ഭരണഘടനയും ദേശീയ സുരക്ഷിതത്വവും

 ജോര്‍ജ് മുരിങ്ങൂര്‍

ഫാ. സുരേഷ് മാത്യു പള്ളിവാതുക്കള്‍ OFM Cap. ആഗസ്റ്റ് 28-ാം തീയതി സത്യദീപത്തില്‍ എഴുതിയ ലേഖനത്തില്‍, കാശ്മീരില്‍ ഇന്ത്യന്‍ ഭരണഘടന കശാപ്പ് ചെയ്യപ്പെട്ടതിനെക്കുറിച്ചു പ്രതിപാദിച്ചിട്ടുണ്ടല്ലോ. വസ്തുതകള്‍ വിശദീകരിച്ചതിനോടൊപ്പം കേന്ദ്ര സര്‍ക്കാരിനെ ആ തീരുമാനത്തിലേക്കു നിര്‍ബന്ധപൂര്‍വം നയിച്ച ക്രൂരമായ സാഹചര്യങ്ങളെക്കുറിച്ചും എഴുതേണ്ടതായിരുന്നു. നമ്മുടെ അയല്‍ രാജ്യമായ പാക്കിസ്ഥാന്‍ ശത്രുരാജ്യം എന്ന നിലയിലാണു വര്‍ത്തിക്കുന്നത്. അതിര്‍ത്തികളിലും രാജ്യത്തിനകത്തും പാക്കിസ്ഥാന്‍ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ വിസ്മരിക്കാന്‍ സാദ്ധ്യമല്ല. രാജ്യം ഭരിക്കുന്ന ഏതെങ്കിലും ഗവണ്‍മെന്‍റിന് ഇത്തരം ഭീകരപ്രവര്‍ത്തനങ്ങളെയും രാജ്യദ്രോഹത്തെയും കണ്ടില്ലെന്നു നടിക്കാനാവുമോ? നിസ്സംഗരായി മാറിനില്ക്കാനാവുമോ?

കാശ്മീരില്‍ പാക്കിസ്ഥാന്‍ നടത്തുന്ന ഈ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഒരന്ത്യം കുറിക്കേണ്ടതല്ലേ? ജമ്മു കാശ്മീരില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ തടയാനുള്ള പരിശ്രമങ്ങളുടെ ഒരു ഭാഗമെന്ന നിലയിലാണ്, 370-ാം വകുപ്പ് റദ്ദാക്കിയതിനെ കാണേണ്ടത്. നാം നിഷ്കളങ്കമായി ചിന്തിക്കുന്നതും എഴുതുന്നതും പാക്കിസ്ഥാനിലെ ഭീകരന്മാര്‍ക്കു പിന്തുണയായിത്തീരാന്‍ ഇടയാകരുത്. ബിജെപിയെ ആര്‍ക്ക് വേണമെങ്കിലും വിമര്‍ശിക്കാം, എതിര്‍ക്കാം. എന്നാല്‍ ബിജെപിയെ എതിര്‍ക്കുമ്പോള്‍ അതു പാക്കിസ്ഥാനിലെ ഭീകരന്മാര്‍ക്കു പിന്തുണയായി മാറരുത്. ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളോടു ബിജെപി വളരെയേറെ ക്രൂരമായിട്ടാണു വര്‍ത്തിക്കുന്നത്. എന്നാല്‍ ബിജെപിയെ തള്ളിക്കളഞ്ഞതുകൊണ്ടു ഭീകരന്മാര്‍ക്കു സഹായകരമാകാവുന്ന നിലപാടുകള്‍ നാം സ്വീകരിക്കരുത്. പാക്കിസ്ഥാനിലെ ജനങ്ങളില്‍നിന്നോ ബിജെപിയില്‍ നിന്നോ ക്രിസ്ത്യാനികള്‍ക്കു നന്മയൊന്നും പ്രതീക്ഷിക്കാനില്ല. രണ്ടു കൂട്ടരും ക്രിസ്ത്യന്‍ ന്യൂനപക്ഷത്തെ നശിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നവരാണ്. ശത്രുവിന്‍റെ ശത്രു മിത്രം എന്ന തത്ത്വം സ്വീകരിച്ചുകൊണ്ടു ബിജെപിയെ തോല്പിക്കാന്‍ പാക്കിസ്ഥാനിലെ ഭീകരന്മാര്‍ക്കു സഹായകരമായ നിലപാടു സ്വീകരിക്കാന്‍ ആരും ശ്രമിക്കരുത്.

