അഭിലാഷ് ടോമിയെന്ന ‘കിളിവാതില്‍’

ഫാ. ജേക്കബ് ആക്കനത്ത് എം.സി.

അഭിലാഷ് ടോമിയെപ്പറ്റി മാണി പയസ് എഴുതിയ കുറിപ്പ് വായിച്ചു (കിളിവാതിലിലൂടെ, ലക്കം 12). 90-കളില്‍ കല്യാണ്‍ രൂപതയില്‍ ജോലി ചെയ്യുമ്പോള്‍ കൊളാബ, നേവി നഗര്‍ സെന്‍റ് ജോസഫ് പള്ളിയിലെ അംഗമായിരുന്നു അഭിലാഷ് ടോമി. ആദ്യകുര്‍ബാന സ്വീകരണത്തിന് ഒരുക്കിയതു ഞാനായിരുന്നു.

2013-ല്‍ ലോക റിക്കാര്‍ഡിട്ട ആദ്യ പായ്ക്കപ്പല്‍ സഞ്ചാരത്തിനിടെ എഴുതിയ ബ്ലോഗ് പിന്നീടു പുസ്തകമാക്കി. "കടല്‍ ഒറ്റയ്ക്കു വിളിച്ചപ്പോള്‍." അതില്‍ ടോമി എഴുതിയിരുന്നു, യാത്രയ്ക്കിടെ നേവി ദിനം വന്നു. കുപ്പി പൊട്ടിക്കുക നേവിക്കാരുടെ ഒരു ചടങ്ങാണ്. കപ്പലില്‍ അഭിലാഷ് കുപ്പി പൊട്ടിച്ചു. കുറച്ച് കപ്പലില്‍ തളിച്ചു. കുറച്ച് കടലില്‍ ഒഴിച്ചു, ചടങ്ങുപോലെ. ബാക്കി എന്തു ചെയ്യും? കുടിക്കാറില്ല, വലിക്കാറില്ല. അഭിലാഷ് എഴുതുന്നു, അനാവശ്യ കാര്യങ്ങള്‍ ജീവിതത്തില്‍ നിന്നും ഒഴിവാക്കാന്‍ ഞാന്‍ ശീലിച്ചിട്ടുണ്ട്.

സാഹസികത, ധീരത എന്നിവ കൂടാതെ ചില ഉന്നത മൂല്യങ്ങളുടെ മഹത്ത്വവും അഭിലാഷിനുണ്ട്. ഏകാന്തതയിലൂടെ ആത്മീയതയുടെ ആഴങ്ങള്‍ അന്വേഷിക്കുന്നു. വിശ്വാസം ഭക്തിയാണെന്നും ഭക്തി ശബ്ദമുഖരിതവും തട്ടുപൊളിപ്പന്‍ പരിപാടികളുമാണെന്നു തെറ്റിദ്ധരിച്ചിരിക്കുന്ന എല്ലാ വിശ്വാസികള്‍ക്കും പ്രത്യേകിച്ചു യുവതയ്ക്കും അഭിലാഷ് വേറിട്ട വഴി കാണിക്കുന്നു. ഏകാന്തതയിലും ധ്യാനത്തിലും പതം വന്ന മനസ്സ് എല്ലാ പ്രതിബന്ധങ്ങളെയും പ്രശ്നങ്ങളെയും നേരിടാന്‍ വേണ്ടി ശക്തമാകുമെന്ന് അഭിലാഷിന്‍റെ അനുഭവവും വീക്ഷണവും നമ്മെ ഓര്‍മിപ്പിക്കുന്നു.

നമ്മിലൊരുവനായ ഏകാന്തതയെ സ്നേഹി്കുകയും ധ്യാനിക്കുകയും ചെയ്യുന്ന മനോസഞ്ചാരിയും സമുദ്രസഞ്ചാരിയുമായ അഭിലാഷിനെ ഉയര്‍ത്തിക്കാട്ടിയ കുറിപ്പിനും സത്യദീപത്തിനും അഭിനന്ദനങ്ങള്‍!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org