സര്‍ക്കാരിനുള്ളത് സര്‍ക്കാരിന് നല്‍കുവാന്‍ ശ്രമിക്കുക

ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍, വൈക്കം

സത്യദീപം നവംബര്‍ 20-ാം തീയതിയിലെ ലക്കത്തില്‍ 8-ാം പേജില്‍ ഫാ. ലൂക്ക് പൂത്തൃക്കയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥയെക്കുറിച്ച് ഒരു ലേഖനം എഴുതിയത് വായിച്ചു.

സര്‍ക്കാര്‍ ജീവനക്കാരെ പൊതുജനങ്ങള്‍ക്ക് മുന്നില്‍ ശത്രുക്കളായോ സര്‍ക്കാര്‍ ജീവനക്കാര്‍ സര്‍ക്കാരിന്‍െറ പണം പിടുങ്ങുന്ന ഒരു വിഭാഗമായോ മറ്റുള്ളവര്‍ക്ക് തോന്നലുണ്ടാക്കുന്ന വിധത്തിലുള്ള ഒരു ലേഖനമായിരുന്നു ഇത്.

ആദ്യമെ പറയട്ടെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന ശമ്പളം അവര്‍ ജോലി എടുത്ത് കിട്ടുന്ന വേതനമാണ്. അല്ലാതെ അവര്‍ക്ക് കിട്ടുന്ന സാമൂഹിക സുരക്ഷാ ആനുകൂല്യമല്ല എന്ന കാര്യം എല്ലാവരും ഓര്‍ക്കുക. വേല ചെയ്താല്‍ കൂലി കൊടുക്കുക എന്നതും കൂലി ലഭിക്കുക എന്നതും ലോകത്താകമാനമുള്ള നിയമപരമായ അവകാശമാണ്. അത് മറച്ചുവച്ചു കൊണ്ട് ശമ്പളം കൊടുത്ത് മുടിയുന്നു എന്നു പറയുന്നവര്‍ സര്‍ക്കാരിന് നിയമപ്രകാരം ലഭിക്കേണ്ട നികുതി പോലുള്ള കാര്യങ്ങള്‍ ഒഴിവാക്കാന്‍ സഭാധികാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ ചെയ്യുന്ന മറ്റുള്ള കാര്യങ്ങള്‍ ഓര്‍ക്കാതെ പോകരുത്.

ന്യൂനപക്ഷങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുവാനും സ്വസമുദായത്തിലെ കുട്ടികളെ പഠിപ്പിക്കുവാനും ഉള്ള നിയമം ക്രൈസ്തവര്‍ക്ക് ഉള്‍പ്പടെ അനുവദിച്ചുകൊണ്ട് ഭരണഘടനാപരമായി നമുക്ക് (ആര്‍ട്ടിക്കിള്‍ 30 പ്രകാരം) ലഭിച്ചിരിക്കുന്ന ആനുകൂല്യം ഉപയോഗിച്ച് രാജ്യത്താകമാനം പ്രവര്‍ത്തിച്ചു വരുന്ന നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്രയെണ്ണത്തില്‍, സ്വസമുദായത്തിലെ എത്ര പാവപ്പെട്ടവരെ ഫീസ് ഇളവിലോ ഫീസ് വാങ്ങാതെയൊ പഠിപ്പിക്കുന്നുണ്ട്?

ഒരു വസ്തു വാങ്ങിയാല്‍ കൃത്യമായി നികുതി സര്‍ക്കാരിന് കൊടുക്കുന്ന എത്ര പൊതുജനങ്ങളുണ്ട്? സ്വര്‍ണ്ണം വാങ്ങിയാല്‍ കൃത്യമായ നികുതി കൊടുക്കുന്ന എത്ര വ്യക്തികളുണ്ട്? സ്വന്തം വരുമാനം കൃത്യമായി കാണിച്ച് നികുതി നല്‍കുന്ന എത്ര വ്യക്തികളുണ്ട്? സ്വന്തം റേഷന്‍ കാര്‍ഡില്‍ മാസവരുമാനം 1000 രൂപ കാണിച്ച് ഇലക്ട്രിക്കല്‍ ബില്‍ മാത്രം 2000 രൂപ മാസംതോറും അടയ്ക്കുന്നവരല്ലേ നമ്മുടെ ചുറ്റിലുള്ള മിക്കവരും?