പാക്കിസ്ഥാനിലെ ഭീകരന്മാരും ആ ഭീകരന്മാരെ പിന്തുണയ്ക്കുന്ന ജമ്മുകാശ്മീരില്‍ നിന്നുള്ള മറ്റു ചിലരുംകൂടെ കാശ്മീര്‍ താഴ്വരയില്‍ മരണം വിതയ്ക്കുമ്പോള്‍ ഏതു ഗവണ്‍മെന്‍റായാലും അതു തടയാന്‍ ശ്രമിക്കും. മതഭ്രാന്തിന്‍റെ പേരില്‍ ഇന്ത്യയില്‍നിന്നു വേറിട്ടു പോകാന്‍ ഏതെങ്കിലും സംസ്ഥാനത്തെ ജനങ്ങള്‍ ഭൂരിപക്ഷപ്രകാരം തീരുമാനിച്ചാല്‍ അത് അംഗീകരിക്കാന്‍ ഒരു ഗവണ്‍മെന്‍റിനും കഴിയുകയില്ല.

ദേശീയത ഒരു വിശുദ്ധ വികാരമായി നൂറ്റാണ്ടുകളോളം ഇനിയും നിലനില്ക്കും; ലോകജനത ദേശീയത എന്ന സങ്കുചിത വികാരങ്ങളില്‍നിന്നു മോചിതരാകുന്നതുവരെ. അതുകൊണ്ട് ദേശീയതയെ പ്രതി ഭരണഘടനകള്‍ കശാപ്പ് ചെയ്യാപ്പെടാന്‍ ഇനിയും സാദ്ധ്യതകളേറെയുണ്ട്. നരേന്ദ്രമോദിയും കൂട്ടരും ഭരണഘടന പൂര്‍ണമായും റദ്ദാക്കിക്കൊണ്ടു ഹൈന്ദവ ഏകാധിപത്യത്തിലേക്ക് ഇന്ത്യയെ കൊണ്ടുപോകാനിടയുണ്ട്. ഹൈന്ദവസാമ്രാജ്യം സ്വപ്നം കാണുന്ന മോദി-ഷാ കൂട്ടാളികളില്‍ നിന്ന് അങ്ങനെയൊരു ആക്രമണം ഇന്ത്യന്‍ ജനാധിപത്യത്തിനു നേരിടേണ്ടി വന്നേക്കാം. ആ സാദ്ധ്യതകളൊന്നും തള്ളിക്കളയുന്നില്ല. പക്ഷേ, നമുക്കിപ്പോള്‍ എന്തു ചെയ്യാന്‍ കഴിയും? ആര്‍ക്കു പിന്തുണ കൊടുക്കണം? എന്തായിരിക്കണം നമ്മുടെ നിലപാടുകള്‍? ഓരോരുത്തരുടെയും ആഴമുള്ള ദേശീയബോധത്തെയും താത്പര്യങ്ങളെയും അടിസ്ഥാനമാക്കിയാണ് അത്തരം നിലപാടുകള്‍ രൂപംകൊള്ളുന്നത്. "ഞാന്‍ ഇന്ത്യക്കാരനായ കത്തോലിക്കനാണ്; കത്തോലിക്കനായ ഇന്ത്യക്കാരനുമാണ്."

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org