നെല്ലിക്കയുടെ രുചി: “ആദ്യം ചവര്‍ക്കും പിന്നെ മധുരിക്കും…”

ജയ്മോന്‍ പുത്തന്‍പുരക്കല്‍, തലയോലപ്പറമ്പ്

സത്യദീപത്തിന്‍റെ 2019 ജൂലൈ 31 ലെ ലക്കത്തില്‍ 'കാലവും കണ്ണാടിയും' എന്ന പംക്തിയില്‍ ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി എഴുതിയ 'കാക്കിയില്‍ ചോര തെറിച്ചപ്പോള്‍' എന്ന ലേഖനം വായിച്ചു. പിതാവിന്‍റെ മനസ്സില്‍ തിരിച്ചറിഞ്ഞ ചില സത്യ ങ്ങള്‍ എഴുതിയ ലേഖനം സഭയുടെ സമകാലീന കാലഘട്ടത്തിന് യോജിച്ച രീതിയില്‍ വരികള്‍ക്കിടയില്‍ ഒളിപ്പിച്ച് എഴുതിയതാണ് ഈ ലേഖനം എന്നു തന്നെ പറയാം…

ഇതില്‍ പറഞ്ഞിരിക്കുന്ന 72 മണിക്കൂര്‍ അറസ്റ്റ് ചെയ്യാതെ കസ്റ്റഡിയില്‍ വച്ച് പൈശാചികമായി മര്‍ദ്ദിച്ച കാര്യം പറഞ്ഞിരിക്കുന്നത് ഉന്നതനെ രക്ഷിക്കാനായാണെന്ന് പറയുമ്പോള്‍ ഈ ഉന്നതന്‍ ആരാണെന്നും കസ്റ്റഡിയില്‍ കഴിഞ്ഞത് ആരാണെന്നുമുള്ള ചോദ്യം ബാക്കി ആവാതെ, ഒരു ബിഷപ്പിന്‍റെ തന്‍റേടത്തോടെ തെളിച്ചു പറയാമായിരുന്നു. സഭയുടെ തെറ്റിനെക്കുറിച്ച് പലതും മറച്ചുവയ്ക്കുന്നത് എല്ലാ കാലത്തെയും ഒരു വലിയ വിപത്ത് തന്നെയാണെന്നതില്‍ സംശയമില്ല.

എറണാകുളം രൂപതയിലെ ഒരു യുവാവിനെയും 72 മണിക്കൂറുകളോളം അനധികൃത കസ്റ്റഡിയില്‍ വച്ചിരുന്നതായും സഭയിലെ ഒരുന്നതന് വേണ്ടി നല്‍കിയ കേസ്സായിരുന്നു അതെന്നും എല്ലാവരും വായിച്ചറിഞ്ഞത് ഈ സമയം ഓര്‍മ്മയില്‍ വരുന്നു. കസ്റ്റഡിയില്‍ കഴിഞ്ഞത് കടവന്ത്ര സ്വദേശി ആദിത്യ എന്ന യുവാവും. നമ്മുടെ സഭയുടെ അധികാരപ്പെട്ടവര്‍ നാഴികയ്ക്ക് നാല്പതു വട്ടം ക്ഷമയെക്കുറിച്ചും, ക്രിസ്തീയ ധര്‍മ്മങ്ങളെയും ക്രിസ്തുപാതയെക്കുറിച്ചുമെല്ലാം അല്മായരോട് ഘോര ഘോരം പ്രസംഗിക്കുമെങ്കിലും അതൊന്നും പ്രവൃത്തിയില്‍ കാണിക്കില്ല എന്നതിന് ഏറ്റവും വലിയ ഉദാഹരണമായിരുന്നു അത്. അക്കാര്യം ഈ ലേഖനത്തില്‍ ചൂണ്ടിക്കാണിച്ചതിന് നന്ദി.

