ക്രൈസ്തവരും മുസ്ലീങ്ങളും സഹോദരപാരമ്പര്യമല്ല

ഇമ്മാനുവേല്‍ സിയോന്‍, കോഴിക്കോട്

സത്യദീപം 27-ാം ലക്കത്തില്‍ ഫാ. ലൂക്ക് പൂത്തൃക്കയില്‍ എഴുതിയ ലേഖ നം വളരെ നന്നായിരുന്നു. പോസിറ്റീവ് പാപങ്ങളാലുള്ള ഇസ്ലാം ഭീഷണിയും നെഗറ്റീവ് പാപങ്ങളുടെ ക്രൈസ്തവ ഭീഷണിയും ലോകത്തിന് ഒരുപോലെ അപകടകരം എന്നത് എത്രയോ ശരി.

എന്നാല്‍ ചില പരാമര്‍ശങ്ങള്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നു. ക്രൈസ്തവര്‍ ഇസഹാക്കിന്‍റെ വംശവും ഇസ്ലാം ഇസ്മായേലിന്‍റെ വംശവും എന്നത് (പേജ് 18, കോളം 2) പൂര്‍ണമായും ശരിയല്ല. ഒന്ന്, യഹൂദമതത്തില്‍പ്പെട്ടവര്‍ ക്രിസ്തുവിനാല്‍ നവീകരിക്കപ്പെട്ടതല്ല, യഹൂദര്‍ ഉള്‍പ്പെടെ വിവിധ ജാതിമതങ്ങളില്‍ നിന്നുള്ളവര്‍ മാനസാന്തരപ്പെട്ട് രൂപപ്പെട്ടതാണു ക്രൈസ്തവര്‍. മിലാന്‍ വിളംബരം വഴി റോമാ സാമ്രാജ്യത്തിലും തുടര്‍ന്നു പല സാമ്രാജ്യങ്ങളിലും പടര്‍ന്നതു വംശമല്ല, വിശ്വാസമാണ്. ഇസഹാക്കിന്‍റെ വംശമാണ് എന്ന് വാദിച്ചാല്‍ തന്നെയും ഇന്ത്യക്കാരായ നാം അതില്‍ പെടില്ല. സംഘകാലം എന്നറിയപ്പെടുന്ന ഏ.ഡി. ഒന്നാം നൂറ്റാണ്ടു മുതല്‍ അഞ്ചാം നൂറ്റാണ്ടു വരെ കേരളത്തില്‍ ഏറ്റവും പ്രബലമായിരുന്ന ബുദ്ധമതക്കാരുടെ മാനസാന്തരത്തോടെ ആരംഭിച്ച്, ബുദ്ധമതത്തെ ഹിന്ദുമതം വിഴുങ്ങിയ ശേഷം അതിലെ നമ്പൂതിരിമാരും മറ്റും മാനസാന്തരപ്പെട്ടതോടെ വിപുലമായി വളര്‍ന്നവരുടെ പാരമ്പര്യം എങ്ങനെ ഇസഹാക്കിന്‍റേതാകും? ("കേരളവും ക്രിസ്ത്യന്‍ മിഷനറിമാരും" 1972, p. 160, Trc Acts and Decrees of the Synod of Diamper', എം.ഒ. ജോസഫ്, പ്രൊഫ. സ്കറിയ സക്കറിയ, 1994 എന്നീ ഗ്രന്ഥങ്ങളില്‍ പരാമര്‍ശമുണ്ട്).

രണ്ട്, ഇസ്മായേലിന്‍റെ പാരമ്പര്യമുള്ള മുസ്ലീങ്ങള്‍. മതസ്ഥാപകനുമുമ്പു മതമുണ്ടാകുമോ? ആറാം നൂറ്റാണ്ടില്‍ മാത്രം ജനിച്ച മുഹമ്മദും മറ്റു ഖലീഫമാരും ക്രൈസ്തവരാജ്യങ്ങള്‍ യുദ്ധത്തില്‍ പിടിച്ചടക്കി നിര്‍ബന്ധ മതപരിവര്‍ത്തനം നടത്തി ഇസ്ലാം രാജ്യങ്ങളാക്കി. അതിനുമുമ്പ് ആദിമസഭയുടെ പ്രധാന പാത്രിയേര്‍ക്കേറ്റുകളിലൊന്നായിരുന്ന കോണ്‍സ്റ്റാന്‍റിനോപ്പിള്‍ പാത്രിയാര്‍ക്കേറ്റിന്‍റെ കീഴില്‍ (ഇന്നത്തെ ഇസ്താംബൂള്‍, ഇറാക്കിനു സമീപം) അറബ് രാജ്യങ്ങള്‍ അധികവും ക്രൈസ്തവരാജ്യങ്ങളായിരുന്നു. മരുഭൂമിയില്‍ പ്രാബല്യം ഇപ്പോള്‍ ഉള്ളതുകൊണ്ടോ ഇസഹാക്കിനേക്കാള്‍ ഇസ്മായേലിന് അവര്‍ പ്രാധാന്യം കൊടുത്തതുകൊണ്ടോ ഇസ്മായില്‍ പാരമ്പര്യമാകില്ല. മുസ്ലീങ്ങളില്‍ ഏറെയും മുമ്പു ക്രൈസ്തവരായിരുന്നു എന്നതിനു പുറമേ, യഹൂദമതങ്ങള്‍ ചന്ദ്രദേവ ഭക്തരുടെ സ്വാധീനമാണ് അവരിലുള്ളത്. (സൂര്യദേവഭക്തര്‍ ക്രൈസ്തവരായതും സൂര്യദേവന്‍റെ പെരുന്നാളിന്‍റെ തീയതിതന്നെ ക്രിസ്തുമസാക്കിയതുംപോലെ) ചന്ദ്രകാല റംസാന്‍ നോമ്പിനുശേഷം ആദ്യം കാണുമ്പോള്‍ പെരുന്നാളാഘോഷിക്കുക എന്നതും മോസ്കിന്‍റെ മുകളിലും ഗെയ്റ്റിലും ചന്ദ്രക്കലയുള്ളതും ആ പാരമ്പര്യത്തിനു തെളിവാണ്. അതിനാല്‍ ഇസഹാക്ക് ഇസ്മായേല്‍ എന്നീ സഹോദരങ്ങളുടെ പാരമ്പര്യമുള്ള സഹോദരസമുദായങ്ങളായി ഈ രണ്ടു കൂട്ടരെയും കാണുന്നതു തെറ്റാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org