ബഹു. സിസ്റ്റേഴ്സ് യേശുവിന്‍റെ മണവാട്ടികള്‍തന്നെ

ജെ. കണ്ണംകുളം, ആലക്കോട്ട്

ജൂലൈ 25-ലെ സത്യദീപത്തില്‍ ബഹു. ജെയിംസ് കപ്പുച്ചിന്‍ അച്ചന്‍റെ കത്തില്‍ ബഹു. സിസ്റ്റേഴ്സ് യേശുവിന്‍റെ മണവാട്ടികളല്ല എന്നു സ്ഥാപിക്കാന്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ രേഖകളൊക്കെ ഉദ്ധരിക്കുന്നുണ്ട്. എന്നാല്‍ അതില്‍ ഒന്നും അവരെ യേശുവിന്‍റെ മണവാട്ടികള്‍ എന്നു വിളിക്കരുത് എന്നു പറയു ന്നില്ല. അദ്ദേഹം പറയുന്നതുപോലെ ക്രിസ്തു അവര്‍ക്കു ഗുരുവും നാഥനുമെങ്കില്‍ ആ നാഥനോടുള്ള അവരുടെ ബന്ധം ഒരു മണവാട്ടിക്കു സമാനം എന്നു ചിന്തിക്കുന്നതില്‍ തെറ്റുണ്ടോ? മാത്രമല്ല പലപ്പോഴും ക്രിസ്തുവും സഭയുമായുള്ള ബന്ധത്തിലും ഈ ഉപമ ഉപയോഗിക്കാറുണ്ടല്ലോ.

ഇങ്ങനെയെങ്കില്‍ സഭയില്‍ ഇന്ന് ഉപയോഗിക്കുന്ന പല പദങ്ങളും തിരുത്തേണ്ടതല്ലേ? സെമിനാരികളിലും സന്ന്യാസസഭകളിലും സഹോദരന്‍ എന്നു വിളിക്കാറുണ്ടല്ലോ? ഇവരൊന്നും ഒരേ മാതാപിതാക്കളുടെ മക്കളല്ലല്ലോ. അതുപോലെ കല്യാണം കഴിക്കാത്ത, കുട്ടികളില്ലാത്ത, വൈദികരെ എങ്ങനെ ഫാദര്‍ എന്നു വിളിക്കും? ബിഷപ്പിനെ പിതാവ് എന്നു വിളിക്കുന്നതു വചനവിരുദ്ധമല്ലേ? (മത്താ. 23:9).

എന്നാല്‍ യേശുവിന്‍റെ ഈ മണവാട്ടികളാണു സഭയുടെ വിദ്യാഭ്യാസ, ആതുര, സാമൂഹികരംഗങ്ങളിലൊക്കെ കണ്ണും കാതും കരളുമൊക്കെയായി പ്രവര്‍ത്തിക്കുന്നത് എന്നതു നിഷേധിക്കാനാകുമോ? ക്രിസ്തുവിനു നേര്‍സാക്ഷ്യം നല്കുന്നതിലും പുരുഷസമര്‍പ്പിതരേക്കാള്‍ ഒരുപടി മുമ്പിലല്ലേ ഈ സ്ത്രീകള്‍? അവര്‍ അവരുടെ സഭാവസ്ത്രം സദാ ധരിച്ചുകൊണ്ടു ദേവാലയങ്ങളില്‍ മാത്രമല്ല യാത്രകളിലും പൊതുസ്ഥലങ്ങളിലും പ്രത്യക്ഷപ്പെടുന്നു. എന്നാല്‍ പുരുഷന്മാരായ സമര്‍പ്പിതര്‍ പരസ്യമായി സഭാവസ്ത്രം ധരിച്ചു നടക്കുന്നതു കാണുക വിരളമാണ്. അബലകളും ചപലകളും എന്നു നാം വിശേഷിപ്പിക്കുന്ന ഈ സ്ത്രീകള്‍ തന്നെയല്ലേ പുരുഷകേസരികളേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ ക്രിസ്തുവിനു സാക്ഷ്യം വഹിക്കുന്നവര്‍? അതുകൊണ്ടുതന്നെ അവര്‍ അവന്‍റെ ധൈര്യശാലികളായ മണവാട്ടികള്‍ തന്നെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org