നഷ്ടമാകുന്ന സാംസ്കാരിക തനിമ

ജെയിംസ് ഐസക്, കുടമാളൂര്‍

കേരളത്തില്‍ ക്രിസ്ത്യാനികള്‍ക്കുണ്ടായിരുന്ന സുറിയാനി തനിമ നഷ്ടപ്പെട്ടു; അതു വീണ്ടെടുക്കണം എന്ന ആഹ്വാനം ചില രൂപതകളില്‍ ശക്തമാണ്. എന്നാല്‍ ഈ തനിമയ്ക്കുവേണ്ടിയുള്ള നടപടികള്‍ ആരാധനക്രമത്തിലും ദേവാലയത്തിനുളളിലെ ക്രമീകരണങ്ങളിലും ഒതുക്കിനിര്‍ത്താനാണു താത്പര്യമെന്നു തോന്നുന്നു. മാര്‍തോമ്മാ മാര്‍ഗം എന്നു പുകഴ്ത്തപ്പെടുന്ന പുരാതന സഭാഭരണസമ്പ്രദായമോ പണ്ടുണ്ടായിരുന്ന സാംസ്കാരിക മേന്മയോ എവിടെയും അവഗണിക്കപ്പെടുകയാണ്.

നമ്മുടെ നാട്ടില്‍ ഇപ്പോള്‍ ആഘോഷപൂര്‍വം കൊണ്ടാടുന്ന വിവാഹം, മനഃസമ്മതം, ആദ്യകുര്‍ ബാന സ്വീകരണം തുടങ്ങി ചടങ്ങുകളില്‍ കാണുന്ന ദൃശ്യങ്ങള്‍ നമ്മള്‍ ക്രൈസ്തവമൂല്യങ്ങളെയും തനിമയെയും പൂര്‍ണമായി തിരസ്കരിച്ചിരിക്കുന്നു എന്ന തോന്നലുകള്‍ ഉളവാക്കുന്നു.

കൂദാശാപരമായ കര്‍മങ്ങള്‍ പള്ളിയില്‍വച്ചു നടന്നാല്‍ പിന്നീടു നടക്കുന്നത് ആഭാസമെന്നു പറയാവുന്ന പേഗന്‍ പ്രകടനങ്ങളാണ്. ഒരുപക്ഷേ, പാശ്ചാത്യ സംസ്കാരം കണ്ണടച്ച് അനുകരിക്കുന്നതായിരിക്കാം. വധൂവരന്മാരെ പൂത്തിരി, പടക്കം, പുഷ്പവൃഷ്ടി എന്നിവയോടെ സ്വീകരിക്കുന്നതു സന്തോഷത്തിന്‍റെ പ്രകടനമെന്നു കരുതാം. എന്നാല്‍ സിനിമാറ്റിക് ഡാന്‍സിന്‍റെയും അത്യാഡംബര വേഷമണിഞ്ഞ യുവസുന്ദരികളുടെയും അകമ്പടി ആവശ്യമുണ്ടോ? ഇവന്‍റ് മാനേജുമെന്‍റ് തീരുമാനിക്കുന്ന കോമാളിത്തമെല്ലാം ക്ഷണിച്ചുവരുത്തിയവരുടെ മുമ്പാകെ അവതരിപ്പിക്കുകയാണ്. ഇവിടെ എവിടെയാണു ക്രിസ്തീയ തനിമ?

കത്തോലിക്കരല്ലാത്ത മറ്റു സഭാവിഭാഗങ്ങള്‍ തീര്‍ച്ചയായും സ്വീകരണവേളയില്‍ സ്റ്റേജ് നേതൃത്വം സഭാപുരോഹിതന്മാര്‍ക്കോ പാസ്റ്റര്‍മാര്‍ക്കോ ആണ് നല്കുക. ഇവര്‍ തീര്‍ച്ചയായും പ്രാരംഭപ്രാര്‍ത്ഥനയും ഭക്ഷണത്തിനു മുമ്പായുള്ള പ്രാര്‍ത്ഥനയും നടത്തും. കത്തോലിക്കരുടെ സ്വീകരണമാണെങ്കില്‍ പുരോഹിതവര്‍ഗത്തെ കണി കാണാന്‍ കിട്ടുകയില്ല. സീറോ-മലബാര്‍ വിഭാഗത്തിലാണ് ഈ പ്രത്യേകത കൂടുതല്‍ കാണുന്നത്. പൊതുവേദിയില്‍ പ്രാര്‍ത്ഥന ഇവര്‍ക്കില്ല. സഭാനേതൃത്വം പൊതുവേ നമ്മുടെ സാമൂഹ്യ ആഘോഷങ്ങള്‍ക്കു ക്രൈസ്തവ തനിമ ഉണ്ടാകണമെന്നു നിര്‍ബന്ധം കാണിക്കുന്നില്ല. ഒരു മാറ്റം ഈ മേഖലയില്‍ പ്രതീക്ഷിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org