സന്യാസസമൂഹങ്ങള്‍ ക്രിസ്തീയ ആദര്‍ശങ്ങളില്‍നിന്ന് അകലെയാണ്

ഫാ. ഡേവീസ് കാച്ചപ്പിള്ളി CMI, കോഴിക്കോട്

ഫെബ്രുവരി 6-ലെ സത്യദീപത്തില്‍ "സന്ന്യാസികള്‍ ആനന്ദത്തിന്‍റെ സാക്ഷികള്‍" എന്ന ലേഖനശീര്‍ഷം ഇന്നത്തെ സന്ന്യാസത്തിന്‍റെ സ്ഥിതിയല്ല, സന്ന്യാസത്തിന്‍റെ ആദിമ ആദര്‍ശരൂപമാണെന്നു പ്രസ്താവിക്കേണ്ടിയിരിക്കുന്നു. പ്രസ്തുത സനാതനആദര്‍ശത്തില്‍ നിന്നും ഇന്നത്തെ സന്യാസസമൂഹങ്ങള്‍ വളരെയേറെ അകന്നിരിക്കുകയാണ്. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ സന്യാസത്തിന്‍റെ നവീകരണലക്ഷ്യമായി ചൂണ്ടിക്കാട്ടിയ "സ്നേഹത്തിന്‍റെ പൂര്‍ണത"യിലേക്കു നവീകരിക്കപ്പെടാന്‍ ഇന്നോളം സന്ന്യാസസമൂഹങ്ങള്‍ക്കു സാധിച്ചിട്ടില്ല എന്നതൊരു ദുഃഖസത്യമാണ്. ഈശോയെ അനുഗമിച്ചുകൊണ്ടും അനുകരിച്ചുകൊണ്ടും സ്നേഹത്തില്‍ നിലനില്ക്കാനോ (യോഹ. 15:9) ഈശോയെ അനുകരിച്ചു സുവിശേഷത്തിനു സാക്ഷ്യം നല്കാനോ സന്ന്യസ്തസമൂഹങ്ങള്‍ വിജയിച്ചിട്ടില്ല.

സന്യാസികളും സന്യാസിനികളും അടിമുടി ശ്രമിച്ചുകൊണ്ടിരിക്കുന്നതു ലൗകികവും ഭൗതികവുമായ നേട്ടങ്ങളിലും പ്രവര്‍ത്തനമേഖലകളിലുമാണ്. ഇതുതന്നെയാണു സന്ന്യസ്തര്‍ക്കെതിരായ വിമര്‍ശനങ്ങളുടെ അടിസ്ഥാനമെന്നു സന്യാസസമൂഹങ്ങള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു.

തന്നോടുകൂടെയായിരിക്കാനും യേശുവിന്‍റെ സുവിശേഷം ജീവിതപ്രമാണമാക്കാനും അതു പ്രഘോഷിക്കാനും സാത്താന്‍റെ പ്രവര്‍ത്തനങ്ങളെ ബഹിഷ്കരിക്കാനും (മര്‍ക്കോ. 3:14-15) സന്ന്യസ്തര്‍, സഭ ശ്രമിക്കേണ്ടിയിരിക്കുന്നു. ഇപ്രകാരമുള്ള നവീകരണ ജീവിതസാക്ഷ്യം എപ്രകാരം പ്രായോഗികമാക്കണമെന്നാണു ccc 2742-45-ല്‍ പ്രസ്താവിച്ചിരിക്കുന്നത്: "വ്യക്തിപരമായ നിരന്തര പ്രാര്‍ത്ഥനാജീവിതം നയിക്കുക."

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org