മാര്‍ഗഭ്രംശം സംഭവിച്ച ഭക്തിമാര്‍ഗം

ഫാ. ജോര്‍ജ് വിതയത്തില്‍, അത്താണി

സത്യദീപം 16 ലക്കങ്ങളിലായി (92/18-93/8) പ്രസിദ്ധീകരിക്കപ്പെട്ട ശ്രീ എം.പി. തൃപ്പൂണിത്തുറയുടെ "മിഴിവെട്ടത്തിലെ മൊഴിവട്ടം" എന്ന ലേഖനപരമ്പര വിശ്വാസജീവിതത്തിന്‍റെ സുപ്രധാന ഭാഗമായ ഭക്തിമാര്‍ഗത്തിനു സമീപകാലങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മൂല്യച്യുതിയുടെ ഒരു അനുഭവവിവരണമായിട്ടാണു മനസ്സിലാക്കുക. ഈ വസ്തുതകള്‍ വിശ്വാസിസമൂഹത്തിന്‍റെ അറിവിനും പരിഗണനയ്ക്കുമായി സമര്‍പ്പിച്ച ലേഖനകര്‍ത്താവു നന്ദിയും അനുമോദനവും അര്‍ഹിക്കുന്നു. സമാനമായ ലേഖനങ്ങള്‍ ഇതേ മാധ്യമത്തില്‍ വൈദികരും അവൈദികരുടമായ പല പ്രശസ്ത വ്യക്തികളുടേതുമായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അവയേക്കാള്‍ വിശദവും വിപുലവും വി ശാലവുമാണു പ്രസക്ത ലേഖനങ്ങള്‍. ഈ ലേഖനങ്ങളുടെ ഉള്ളിലേക്കു കടന്ന് എല്ലാം കൂട്ടിവായിക്കുമ്പോള്‍ വ്യക്തമാകുന്ന ദുഃഖകരമായ ഒരു വസ്തുത ഭക്തിപ്രസ്ഥാനം കച്ചവടവത്കരിക്കപ്പെട്ടിരിക്കുന്നു എന്നതാണ്. ഭക്തിയുടേതായ വിവിധ ആചാരാനുഷ്ഠാനങ്ങള്‍ (നൊവേന, തിരുനാള്‍, സെമിനാര്‍, തീര്‍ത്ഥയാത്ര എന്നിവയുടെ പ്രചാരത്തിനു ലക്ഷങ്ങള്‍ ചെലവഴിച്ചുള്ള പരസ്യബോര്‍ഡുകള്‍, കട്ടൗട്ടുകള്‍, വീഥിയലങ്കാരങ്ങള്‍, ആകര്‍ഷകങ്ങളായ ആലങ്കാരിക പദപ്രയോഗങ്ങള്‍ മുതലായവയെല്ലാംതന്നെ കച്ചവടവത്കരണത്തിന് ഉത്തമോദാഹരണങ്ങളാണ്. ഇവയെല്ലാം മനുഷ്യ മനസ്സുകളില്‍ താത്കാലികവും വൈകാരികവും ഉപരിപ്ലവവുമായ വികാരങ്ങള്‍ മാത്രമേ ഉണ്ടാക്കൂ എന്നത് അനിഷേദ്ധ്യമായ സത്യമാണല്ലോ.

സുവിശേഷ പ്രചാരണത്തിനും സാക്ഷ്യത്തിനും സഹായകമാകുംവിധം ജീവിതനവീകരണത്തിന് അത്യധികം പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ സുവിശേഷത്തിന് എതിര്‍സാക്ഷ്യമാകുംവിധം വളര്‍ന്നു കൊണ്ടിരിക്കുന്ന ഭക്തിമാര്‍ഗത്തിലെ നേരായ മാര്‍ഗം വിടുന്ന ഭക്താചാരാനുഷ്ഠാനങ്ങളെ നേരായ വിധത്തിലാക്കേണ്ടത് ഇന്നത്തെ ഒരു വലിയ ആവശ്യമാണ്. ഒരു വെല്ലുവിളിയായിത്തന്നെ ഈ ദൗത്യം സ്വീകരിക്കപ്പെടേണ്ടതാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org