ഇന്നത്തെ വെല്ലുവിളികള്‍

ഫാ. ജോസഫ് പാലാട്ടി, എളവൂര്‍

ഓഖി ചുഴലിക്കാറ്റും അതിനുശേഷം ആഗസ്റ്റില്‍ വന്ന പേമാരിയും പ്രളയവും കൊടുങ്കാറ്റും കേരളത്തെ പിടിച്ചുകുലുക്കി. അതിന്‍റെ പ്രത്യാഘാതങ്ങളും വിനാശവും ദുരന്തഫലങ്ങളും നാം ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അതോടൂകൂടി നമ്മുടെ സുപ്രീംകോടതിയുടെ മൂന്നു വിപ്ലവവിധികളും നമ്മെ ഏറെ വേദനിപ്പിച്ചു.

1966-ല്‍ മാടത്തരുവി കൊലക്കേസില്‍ നിരപരാധിയായ ഫാ. ബെനഡിക്ടിനെ പൊലീസും തിരുവിതാംകൂറിലെ വന്‍ പണചാക്കുകളും മാധ്യമങ്ങളും കൂടി കുടുക്കി കയ്യടിച്ച് ആഘോഷിച്ചു. അന്ന് ഈ മാധ്യമങ്ങളും ചാനലുകളും മറ്റുവിരുദ്ധശക്തികളും ബെനഡിക്ടച്ചനെ മാത്രമല്ല കത്തോലിക്കാസഭയെ മുഴുവനും അധിക്ഷേപിച്ചു. പക്ഷേ കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അദ്ദേഹത്തെ നിരപരാധിയായി പ്രഖ്യാപിച്ചു. അപ്പോള്‍ പല പത്രങ്ങളും ചാനലുകളും ആ വാര്‍ത്ത മുക്കി. പിന്നീട് ഏറെനാള്‍ കഴിഞ്ഞു മറിയക്കുട്ടിയെ കൊന്നവരുടെ സ്വന്തക്കാര്‍ ചില മനഃസാക്ഷിയുടെ പ്രേരണയാല്‍ ബെനഡിക്ടച്ചനോടു സത്യം തുറന്നു പറഞ്ഞു കൊന്ന വ്യക്തിയുടെ പേരു പറഞ്ഞ് മാപ്പപേക്ഷിച്ചു. ആ വാര്‍ത്തയ്ക്കും മാധ്യമങ്ങള്‍ യാതൊരു പ്രാധാന്യവും കൊടുത്തില്ല.

ഇക്കഴിഞ്ഞ സെപ്തംബര്‍ 14-ാം തീയതി സുപ്രീംകോടതി ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞനായിരുന്ന നമ്പിനാരായണനും നമ്മുടെ മുന്‍ മുഖ്യമന്ത്രി കരുണാകരനും ഉള്‍പ്പെട്ട ചാരക്കേസ് വിധിച്ചു. ചാരക്കേസ് കെട്ടിച്ചമച്ചതാണെന്നും അറസ്റ്റ് അന്യായമാണെന്നും സുപ്രീംകോടതി രേഖപ്പെടുത്തി. അങ്ങനെ നമ്പി നാരായണനും കൂട്ടരും 24 വര്‍ഷം ശിക്ഷ അനുഭവിച്ചു. പൊലീസും രാഷ്ട്രീയക്കാരും വിരുദ്ധശക്തികളും മാധ്യമങ്ങളുംകൂടി നിരപരാധികളെ ക്രൂശിക്കുന്ന പാരമ്പര്യം ഇന്നും ഇന്നലെയും മാത്രമായിട്ടു തുടങ്ങിയതല്ല എന്നതിന്‍റെ ഉത്തമഉദാഹരണമാണു ചാരക്കേസിന്‍റെ ഈ വിധി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org