പ്രകാശം പരത്തേണ്ട സത്യദീപം

ജോര്‍ജ് മൂഞ്ഞപ്പിള്ളി, എറണാകുളം

മേല്പറഞ്ഞ തലക്കെട്ടില്‍ ശ്രീ. പി.ജെ.വര്‍ഗീസ് പുത്തന്‍വീട്ടില്‍ സത്യദീപം ലക്കം 37-ല്‍ എഴുതിയ കത്തു വായിച്ച് കൗതുകം തോന്നി. അദ്ദേഹത്തിന്‍റെ അവലോകനം 'സത്യദീപത്തിന് ഒരു മാറ്റം അനിവാര്യമാണ്' എന്നതാണ്. കഴിഞ്ഞ അമ്പതു കൊല്ലത്തിലേറെയായി ഞാന്‍ സത്യദീപത്തിന്‍റെ വായനക്കാരനാണ്. ഇക്കാലമത്രയും സത്യദീപത്തിനു വന്ന മാറ്റങ്ങള്‍ കണ്ട് അത്ഭുതം തോന്നിയിട്ടുണ്ട്. അതിന് ഉത്തമോദാഹരണമാണു വായനക്കാരുടെ കത്തുകളുടെ പ്രസിദ്ധീകരണം. ബ്രഹ്മാണ്ഡമായ ദേവാലയനിര്‍മ്മിതി മുതല്‍ സമൂഹത്തിലും സഭയിലും വൈദികരിലും കാണുന്ന ജീര്‍ണാവസ്ഥകളെ ചൂണ്ടിക്കാണിക്കുന്ന എത്ര കത്തുകളാണ് ഓരോ ലക്കത്തിലും കാണുന്നത്. പത്തുമുപ്പതു വര്‍ഷം മുമ്പ് ഇങ്ങനെ ഒരു പംക്തി സത്യദീപത്തിനു ചിന്തിക്കാന്‍പോലുമാകുമായിരുന്നില്ല. ഈ മാറ്റം കണ്ടില്ലെന്നു വരുമോ?

വലിയ ലേഖനങ്ങളെയും വലിയ നോവലുകളെയും പറ്റിയാണു മറ്റൊരു പരാതി. ലേഖനങ്ങള്‍ ചിലപ്പോള്‍ നീണ്ടുപോകാറുണ്ടെങ്കിലും അവ ഇന്നത്തെ തലമുറ അവശ്യം അറിഞ്ഞിരിക്കേണ്ട വിഷയങ്ങളായിട്ടാണ് ഓരോ ലക്കത്തിലും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്.

ഖണ്ഡശഃ പ്രസിദ്ധീകരിക്കുന്ന വലിയ നോവലുകള്‍ സത്യദീപത്തിന്‍റെ ഒരു ആകര്‍ഷണംതന്നെയാണ്. ഉദാഹരണത്തിന് ഇപ്പോള്‍ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന കുടുംബകഥയുടെ ഇതള്‍ വിരിയുന്നത് ഓരോ ആഴ്ചയിലും ആകാംക്ഷയോടെ കാത്തിരിക്കുന്ന പലരെയും എനിക്കറിയാം.
അന്തിമ വിശകലനത്തില്‍ സത്യദീപം ധാരാളം മാറിയിട്ടുണ്ടെന്നും അതു കാലാനുസൃതമായി മാറിക്കൊണ്ടിരിക്കുന്നുവെന്നുമാണ് എന്‍റെ വിനീതമായ അഭിപ്രായം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org