മലയാളിയെ ഓര്‍ക്കുമ്പോള്‍ മറുനാടന്‍ മലയാളിയുടെ മനസ്സ് തേങ്ങുന്നു

ഫാ. ടി.കെ., എന്‍.ആര്‍. പുര, കര്‍ണാടക

പ്രളയക്കെടുതിയില്‍ വെന്തു നീറുന്ന ജന്മനാടിന്‍റെ മനസ്സിനെ മുറിപ്പെടുത്താനല്ല ഈ വരികള്‍ കുറിക്കുന്നത്. കലിതുള്ളി എത്തിയ കാലവര്‍ഷക്കെടുതി എല്ലാ സ്വപ്നങ്ങളെയും തൂത്തെറിയുന്നതു കണ്ടപ്പോള്‍ ഏറെ ദുഃഖം തോന്നി. ഈ ദുരിതത്തില്‍ ഒരുമയോടെ അപരനുവേണ്ടി സഹായഹസ്തം നീട്ടി, കൈകോര്‍ത്തു പിടിച്ചു നിന്ന വിദേശത്തും സ്വദേശത്തുമുള്ള മലയാളിമക്കളെ ഓര്‍ത്ത് അഭിമാനം കൊള്ളുന്നു. സഹായം തന്നവരില്‍ ബഹുഭൂരിപക്ഷവും സാധാരണക്കാരും കൂലിപണിക്കാരും അത്താഴപട്ടിണിക്കാരുമാണെന്നുള്ളതാണ് സത്യം. എന്നാല്‍ ഇതൊന്നും കാണാനുള്ള കാഴ്ചയും മനസ്സുമില്ലാത്ത കേരളത്തിലെ ജനതയെ ഓര്‍ത്തു സത്യത്തില്‍ മനസ്സ് നീറുന്നു. അതിനുള്ള തെളിവാണു തിരുവോണ തലേന്ന് ഉത്രാടപാച്ചിലില്‍ ടെലിവിഷനിലൂടെ കണ്ട ബീവറേജസിന്‍റെ മുമ്പില്‍ നില്ക്കുന്ന മലയാളിമക്കളുടെ നീണ്ട നിര. ഈ നീറ്റലിനും ദുഃഖത്തിനും ആഴം കൂട്ടിക്കൊണ്ടാണ്, ഓണത്തിനുശേഷം മാധ്യമങ്ങളിലൂടെ പുറത്തുവന്ന, മലയാളി ഓണനാളില്‍ കുടിച്ചുതീര്‍ത്ത മദ്യത്തിന്‍റെ അളവും വിലയും ഏകദേശം 516 കോടി രൂപയായിരുന്നുവെന്നാണു വിവരം.

മറുനാട്ടില്‍, പൊരിവെയിലിലും കൊടുംദാരിദ്ര്യത്തിലും ജീവിച്ചു തങ്ങളുടെ കുടുംബത്തിന്‍റെ, മക്കളുടെ, സമൂഹത്തിന്‍റെ, എന്തിനു വ്യക്തിപരമായ പല ആവശ്യങ്ങളും അത്യാവശ്യങ്ങളും ഈ വര്‍ഷത്തെ ഓണക്കോടിയും ഓണാഘോഷങ്ങളും ഉപേക്ഷിച്ചിട്ടാണ് ദുരിതത്തില്‍പ്പെട്ട ജന്മനാട്ടിലെ സഹോദരങ്ങളായ നിങ്ങളെ സഹായിച്ചതും അതിനൊരുങ്ങിയതും.

മറ്റുള്ളവരുടെ ത്യാഗത്തിനും സന്മനസ്സിനും യാതൊരുവിധ വിലയും കല്പിക്കുവാന്‍ തക്കവിധം മലയാളിയുടെ മനസ്സ് വളര്‍ന്നിട്ടില്ലല്ലോ എന്നോര്‍ത്ത് ദുഃഖിക്കുകയും ഒപ്പം ലജ്ജിക്കുകയും ചെയ്യുന്നു. ഞങ്ങളാരും സമ്പന്നരായിട്ടല്ല സഹായത്തിനായി കൈകോര്‍ത്തത്; നിങ്ങളെ കരകയറ്റാന്‍ മാത്രം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org