ഇവരോ സഭാവക്താക്കള്‍…?

ജെയിംസ് ദേവസ്യ, തലയോലപ്പറമ്പ്

സീറോ മലബാര്‍ സഭയില്‍ കുറച്ചു നാളുകളായി ഒന്നിനു പിറകെ ഒന്നായി പ്രശ്നങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയോ, ഉണ്ടാക്കപ്പെടുകയോ ആണല്ലോ.

ആദ്യം ഭൂമി വിവാദം, തുടര്‍ന്ന് പീഡനം, സാമ്പത്തിക തട്ടിപ്പ് തുടങ്ങി സഭയെ അടിമുടി ഉലയ്ക്കാവുന്നവയും പ്രാദേശികവുമായ ഒട്ടനവധി വിഷയങ്ങള്‍… ഈ വിഷയങ്ങളെക്കുറിച്ച് സഭയുടെ ഔദ്യോഗിക വക്താക്കള്‍ എന്ന് കാഴ്ചക്കാര്‍ക്ക് തോന്നലുണ്ടാക്കുന്ന വിധത്തില്‍ ചിലര്‍ മാധ്യമങ്ങളിലെ ചാനല്‍ ചര്‍ച്ചകളില്‍ സ്ഥിരമായി വന്ന് മണ്ടത്തരം വിളമ്പുന്നത് കാണുമ്പോള്‍ സഹതാപമാണ് തോന്നുന്നത്. ഒരു കാത്തലിക് എന്ന് വാലില്‍ ചേര്‍ത്ത കടലാസ് സംഘടനയുടെ പേരും ചേര്‍ത്ത് ഇത്തരത്തിലുള്ളവര്‍ സഭയെക്കുറിച്ചും സഭാസംവിധാനങ്ങളെക്കുറിച്ചും മാധ്യമങ്ങളില്‍ ഇങ്ങനെ മണ്ടത്തരങ്ങള്‍ വിളിച്ചു പറയുവാന്‍ തുടങ്ങിയിട്ട് കാലമെത്രയായി? വിദ്യാസമ്പന്നരായ വൈദികര്‍ സഭയുടെ ഔദ്യോഗിക സഭാവക്താക്കളും മീഡിയാ വക്താക്കളുമെല്ലാം ഉണ്ടായിട്ടും ഇവരെപ്പോലെയുള്ളവര്‍ പറയുന്ന മണ്ടത്തരങ്ങള്‍ സഭയുടെ ഔദ്യോഗികമായ വിശദീകരണങ്ങളല്ല എന്ന് ഔദ്യോഗികമായി വിളിച്ചു പറയുവാന്‍ പറ്റാത്തതെന്താണ്? സഭയുടെ ഔദ്യോഗിക വിശദീകരണമല്ല ഇത്തരക്കാര്‍ പറയുന്നത് എന്ന ഒരു നിഷേധ പത്രക്കുറിപ്പ് ഇറക്കുവാനോ, സത്യദീപം പോലുള്ള കത്തോലിക്കാ പ്രസിദ്ധീകരണങ്ങളില്‍പ്പോലും ഒരു വിയോജനക്കുറിപ്പ് ഇത്തരക്കാരെപ്പറ്റി പറയുവാനോ പറ്റാത്തതെന്താണ്?

ഇങ്ങനെ സഭയ്ക്ക് വേണ്ടി സംസാരിക്കുവാന്‍ ഇറങ്ങുന്നവരുടെ പിന്നാമ്പുറക്കഥകള്‍ നേരിട്ടറിയാവുന്നവര്‍ സഭയോട് അകലുവാന്‍ ഈ ഒരു കാരണം മതി എന്നു പറയുന്നത് ഒരു അതിശയോക്തി ആയിരിക്കില്ല; യാഥാര്‍ത്ഥ്യമായിരിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org