Latest News
|^| Home -> Letters -> ക്രൈസ്തവപീഡനങ്ങള്‍

ക്രൈസ്തവപീഡനങ്ങള്‍

ഫാ. ലൂക്ക് പൂത്തൃക്കയില്‍

ക്രൈസ്തവ പ്രസിദ്ധീകരണങ്ങളില്‍ തുലോം കുറവുള്ള വാര്‍ത്തയാണ് ‘ക്രൈസ്തവരുടെ മേലുള്ള പീഡനങ്ങള്‍!’ ലോകത്തിലെ ഏറ്റവും വലിയ മതസമൂഹമായ ക്രിസ്തുമതവും ക്രൈസ്തവരുമാണു ലോകത്തില്‍ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്നത്. തകര്‍ത്തും കൊന്നും നടക്കുന്ന അരാജകത്വസംഭവങ്ങള്‍ കാണുമ്പോള്‍ നമ്മള്‍ നടത്തുന്ന പ്രതികരണം ‘പ്രാര്‍ത്ഥിക്കാം’ എന്നാണ്. സുവിശേഷമൂല്യങ്ങളോടും ക്രിസ്തുവിനോടുമുള്ള തീക്ഷ്ണത കുറഞ്ഞിട്ടു കുറച്ചു പ്രാര്‍ത്ഥനയും ഭക്തിയുമായി നടക്കുന്ന ക്രൈസ്തവര്‍ക്ക് ഇതൊന്നും വിഷയമല്ല. വര്‍ത്തമാനകാലത്തെ വിധ്വംസകപ്രവര്‍ത്തനങ്ങളോ വരാനിരിക്കുന്ന ദുരന്തത്തെപ്പറ്റിയോ ക്രൈസ്തവര്‍ അത്ഭുതപ്പെടുന്നില്ല. ആസിയാബീവിയെപ്പോലെയുള്ളവര്‍ സഹിച്ച പീഡനങ്ങള്‍ കണ്ടു നമുക്കു പ്രതികരിക്കാന്‍ സാധിച്ചിട്ടില്ല. പാക്കിസ്ഥാനിലെ ജയിലുകളില്‍ മതനിന്ദാകുറ്റം പറഞ്ഞ് ഏറെപ്പേര്‍ പീഡനം അനുഭവിക്കുമ്പോള്‍, ഇതര രാജ്യങ്ങളിലും ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ നാം നിശ്ശബ്ദരായി നില്ക്കുന്നതു യഥാര്‍ത്ഥ ക്ഷമയും സഹനവുമാണെന്നു പറയുന്നത് അബദ്ധമാണ്. വാളും വാക്കത്തിയും എടുത്തു പ്രതികരിക്കണ്ടെങ്കിലും വാക്കും നാക്കും ഉപയോഗിച്ചു പ്രതികരിച്ചില്ലെങ്കില്‍ പീഡിപ്പിക്കപ്പെടുന്നവരോടു നമ്മള്‍ നടത്തുന്ന ക്രൂരതയായി അതു വിശേഷിപ്പിക്കപ്പെടും. അതിനാല്‍ ആദ്യനടപടിയെന്ന നിലയില്‍ കുറഞ്ഞ പക്ഷം നൂറുകണക്കിനു കത്തുകള്‍ പാക്കിസ്ഥാന്‍പോലുള്ള രാജ്യങ്ങളിലെ പ്രധാനമന്ത്രിമാര്‍ക്കും എംബസികളിലേക്കും അയയ്ക്കാനുള്ള അവരുടെ നിയമങ്ങളെയും തീരുമാനങ്ങളെയും പുനഃപരിശോധിക്കുവാന്‍ സഹായിച്ചേക്കും. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി പോംപിയോ മതനിന്ദാകുറ്റത്തിനെതിരെ പ്രതികരിക്കുന്നത് ആശാവഹമാണ്, പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവര്‍ക്കുവേണ്ടി പ്രാര്‍ത്ഥന കൂടാതെ എന്തെങ്കിലും ചെയ്ത് അവരോടു കരുണ കാണിക്കാം.