‘സന്ന്യാസഭവനം കോടതിമുറിയല്ല’

ജോര്‍ജ് മുരിങ്ങൂര്‍, തൃശൂര്‍

"സന്ന്യാസഭവനം കോടതിമുറിയല്ല"- സി. ശോഭ സിഎസ്എന്‍ ഒക്ടോബറിലെ സത്യദീപത്തില്‍ എഴുതിയ ലേഖനത്തില്‍ നിന്നുള്ള ഉദ്ധരണിയാണിത്. കത്തോലിക്കാ വൈദികരെയും സന്ന്യാസിനി സന്ന്യാസികളെയും സന്ന്യാസഭവനങ്ങളെയും കുറിച്ചു യാതൊന്നും അറിയാന്‍ പാടില്ലാത്ത ചാനല്‍ചര്‍ച്ചകളിലെ വിഡ്ഢികള്‍ക്കുള്ള ഒരു മറുപടിയാണിത്.

കോടതിമുറികളില്‍ നടക്കുന്നതുപോലെ വിസ്താരവും എതിര്‍വിസ്താരവും വാദപ്രതിവാദങ്ങളും നടക്കുന്ന ഒരിടമല്ല സന്ന്യാസഭവനങ്ങള്‍. ചോദ്യം ചെയ്യുവാനും എതിര്‍ക്കാനും പ്രതിഷേധിക്കാനും ധിക്കരിക്കാനും വേണ്ടിയല്ല, സന്ന്യാസജീവിത ലക്ഷ്യംവച്ചു യുവതീയുവാക്കള്‍ സന്ന്യാസാശ്രമങ്ങളിലേക്കു കടന്നുവരുന്നത്. പുണ്യത്തില്‍ അഭിവൃദ്ധിപ്പെടാനും വിശുദ്ധിയില്‍ വളരാനും നന്മ പ്രവര്‍ത്തിക്കാനുമുള്ള അനുസരണം നിര്‍ബന്ധപൂര്‍വം പ്രതീക്ഷിച്ചുകൊണ്ടും നടപ്പിലാക്കിക്കൊണ്ടുമാണു സന്ന്യാസഭവനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അതിനോടു യോജിക്കാന്‍ കഴിയാത്തവര്‍ക്കു സന്ന്യാസഭവനങ്ങളില്‍ നിന്നു പുറത്തേക്കുള്ള വാതില്‍ എപ്പോഴും തുറന്നുകിടക്കുന്നുണ്ട്.

വിശുദ്ധിക്കും പുണ്യത്തിനുമെതിരെ പ്രലോഭനങ്ങളും അക്രമങ്ങളും ഉണ്ടാകുമ്പോള്‍ അവയ്ക്കെതിരെ പോരാടി വിജയിക്കുന്നതിനുള്ള ശക്തമായ പരിശീലനങ്ങള്‍ സന്ന്യാസഭവനങ്ങളില്‍ നല്കപ്പെടുന്നുണ്ട്. ആ പരിശീലനത്തില്‍ സന്തോഷത്തോടെ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്യുന്നവരാണ് എല്ലാവരും. എങ്കിലും ജീവിതത്തിന്‍റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ചിലര്‍ വീണുപോയിട്ടുണ്ടാകാം. വീണവരെ അവിടെവച്ചു കുഴിച്ചുമൂടുകയെന്നതല്ല യേശുക്രിസ്തുവിന്‍റെ തിരുഹിതം. തിരുസഭയുടെ തിരുഹിതവും യേശുവിന്‍റെ തിരുഹിതത്തോടു ചേര്‍ന്നുപോകുന്നു. വീണവരെ വീണ്ടെടുക്കുക, മുന്നോട്ടുള്ള പ്രയാണത്തില്‍ വീണ്ടും പങ്കാളികളാക്കുകയെന്നതാണു തിരുസഭയുടെ ലക്ഷ്യം.

ലക്ഷക്കണക്കിനു വൈദികരും സന്ന്യാസിമാരും സന്ന്യാസികളുമുള്ള തിരുസഭയില്‍ വീണുപോയ ചിലരെ ചൂണ്ടിക്കാണിച്ച് ആക്ഷേപങ്ങളുന്നയിക്കുന്നവര്‍ വീഴാത്തവരെക്കുറിച്ചു ഒരു നല്ല വാക്കുപോലും ഇതുവരെ ഉരിയാടിയിട്ടില്ല. ശ്രദ്ധിച്ചാല്‍ ഒരു കാര്യം നമുക്ക് വ്യക്തമായി മനസ്സിലാക്കാന്‍ കഴിയും. ടി.വി. ക്യാമറയുടെ മുമ്പിലിരുന്നു കത്തോലിക്കാസഭയെയും സന്ന്യാസഭവനങ്ങളെയുംകുറിച്ചു സംസാരിക്കുന്നവരില്‍ പലരും മാന്യമായ ചര്‍ച്ചയല്ല; പരദൂഷണമാണു നടത്തുന്നത്.

സന്ന്യാസഭവനങ്ങളെയും അവിടത്തെ അന്തേവാസികളെയും അധികാരികളെയും കുറ്റം വിധിക്കുന്നവര്‍ മനസ്സിലാക്കാത്ത ഒരു യാഥാര്‍ത്ഥ്യം ഇതാണ്. വൈദികശുശ്രൂഷയിലേക്കും സന്ന്യാസജീവിതത്തിലേക്കും കടന്നുവരുന്നവര്‍, സ്വന്തം അവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്നവരല്ല; അവര്‍ അവരുടെ അവകാശങ്ങളും സ്വാതന്ത്ര്യവും യേശുവിനെ പ്രതി, യേശുവിന്‍റെ തിരുമുമ്പില്‍ ഉപേക്ഷിച്ചവരാണ്; യേശുവിന്‍റെ അടിമകളാകുന്നതില്‍ സന്തോഷവും ആനന്ദവും കണ്ടെത്തിയവരാണ് അവര്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org