Latest News
|^| Home -> Letters -> കോഴികാര്‍ട്ടൂണും കത്തോലിക്കാസഭയും

കോഴികാര്‍ട്ടൂണും കത്തോലിക്കാസഭയും

ജോര്‍ജ് മുരിങ്ങൂര്‍

ഒരു കാര്‍ട്ടൂണ്‍കൊണ്ട് കത്തോലിക്കാസഭയെ തകര്‍ക്കാന്‍ കഴിയുമോ? നമ്മുടെ അമ്മയായ കത്തോലിക്കാ തിരുസഭ അത്രമാത്രം ബലഹീനയാണോ? കത്തോലിക്കാ തിരുസഭയുടെ ആരംഭം മുതല്‍ ഇന്നുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. കത്തോലിക്കാ തിരുസഭയെ തകര്‍ക്കാന്‍ വേണ്ടി ആയിരക്കണക്കിനു സാഹിത്യ രചനകളും ധാരാളം കാര്‍ട്ടൂണുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അവയ്ക്കൊന്നിനും കത്തോലിക്കാ തിരുസഭയെ ഒരു പോറല്‍പോലും ഏല്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് എന്നാണു നാം മനസ്സിലാക്കുക! കത്തോലിക്കാ തിരുസഭയെ തകര്‍ക്കാന്‍ മനുഷ്യര്‍ക്കു കഴിയുമായിരുന്നെങ്കില്‍ തിരുസഭ പണ്ടേതന്നെ തകര്‍ന്നുപോകുമായിരുന്നു. തിരുസഭയെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയുകയില്ലെന്നു വിശ്വസിക്കാന്‍, തിരുസഭയുടെ രണ്ടായിരം വര്‍ഷങ്ങളിലെ അനുഭവങ്ങളില്‍ നിന്നും പഠിക്കാനും ബോദ്ധ്യപ്പെടാനും തിരുസഭയെ നയിക്കുന്നവര്‍ക്കുപോലും സാധിക്കുന്നില്ല.

കഴിഞ്ഞുപോയ രണ്ടായിരത്തില്‍പ്പരം സംവത്സരങ്ങളിലെ ചരിത്രം പരിശോധിച്ചു നോക്കൂ. ചക്രവര്‍ത്തിമാരും രാജാക്കന്മാരും മറ്റു ഭരണാധികാരികളുടെ പട്ടാളപ്രമുഖരും പൊലീസ് ഉദ്യോഗസ്ഥരും ഭീകരന്മാരും വര്‍ഗീയവാദികളും തിരുസഭയെ നശിപ്പിക്കാന്‍ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. അപ്പോഴൊക്കെയും തിരുസഭ വളരുകയും കൂടുതല്‍ ശക്തി പ്രാപിക്കുകയുമാണു ചെയ്തത്. നൂറുകണക്കിനു സാഹിത്യകാരന്മാരും ബുദ്ധിജീവികളും നിരീശ്വരവാദികളും കാര്‍ട്ടൂണിസ്റ്റുകളും കത്തോലിക്കാ തിരുസഭയെ അപമാനിക്കാനും നിന്ദിക്കാനും നശിപ്പിക്കാനും ശ്രമിച്ചു. ആ പരിശ്രമങ്ങളൊക്കെയും തിരുസഭയ്ക്കു വളരാനുള്ള വളമായി മാറുകയാണ് ചെയ്തത്.

നമ്മുടെ തിരുസഭയുടെ അടിത്തട്ട് മുതല്‍ മുകള്‍ത്തട്ടുവരെ അല്മായരും വൈദികരും മെത്രാന്മാരും കര്‍ദിനാള്‍മാരും മാര്‍പാപ്പയും ഉള്‍പ്പെടെ എല്ലാവരെയും ശത്രുക്കളും മിത്രങ്ങളും വിമര്‍ശിക്കട്ടെ. വിമര്‍ശിക്കാനും പരിഹസിക്കാനുമുള്ള അവരുടെ അവകാശത്തെയും സ്വാതന്ത്ര്യത്തെയും നമുക്കു മാനിക്കാം. വിമര്‍ശനങ്ങളുടെയും പരിഹാസങ്ങളുടെും അടിത്തട്ടില്‍ ചിലപ്പോള്‍ സത്യമുണ്ടാകാം; ചിലപ്പോള്‍ അസത്യങ്ങളില്‍ നിലയുറപ്പിച്ചുകൊണ്ടായിരിക്കാം നിന്ദനങ്ങളും അധിക്ഷേപങ്ങളും ഉയര്‍ത്തുന്നത്. പരിഹാസങ്ങളുടെ മുമ്പില്‍ നാം ഭയപ്പെട്ടുപോയാല്‍, നമ്മുടെ ജീവനു നേരെ ഭീഷണി ഉയര്‍ത്തുമ്പോള്‍ നമ്മുടെ അവസ്ഥ എന്തായിരിക്കും? മറ്റുള്ളവരുടെ ആവിഷ്കാരസ്വാതന്ത്ര്യത്തിന്‍റെ മേല്‍ നാം കൂച്ചുവിലങ്ങുകളിടരുത്. സ്വാതന്ത്ര്യവും ജനാധിപത്യവും ഉള്ളിടത്തു മാത്രമേ വിമര്‍ശനങ്ങള്‍ ഉയരുകയുള്ളൂ. വിമര്‍ശനങ്ങളെ നാം ഭയപ്പെടരുത്. ഇഷ്ടമുള്ള ആശയങ്ങളെയും വിശ്വാസങ്ങളെയും തെരഞ്ഞെടുത്ത് ആസ്വദിക്കാനുള്ള മനുഷ്യന്‍റെ സ്വാതന്ത്ര്യത്തെ നമ്മുടെ ദൈവം മാനിക്കുന്നുണ്ടെന്നും നമുക്ക് അറിയാമല്ലോ. അതിനെ തുരങ്കം വയ്ക്കരുത്. ഇഷ്ടമുള്ളതു തെരഞ്ഞെടുക്കുമ്പോള്‍ നന്മയും തിന്മയും വേര്‍തിരിച്ചറിയുവാനുള്ള വിവേകവും സ്വാതന്ത്ര്യവും ദൈവം മനുഷ്യനു നല്കിയിട്ടുള്ളതാണല്ലോ.

ഒരു കാര്‍ട്ടൂണല്ല, ആയിരക്കണക്കിനു കാര്‍ട്ടൂണുകള്‍ വന്നാലും കത്തോലിക്കാ തിരുസഭ തളരുകയില്ല, കാരണം കര്‍ത്താവിന്‍റെ കൈകളിലാണു കത്തോലിക്കാ തിരുസഭ. തിരുസഭയെ പരിഹസിക്കാന്‍ കഴിയും, പക്ഷേ പേടിപ്പിക്കാന്‍ കഴിയുകയില്ല.