തുറവിന് തുരങ്കം വയ്ക്കുന്നവര്‍

ജോര്‍ജ് നെല്ലിമല, കണ്ണൂര്‍

സത്യദീപം ഗൗരവതരമായ ഒരു കാര്യം ചൂണ്ടിക്കാണിക്കാന്‍ ധൈര്യം കാണിച്ചിരിക്കുന്നു. ലക്കം 11-ലെ എഡിറ്റോറിയലില്‍ പറഞ്ഞിരിക്കുന്നതുപോലെ, രണ്ടാം വത്തിക്കാന്‍ കൗണ്‍സിലോടെ സഭയുടെ ജാലകങ്ങള്‍ തുറക്കുകയും ആത്മാവിന്‍റെ ശുദ്ധവായു വീശിയടിക്കുകയുംവഴി സഭയ്ക്കുണ്ടായ അന്യമത-ഭാഷാ-ദേശ-സംസ്കാരങ്ങളോടുണ്ടായ തുറവ് ഇനിയും മനസ്സിലാക്കാത്തവര്‍ ഏറെ കേരളസഭയിലുണ്ട്. അടഞ്ഞവരും തുറക്കാന്‍ മനസ്സില്ലാത്തവരും തുറക്കാന്‍ ഭയപ്പെടുന്നവരും ഏറെയാണ്. സ്വന്തം സഭാനന്മകള്‍ പുറംലോകത്തിനു നല്കുമ്പോള്‍ തന്നെ പുറംലോകത്തുള്ള നന്മകള്‍ സ്വായത്തമാക്കി സഭാത്മകമാക്കണമെന്നാണു സഭയുടെ ഔദ്യോഗികപഠനം. ഇതിനു പുറംതിരിഞ്ഞു നില്ക്കുന്ന പ്രബോധകരും സുവിശേഷകരും നമ്മെ ഒരു ദൂഷിതവലയത്തില്‍ എത്തിക്കുന്നു. ടിവിയിലൂടെയും ധ്യാനകേന്ദ്രങ്ങളിലൂടെയും പള്ളികളിലൂടെയും കേള്‍ക്കുന്ന ചില സുവിശേഷവ്യാഖ്യാനങ്ങള്‍ 'ചെകിടി'പ്പിക്കുന്നതാണെന്നു പറയാതിരിക്കാന്‍ വയ്യ.

പഴയ നിയമത്തിന്‍റെ ദുര്‍ ഭൂതങ്ങള്‍ ചിലരെ കണ്ടമാനം വേട്ടയാടുന്നുണ്ട്. നിയമത്തിന്‍റെ പൂര്‍ത്തീകരണമാണു ക്രിസ്തുവിന്‍റെ പ്രബോധനങ്ങള്‍. എങ്കില്‍, പുതിയ നിയമവെളിച്ചത്തില്‍ പഴയ നിയമത്തെ മനസ്സിലാക്കണം എന്നുതന്നെയാണര്‍ത്ഥം. നവീകരിക്കാന്‍ വന്ന നവീകരണവും ചില ചട്ടക്കൂടുകളിലേക്കു വഴുതിപ്പോകുന്നുണ്ട്. "കേരളസഭ ശീശ്മയിലേക്കു കൂപ്പുകുത്താതിരിക്കാന്‍ അടഞ്ഞ പ്രബോധകരെ നിയന്ത്രിക്കാന്‍ വൈകിക്കൂടാ" എന്നു ചൂണ്ടിക്കാട്ടിയ എഡിറ്റോറിയലിനു ഭാവുകങ്ങള്‍. 12-ാം ലക്കത്തിലെ രണ്ട് ലേഖനങ്ങള്‍ (ജോണ്‍ പോളിന്‍റെ "…രോഗകാരണങ്ങളെ ചികിത്സിക്കുക" എന്നതും ജോയിസച്ചന്‍റെ "… ഭ്രമാത്മകതയോ" എന്നതും) ഇതോടൊപ്പം മനസ്സിരുത്തി കൂട്ടിവായിക്കേണ്ടതാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org