എന്നു ഗ്രഹിക്കാനും തദനുസാരം പ്രവര്‍ത്തിക്കാനും സഭയിലെ എല്ലാവര്‍ക്കും സാധിക്കണം. തൃശൂരിലെ തലോര്‍ ഉള്‍പ്പെടെ ഒരുപാട് ഇടവകകളിലെ പ്രശ്നങ്ങള്‍ക്കുള്ള യഥാര്‍ത്ഥ പരിഹാരം, താഴ്ന്നുകൊടുക്കലും എളിമപ്പെടലുംതന്നെയാണ്. സത്യദീപത്തിനും ഉണ്ടാകേണ്ടത് സ്നാപകന്‍റെ ധീരതതന്നെയാണ് എന്നതു മറക്കാതിരിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org