ഏകസ്ഥര്‍ എന്ന ഓമനപ്പേരിലറിയപ്പെടുന്നവര്‍…

ജയ്മോന്‍ ദേവസ്യ, തലയോലപ്പറമ്പ്

കഴിഞ്ഞ ദിവസം ഒരു സുഹൃത്തുമായി സംസാരിക്കുവാനിടവന്നു. ആള്‍ക്ക് 36 വയസ്സുണ്ട്. വിവാഹിതനല്ല. ആളുടെ 40 വയസ്സുള്ള ജേഷ്ഠനും വിവാഹിതനല്ല. സംസാരത്തില്‍ നിന്നും മനസ്സിലായി, അവന് വിവാഹിതനാകാന്‍ താല്പര്യമില്ലാഞ്ഞിട്ടല്ല മറിച്ച് അതിയായ താല്പര്യവുമുണ്ട്. വീട്ടുകാര്‍ ഉത്തരവാദിത്വത്തോടെ അവന്‍റെ ജേഷ്ഠനുവേണ്ടി സമയത്ത് പെണ്ണാലോചിച്ചില്ല. ജ്യേഷ്ഠന്‍ നില്‍ക്കേ അനുജനും വിവാഹം ആലോചിക്കാന്‍ മടി. മറിച്ച് അങ്ങനെ ആലോചിക്കണമെങ്കില്‍ സ്വന്തമായി ആലോചിക്കുകയും വേണ്ടി വരും.

ഇവന് വിവാഹം കഴിക്കണമെന്ന അതിയായ ആഗ്രഹമുണ്ടെന്ന് സംസാരത്തില്‍ നിന്ന് വ്യക്തമായി. 'ചേട്ടനൊക്കെ 25 വയസ്സിലേ കല്യാണം കഴിച്ചല്ലൊ, ആലോചിച്ച് സമയത്തു കല്യാണം നടത്തുവാന്‍ വീട്ടുകാരുണ്ടായിരുന്നു. നമ്മുടെ ഇടവകയില്‍ 35 വയസ്സിന് മീതേ ഉണ്ടായിട്ടും വിവാഹം കഴിക്കാത്തവരായി അന്‍പതു പേരെങ്കിലും ഉണ്ടാകും. വിവാഹം കഴിക്കാത്ത പെണ്ണുങ്ങളും ഞങ്ങളുടെ കൂട്ടത്തിലുണ്ട്."

സത്യം പറഞ്ഞാല്‍ അപ്പോഴാണ് ഞാന്‍ ഇക്കാര്യത്തെക്കുറിച്ച് ആത്മാര്‍ത്ഥമായി ആലോചിച്ച് ഞങ്ങളുടെ ഇടവകയിലേക്ക് ഒന്നു പാളി നോക്കിയത്.

അവന്‍ പറഞ്ഞത് കൃത്യമായി ശരിയാണ്. ഇടവകയില്‍ ഒട്ടനവധി യുവാക്കള്‍ വിവാഹ പ്രായവും പിന്നിട്ട് അവിവാഹിതരായി പല വീടുകളിലും കഴിയുന്നുണ്ട്.

'ഏകസ്ഥര്‍' എന്ന ഓമനപ്പേരിട്ട് ഇടവക ജനങ്ങള്‍ അവരെ പരിഗണിക്കുന്നുമുണ്ട്.

എന്തുപറ്റി യുവജനങ്ങള്‍ക്ക്..?

വളരെ കഷ്ടമാണ് ഇത്തരക്കാരുടെ എണ്ണം ദിനംപ്രതി ഇടവകകളില്‍ വര്‍ദ്ധിച്ചു വരുന്നത് കാണുന്നത്!

പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും വിദ്യാഭ്യാസ നിലവാരത്തില്‍ വന്ന അന്തരമാണോ ഇതില്‍ ഒരു പ്രധാന കാരണം. ആണെന്ന് തോന്നുന്നുണ്ടെങ്കിലും വിദ്യാഭ്യാസ നിലവാരമുള്ള ആണ്‍കുട്ടികളും, സാമ്പത്തികമുള്ള വീട്ടിലെ യുവതികളും അവിവാഹിതരായി കഴിയുന്നുണ്ട്.

മിക്കയിടങ്ങളിലും അവിവാഹിതരായ പെണ്‍കുട്ടികളെക്കാള്‍ ആണ്‍കുട്ടികളാണ് എണ്ണത്തില്‍ കൂടുതല്‍.

ഇവര്‍ക്ക് മിക്കവര്‍ക്കും ഒരു പ്രായപരിധി കഴിഞ്ഞാല്‍ സ്വന്തമായിട്ടോ, വീട്ടുകാരാലോ, സ്വന്തക്കാരാലോ വിവാഹാലോചനകള്‍ നടക്കാതെ. ഇവര്‍ ഭൂമിയില്‍ ജീവിച്ചിരുന്നതിന്‍റെ യാതൊരടയാളവും ശേഷിപ്പും അവശേഷിപ്പിക്കാതെ ഒരു തലമുറ തീര്‍ന്നു പോകേണ്ടി വരുമെന്ന് തോന്നുന്നു.

എവിടെയാണ് നമ്മുടെ നിലപാടുകള്‍ വഴി തെറ്റിയത്?

വളരെ ലളിതമായ പ്രക്രിയയിലൂടെ ഈ വിധത്തില്‍ 35 വയസ്സിലെങ്കിലും വിവാഹം കഴിക്കാത്തവരുടെയും അകാലത്തില്‍ പങ്കാളികള്‍ മരിച്ചവരായ യുവതീ-യുവാക്കന്മാരുടെയും എണ്ണം ഇടവകകളില്‍ നിന്നും ശേഖരിച്ച് ഇവരുടെ ഒരു കൂട്ടായ്മ രൂപതാതലത്തില്‍ ഉണ്ടാക്കേണ്ടത് അത്യാവശ്യമല്ലേ?

ഈ കൂട്ടായ്മയില്‍ അനുയോജ്യമായവര്‍ അന്യോന്യം വിവാഹിതരാകാന്‍ വേണ്ട ക്രമീകരണങ്ങളും നടത്താം.

അല്ലെങ്കില്‍ രൂപതാ വ്യത്യാസമില്ലാതെ ഇവരുടെ കൂട്ടായ്മ സഭാതലത്തില്‍ വളരട്ടെ.

ഇത്തരക്കാരുടെ ഒരു ഡാറ്റാ ബാങ്ക് സഭാതലത്തില്‍ തന്നെ ഉണ്ടാക്കി പ്രസിദ്ധീകരിക്കുവാനും അതില്‍ നിന്ന് വിവാഹാലോചനകള്‍ നടത്തുവാനുമുള്ള ഒരു സൈറ്റ് ഉണ്ടാക്കട്ടെ. ഇതൊക്കെ നമ്മുടേതുപോലെ കെട്ടുറപ്പുള്ള സഭയില്‍ നടത്തുവാന്‍ നിഷ്പ്രയാസം സാധിക്കില്ലേ?

ഇങ്ങനെ അവിവാഹിതരായ ഒരു വിഭാഗം നമ്മുടെ സമൂഹത്തില്‍ ഉണ്ടായിരിക്കുന്നത് ദുഃഖകരമാണ്? ബന്ധപ്പെട്ടവര്‍ ഇത് ആലോചിക്കണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org