ഒരു കത്തി ഉണ്ടാക്കിയാല്‍ അതുകൊണ്ട് പച്ചക്കറി അരിയാന്‍ മാത്രമല്ല മനുഷ്യനെ ആക്രമിക്കാനും പറ്റും എന്ന നിഗമനത്തില്‍ കത്തി വിറ്റവനെ അറസ്റ്റു ചെയ്യുന്നതുപോലെയുള്ള ഒരു ആധികാരികത മാത്രമുള്ള കേസ്സിലായിരുന്നു ഈ ഏടാ കൂടം നടത്തിയത് എന്നതാണ് ഏറ്റവും വിചിത്രം. തനിക്ക് കിട്ടിയ ഒരു രേഖ പരസ്യമാക്കാതെ ബന്ധപ്പെട്ടവരില്‍ എത്തിച്ച് അതിന്‍റെ നിജസ്ഥിതി അറിയുവാന്‍ ശ്രമിച്ചതിനാണ് ഒരു യുവാവിനെ അറസ്റ്റ് ചെയ്തതും ഒരു ബിഷപ്പും ഒരു വൈദികനും പ്രതികളായി കേസ്സില്‍ ഉള്‍പ്പെട്ടതും സഭയിലെ തന്നെ മറ്റ് ചില വൈദികരും ബിഷപ്പും സംശയനിഴലിലാകുകയും ചെയ്തത്. ഇത്ര വലിയ ഒരു മനുഷ്യാവകാശ ലംഘനം നടന്നിട്ടും സഭയിലെ ഒരുന്നതനായ അങ്ങ് വരികള്‍ക്കിടയിലൂടെയെങ്കിലും അത്മായര്‍ക്ക് മനസ്സിലാകുന്ന തരത്തില്‍ സാമ്യമായ ഒരു കേസിനെ പ്രതിപാദിച്ച് എഴുതിയതു തന്നെ വലിയ കാര്യമാണ്.

എന്തായാലും കേരളാ പൊലീസിന്‍റെ ജനകീയ മുഖം വീണ്ടെടുക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കണമെന്ന് ആകുലപ്പെടുന്ന പിതാവ് സീറോ മലബാര്‍ സഭയുടെ ജനകീയ ആത്മീയ പാരമ്പര്യമുഖം തിരിച്ചെടുക്കുവാന്‍ ശ്രമിക്കേണ്ടതിനെക്കുറിച്ചു കൂടി ആകുലപ്പെടേണ്ടതാണ്. അതിന് ഇടയായ കാര്യങ്ങളിലെ നിജസ്ഥിതി മനസ്സിലാക്കി അത് തിരുത്തിക്കുവാന്‍ വേണ്ട മാര്‍ഗ്ഗങ്ങളില്‍ ഏര്‍പ്പെടേണ്ടതുമാണ്.

'പറ്റിപ്പോയി' എന്ന ഒറ്റവാക്ക് തെറ്റുപറ്റിയവര്‍ വൈദികരോട് പറഞ്ഞിരുന്നെങ്കില്‍ ഇരുചെവി അറിയാതെ തീരുമായിരുന്ന വിഷയമാണ് സകല മനുഷ്യരും വായിച്ചറി ഞ്ഞ് സമൂഹത്തില്‍ ചീഞ്ഞു പുഴുത്ത വലിയൊരു നാണക്കേടിലേക്കെത്തിച്ചേര്‍ന്നത്. അത്മായരുള്‍പ്പടെയുള്ളവര്‍, അധികാരികള്‍ പറയുന്നത് അതേപടി വിഴുങ്ങുന്ന വരല്ലാത്തവരായി തീരുന്നതിന് ഈ വിഷയം കാരണമായിട്ടുണ്ടെങ്കില്‍ അത് സഭയുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്ന ഒന്നായിത്തന്നെ കരുതണം.

തലക്കെട്ടെഴുതിയിരിക്കുന്നത് പോലെ ആദ്യം ചവര്‍ക്കുമെങ്കിലും ഇതെല്ലാം സഭയുടെ നവീകരണത്തിന് കാരണമാവുമെങ്കില്‍ അത് സഭയുടെയും സഭാംഗങ്ങളുടെയും കാര്യത്തില്‍ ശുഭകരമാകട്ടെ എന്ന് പ്രാര്‍ത്ഥിക്കാം. ഏതായാലും സ്വന്തം സഭയില്‍ ഇപ്പോള്‍ ഉണ്ടാകുന്ന കാര്യങ്ങള്‍ നേരിട്ടല്ലെങ്കിലും വായിക്കുന്നവര്‍ക്ക് മനസ്സിലാക്കാവുന്ന ഭാഷയില്‍ ഒരു പിതാവ് എഴുതിയത് പ്രസിദ്ധീകരിച്ച സത്യദീപത്തിന് അഭിനന്ദനങ്ങള്‍!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org