മരണം തന്ന ജനനം

ഗീതു സക്റിയ, കൈപ്ര

തിരിച്ചു നല്‍കാന്‍ കഴിയാത്ത അത്ര വലിയ സ്നേഹം പരമകാരുണ്യവാനായ ദൈവം പാപികളിലേക്ക് ഒഴുക്കിനല്‍കുന്നു. അത് സ്വീകരിക്കാന്‍ നമുക്ക് കഴിയേണ്ടത്, വൈദികന്‍ കൈകളില്‍ ഉയര്‍ത്തിപ്പിടിക്കുന്ന കേവലമൊരു അപ്പമായോ വീഞ്ഞായോ അല്ല. സ്വന്തം ശരീരവും രക്തവും അവസാനതുള്ളി വറ്റുന്നത് വരെ നമുക്കായി ദാനം ചെയ്ത യേശുക്രിസ്തുവിന്‍റെ ത്യാഗമായാണ്. ഈ അവബോധം ഒരു ക്രൈസ്തവന്‍റെ ഉള്ളിലേക്ക് തിരിച്ചുപിടിക്കുന്ന ലേഖനമാണ് എം ജെ തോമസ് എസ്ജെ തയ്യാറാക്കിയ 'എന്‍റെ ഓര്‍മ്മയ്ക്കായി ഇത് ചെയ്യുവിന്‍'. ഈ ലേഖനം തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. യേശുവിന്‍റെ കയ്യില്‍നിന്നും മനുഷ്യന് ലഭിക്കാവുന്ന ഏറ്റവും വലിയ സൗഭാഗ്യമാണ് വിശുദ്ധ കുര്‍ബാന. അതില്‍ തന്‍റെ മാംസരക്തങ്ങള്‍ സഹജീവികള്‍ക്ക് പകുത്തു നല്‍കുന്ന സ്നേഹം നിങ്ങളും നിങ്ങളുടെ കയ്യിലുള്ളവ അന്യരുടെ ആവശ്യങ്ങള്‍ക്കായി നല്‍കുക എന്ന പരമോന്നതമായ സത്യം വിളിച്ചോതുന്നു. ഗാനാലാപനത്തിലൂടെയും അലങ്കാരങ്ങളിലൂടെയും വിലയേറിയതും തിളങ്ങുന്നതുമായ പാത്രങ്ങളിലൂടെയും വസ്ത്രങ്ങളിലൂടെയും കുര്‍ബാന ആസ്വാദ്യകരമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ വില്യം സാംസന്‍റെ വാക്കുകള്‍ ശ്രദ്ധിക്കുക: 'യേശുവിന്‍റെ അതിക്രൂരവും അനീതിപരവുമായ കൊലപാതകത്തെ അനുസ്മരിപ്പിക്കാത്ത ഒരു ആഘോഷവും ക്രിസ്തീയ കുര്‍ബാന അല്ല.' സഹനത്തെ, കുരിശിനെ മറക്കുന്നതും അവഗണിക്കുന്നതും സ്നേഹത്തിന് ചേര്‍ന്നതല്ല. 'കുര്‍ബാന' എന്ന വാക്കിന്‍റെ അര്‍ത്ഥം ഒരു അര്‍ത്ഥഭാഷിണിയില്‍ ഒതുങ്ങേണ്ടതല്ല. അതിന്‍റെ സവിശേഷതകള്‍ നാം ഇനിയും മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഇത്തരം ലേഖനങ്ങളിലൂടെ മാത്രമേ അതു സാധ്യമാകൂ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org