സഭയും അനൈക്യവും

ഫാ. ലൂക്ക് പൂത്തൃക്കയില്‍, മടമ്പം, കണ്ണൂര്‍

കേരളസഭ, പ്രത്യേകിച്ചു സീറോ-മലബാര്‍സഭ ചില പ്രതിസന്ധികളിലൂടെയാണു കടന്നുപോകുന്നത്. ആളും അര്‍ത്ഥവും കൊണ്ടു സമ്പന്നമായ സഭ കൂടുതല്‍ ജ്വലിച്ചുനില്ക്കേണ്ടിടത്തു തളര്‍ന്നുപോകുകയാണ്. ഈ പ്രശ്നങ്ങളുടെയെല്ലാം തുടക്കം സഭാനേതൃത്വത്തിലുണ്ടായ അനൈക്യം തന്നെയാണ്. വി. കുര്‍ബാനയും വി. കുരിശും ഐക്യത്തിന്‍റെ പ്രതീകമാണ്. ഇവ രണ്ടും ഇന്ന് അനൈക്യത്തിനു കാരണങ്ങളായി നില്ക്കുകയാണ്. വൈദികസമരമോ മണ്ണുകേസോ അല്ല വലുത്. അതിനുമുമ്പു വി. കുര്‍ബാനയും വി. കുരിശുംവഴി ഉണ്ടായ വിവാദങ്ങളെയാണു തിരുത്തേണ്ടത്. വടക്കേന്ത്യയില്‍ നിന്നു വന്ന ഒരു മെത്രാന്‍ കുര്‍ബാനയ്ക്കു മുമ്പ് എന്നോടു ചോദിച്ചു: "ഇവിടെ ഏതു രീതിയിലാണു കുര്‍ബാന ചൊല്ലുക?" ഓരോ വ്യക്തികള്‍ക്കും രൂപതകള്‍ക്കും മേഖലകള്‍ക്കും ഇഷ്ടപ്പെട്ട രീതിയിലാണു കുര്‍ബാന ചൊല്ലുക. ഐകരൂപ്യം ഇല്ലാത്തിടത്ത് എങ്ങനെ സമാധാനവും യോജിപ്പും ഉണ്ടാകും? കുരിശിന്‍റെ പേരിലും എത്ര പ്രശ്നങ്ങള്‍ സീറോ-മലബാര്‍ സഭയിലും വിശ്വാസികള്‍ക്കിടയിലുണ്ടായിട്ടുണ്ട്. അല്മായരല്ല പ്രശ്നക്കാര്‍; നേതൃത്വത്തിലിരിക്കുന്നവര്‍തന്നെയാണ്. ആരാധനക്രമത്തിലെ അനൈക്യം മാറ്റിയാല്‍ എല്ലാ പ്രശ്നവും തീരും. കൈത്താക്കാലത്തു നമ്മള്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്. സുവിശേഷത്തിനു സാക്ഷികളാകുവാന്‍ വിളിച്ച കര്‍ത്താവ് സഭയോടു ചേര്‍ന്ന് ഏകമനസ്സായി പ്രേഷിതവേല ചെയ്യാന്‍ സഹായിക്കട്ടെ എന്നു സഭയുടെ മിഷന്‍ വിഷന്‍ നഷ്ടപ്പെട്ടതും അനൈക്യത്തിന്‍റെ കാരണമാണ്. മിഷന്‍സ്പിരിറ്റും നഷ്ടപ്പെടുന്നിടത്ത്, കുര്‍ബാനയിലെ വൈരുദ്ധ്യം നിലനില്ക്കുന്നിടത്ത്, കുരിശിന്‍റെ ആകൃതി മാറുന്നിടത്തു പ്രശ്നങ്ങളുണ്ടാകും. ഇതിന്‍റെ മുഖ്യ ഉത്തരവാദിത്വം സഭാനേതൃത്വത്തിനുതന്നെയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org