ചരിത്രവിവരണത്തിന് ഒരു തിരുത്ത്

ഫാ. ജോര്‍ജ് വിതയത്തില്‍

സത്യദീപം (8.5.2019) ചോദ്യോത്തര പംക്തിയിലെ ശ്രീ ജോണ്‍ മനയാനിയുടെ "ദേവാലയ ശുദ്ധീകരണം" എന്ന ചെറുലേഖനത്തില്‍ വിവരിക്കുന്ന "…പുരോഹിതവൃന്ദവും അവരുടെ ദല്ലാളന്മാരും അവയെ ദുഷിപ്പിക്കുന്നു" എന്ന പ്രമേയവും അതിനു സാക്ഷ്യമായി വിവരിക്കുന്ന ചരിത്രസംഭവങ്ങളും തെറ്റിദ്ധാരണാജനകമാകയാല്‍ ഒരു തിരുത്തല്‍ നല്കുവാന്‍ ആഗ്രഹിക്കുന്നു.

പുരോഹിതന്മാരും ദല്ലാളന്മാരും എന്നതുകൊണ്ട് ഇന്നത്തെ പുരോഹിതന്മാരെയും സഹപ്രവര്‍ത്തകരെയുമാണെങ്കില്‍ അതു തികച്ചും സത്യവിരുദ്ധവും മുന്‍വിധിയോടെയുള്ളതുമാണെന്നും വ്യക്തമാണ്. കാരണം യേശുവിന്‍റെ പൗരോഹിത്യം വെറും ആചാര്യപൗരോഹിത്യമല്ല (കള്‍ട്ടിക് പൗരോഹിത്യം) ശുശ്രൂഷാപൗരോഹിത്യമാണ്. യേശുവിന്‍റെ പൗരോഹിത്യത്തില്‍ പങ്കുപറ്റുന്ന ഇന്നത്തെ പുരോഹിതസമൂഹം മനുഷ്യകുലത്തിന് അനുഗ്രഹവും അഭയവുമാണ്; തര്‍ക്കമുണ്ടാകില്ല. അപവാദങ്ങളുണ്ട്. 12 ശ്ലീഹന്മാരില്‍ ഒരു ഒറ്റുകാരനും ഉണ്ടായല്ലോ.

സാവനറോളയെ തൂക്കിലേറ്റി ശരീരം കത്തിച്ചു, മാര്‍ട്ടിന്‍ ലൂഥറെ തൂക്കിലേറ്റാന്‍ ശ്രമിച്ചു എന്നീ പ്രസ്താവനകള്‍ സത്യമല്ല; അര്‍ദ്ധസത്യങ്ങളാണ്. നവോത്ഥാനലഹരി മൂത്തു മാര്‍പാപ്പ വരെ സഭയും രാഷ്ട്രവും ധാര്‍മികമായി അധഃപതിച്ചപ്പോള്‍ സാവനറോള അതിനെ അതിശക്തമായി വിമര്‍ശിച്ചു പ്രസംഗിച്ചു. ഇതില്‍ അപമാനിതമായ രാഷ്ട്രവും കുപിതരായ ജനങ്ങളുംകൂടി ഡൊമിനിക്കന്‍ ആശ്രമം കത്തിച്ചു. സാവനറോളയെ രണ്ടു സഹവൈദികരോടൊപ്പം അഗ്നിക്കിരയാക്കി.

ത്യാഗത്തോടുകൂടിയ സത്പ്രവൃത്തികള്‍ക്കു ദണ്ഡവിമോചനം അനുവദിക്കുക സഭയുടെ ഒരു പാരമ്പര്യഭക്തിയാണ്. മാര്‍പാപ്പ അതിനെ ഒരു വിപണനവസ്തുവാക്കിയെന്ന പ്രസ്താവന ശരിയല്ല. ദണ്ഡവിമോചനം പ്രചരിപ്പിക്കുവാന്‍ നിയോഗിക്കപ്പെട്ടവരാണ് അതിനെ വിപണനവസ്തുവാക്കിയത്. ദണ്ഡവിമോചനശക്തിയെക്കുറിച്ചുള്ള അതിവര്‍ണന മാര്‍ട്ടിന്‍ ലൂഥറെ അസ്വസ്ഥനാക്കി. ജോണ്‍ ടെറ്റ്സല്‍ എന്ന ഒരു ഡൊമിനിക്കന്‍ സന്ന്യാസി ദണ്ഡവിമോചനത്തെക്കുറിച്ചു അതിവര്‍ണന ചെയ്തതു ശ്രവിക്കുവാന്‍ ഇടയായ മാര്‍ട്ടിന്‍ ലൂഥര്‍ അതിനോടു ശക്തമായി പ്രതിഷേധിച്ചു. എതിരായ ഒരു പുതിയ ദൈവശാസ്ത്രംതന്നെ ഉണ്ടാക്കി. അനുരഞ്നത്തിനുള്ള ശ്രമങ്ങള്‍ വിജയിക്കാതെ വന്നപ്പോള്‍ സഭാഭ്രഷ്ടനാക്കി. ഉടന്‍ നാട്ടുരാജാക്കന്മാര്‍ മാര്‍ട്ടിന്‍ ലൂഥറെ തങ്ങളുടെ സംരക്ഷണയിലാക്കി. അവസാനം 'അപ്പോപ്ലെക്സി' (Apoplexy) എന്ന രോഗത്താല്‍ മരിച്ചുവെന്നാണ് ആധികാരിക ഗ്രന്ഥങ്ങള്‍ വിവരിക്കുന്നത്. മാര്‍ട്ടിന്‍ ലൂഥറെ സഭാകോടതി തൂക്കിലേറ്റുവാന്‍ ശ്രമിച്ചുവെന്നതു സത്യമല്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org