ഇടവകയുടെ രൂപാന്തരം

ജെയിംസ് ഐസക്, കുടമാളൂര്‍

ക്രിസ്തു സ്ഥാപിച്ച ദൈവരാജ്യത്തിന്‍റെ ദൃശ്യ രൂപമായിട്ടാണു സഭയെ നാം കാണുന്നത്. സഭയുടെ പ്രാഥമിക ഘടകമാണ് ഇടവക. മാമ്മോദീസ സ്വീകരിക്കുന്ന വിശ്വാസികളുടെ വിവരങ്ങള്‍ രേഖപ്പെടുത്തുക, ആത്മീയ ആവശ്യങ്ങള്‍ നിറവേറ്റുക, ദൈവാരാധനയ്ക്കായി വിശ്വാസികളുടെ സമൂഹത്തിന് അവസരം നല്കുക, കര്‍ത്താവായ യേശുവിന്‍റെ സുവിശേഷം കേള്‍ക്കുക, യേശുവുമായി താദാത്മ്യപ്പെട്ട് കൂദാശകള്‍ വഴി സ്വര്‍ഗത്തില്‍ നിന്ന് ഇറങ്ങിവന്ന ജീവനുള്ള അപ്പം ആത്മീയഭോജനമായി സ്വീകരിക്കുക, ഒടുവില്‍ മരണശേഷം മാന്യമായ മൃതദേഹസംസ്കാരം സ്വീകരിക്കുക എന്നിങ്ങനെ ഇടവകയില്‍നിന്നു കിട്ടാവുന്ന സേവനങ്ങളെ കണക്കാക്കാം. എന്നാല്‍ നിര്‍ഭാഗ്യമെന്നു പറയട്ടെ കേവലം പഞ്ചായത്ത് ഓഫീസുപോലെയോ വില്ലേജ് ഓഫീസ് പോലെയോ ഉള്ള സേവനങ്ങള്‍ക്കു മാത്രമായി ഇടവകകള്‍ രൂപാന്തരം പ്രാപിക്കുന്നതായി സംശയം തോന്നുന്നു. കരം അടയ്ക്കുന്നതിനും ചില സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങുന്നതിനുമായി സര്‍ക്കാര്‍ ഓഫീസുകള്‍ സന്ദര്‍ശിക്കുന്നതുപോലെ മാമ്മോദീസ, വിവാഹം, മരിച്ചടക്ക് എന്നീ കാര്യങ്ങള്‍ക്കു മാത്രം സമീപിക്കേണ്ട ഒരു സ്ഥാപനമായി ഇടവകയും പള്ളി ഓഫീസും മാറുന്നു.

ചില അനുഭവങ്ങളുടെ വെളിച്ചത്തിലാണ് ഇതു കുറിക്കുന്നത്. നഗരത്തില്‍ വി. അന്തോണീസിന്‍റെ നൊവേനയില്‍ ആഴ്ചതോറും മുടങ്ങാതെ സംബന്ധിക്കുന്ന ചിലര്‍ക്കു ഞായറാഴ്ച ഇടവക പള്ളിയിലെ വി. കുര്‍ബാന വേണ്ട. സ്വര്‍ഗീയവിരുന്നിന്‍റെ ആരാധനയ്ക്കു പോകുന്നവരെയും അറിയാം. ഒരു ഇടവകയിലെ വികാരി മൂന്നു വര്‍ഷത്തിലേറെയായി ഒരു ഭവനമെങ്കിലും സന്ദര്‍ശിച്ചിട്ട്. മാസംതോറുമുള്ള ഭവനപ്രാര്‍ത്ഥനകള്‍ക്കുപോലും വൈദികര്‍ക്കു പങ്കെടുക്കാന്‍ മടിയാണ്. കൂടുതല്‍ പണം മുടക്കി മാസംതോറും അട്ടപ്പാടി ധ്യാനകേന്ദ്രത്തില്‍ പോകുന്ന ചിലരെ അറിയാം. അവര്‍ക്കും താത്പര്യമില്ല സ്വന്തം ഇടവകയിലെ കുര്‍ബാനയില്‍ സംബന്ധിക്കാന്‍. ഈ രൂപാന്തരത്തിന്‍റെ കാരണങ്ങള്‍ സഭാമേലധികാരികള്‍ ഗൗരവപൂര്‍വം പഠിക്കേണ്ടതാണ്.

ഞായാറാഴ്ച സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ക്കായുള്ള വി. കുര്‍ബാനയില്‍ സുറിയാനി പാട്ടുകളും കേട്ടുതുടങ്ങി. വൈദികര്‍ ചില പ്രത്യേക സമയങ്ങളില്‍ സുറിയാനിയില്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ചൊല്ലുന്ന പ്രാര്‍ത്ഥനകളുടെയും പാടുന്ന പാട്ടുകളുടെയും അര്‍ത്ഥം മനസ്സിലാക്കുന്നില്ലെങ്കില്‍ എല്ലാം ഒരു അനുഷ്ഠാനമായി മാറുമെന്ന് ആര്‍ക്കാണറിയാത്തത്. ഇടവക ദേവാലയത്തോടുള്ള വൈകാരികത ഇല്ലാതാകുമോ?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org