ഈ പറഞ്ഞതിനൊക്കെ കൃത്യമായ നികുതിയും, കണക്കുകളിലെ കള്ളത്തരങ്ങളും മാറ്റിവച്ച് സര്‍ക്കാറിന് നല്‍കേണ്ട നികുതിയും മറ്റ് കാര്യങ്ങളും പൊതുജനങ്ങള്‍ കൃത്യമായി സര്‍ക്കാരിന് നല്‍കിയാല്‍ സര്‍ക്കാരിന് കിട്ടേണ്ട യഥാര്‍ത്ഥ വരുമാനം കിട്ടുകയും യഥാര്‍ത്ഥ വരുമാനത്തിന്‍റെ 40-50% മാത്രം സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കുമായി മാറ്റി വച്ച് ബാക്കി പണം രാജ്യനന്മയ്ക്കായി നീക്കി വയ്ക്കുവാനും പറ്റും.

ഇനി അടുത്തത് പെന്‍ഷന്‍റെ കാര്യമാണ്. 2013 മുതല്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരാകുന്നവര്‍ സര്‍വ്വീസ് കാലം കഴിയുമ്പോള്‍ കിട്ടിയേക്കാവുന്ന പെന്‍ഷനുവേണ്ടി നിശ്ചിത തുക (ഇപ്പോള്‍ അടിസ്ഥാന ശമ്പളത്തിന്‍റെ 10%) സ്വന്തം ശമ്പളത്തില്‍ നിന്നും പെന്‍ഷന്‍ ഫണ്ടിലേക്ക് നല്‍കുന്ന വിവരം അറിയാമോ? ആ പണം സര്‍ക്കാര്‍ നിക്ഷേപിച്ചു അതിന്‍റെ ലാഭത്തില്‍ നിന്ന് പെന്‍ഷന്‍ നല്‍കുന്ന സിസ്റ്റമാണ് നിലവില്‍ സര്‍ക്കാര്‍ ജീവനക്കാരാകുന്നവര്‍ക്കുള്ളത്.

ഇടവകകളില്‍നിന്ന് സര്‍ക്കാര്‍ സര്‍വീസില്‍ കയറുന്ന എത്ര യുവാക്കളുണ്ട് എന്നൊക്കെ ഒന്നു ഇടക്കൊക്കെ ചിന്തിക്കുന്നത് നല്ല കാര്യമാണ്. സര്‍ക്കാര്‍ സര്‍വീസില്‍ മാത്രമല്ല കാര്‍ഷികവൃത്തിയിലും രാഷട്രീയത്തിലും കച്ചവടത്തിലും ഉള്‍പ്പടെ നമ്മുടെ കുട്ടികള്‍ ഇപ്പോള്‍ ശ്രദ്ധിക്കുന്നില്ല എന്നതാണ് വാസ്തവം.

ഇത്ര സിസ്റ്റമാറ്റിക്കായി പ്രവര്‍ത്തിച്ചു വരുന്ന നമ്മുടെ പളളികള്‍ കേന്ദ്രീകരിച്ച് മത്സര പരീക്ഷകള്‍ നേരിടുവാന്‍ യുവാക്കളെ പരിശീലിപ്പിക്കുന്ന കൂട്ടായ്മകളുണ്ടാക്കട്ടെ, സര്‍ക്കാര്‍ ജീവനത്തോടൊപ്പം മറ്റ് ജോലികളും മഹത്തരമാണെന്ന് പഠിപ്പിക്കട്ടെ. അങ്ങനെ സമുദായത്തിലെ പുതു തലമുറയ്ക്ക് നല്ല ദിശാബോധം നല്‍കുവാന്‍ ശ്രമിക്കുക. സര്‍ക്കാര്‍ ജീവനക്കാരെ ശത്രുക്കളായി കണ്ട് അവരുടെ വേതനത്തില്‍ കുറ്റം കണ്ടെത്തുന്നവരില്‍ ഭൂരിഭാഗം ആളുകളും നിരവധി തവണ ഈ ജോലികള്‍ക്ക് വേണ്ടി മുന്‍ പരിശീലനങ്ങളില്ലാതെ ശ്രമിച്ച് നടക്കാതെ പോയവരാണെന്നത് ഏവര്‍ക്കും അറിയാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org