പ്രചോദനകരമായ വിഭവങ്ങള്‍

ജെയിംസ് ഐസക്, കുടമാളൂര്‍

കഴിഞ്ഞ വാരത്തിലെ 'സത്യദീപം' എത്ര വായിച്ചിട്ടും താഴെ വയ്ക്കാന്‍ തോന്നിയില്ല. എല്ലാ ലേഖനങ്ങളും കത്തുകളും ഹൃദയസ്പര്‍ശകം, ആവേശജനകം, പ്രചോദനകരം എന്നു വിശേഷിപ്പിക്കാം; അഭിനന്ദനങ്ങള്‍.

ലിറ്റി ചാക്കോയുടെ ലേഖനം ടീച്ചര്‍മാര്‍ക്ക് മനഃപരിവര്‍ത്തനം ഉണ്ടാക്കുമെന്നു പ്രതീക്ഷിക്കുന്നു. മങ്കുഴിക്കരി പിതാവിനെ അനുസ്മരിച്ചുകൊണ്ടുള്ള ലേഖനം വായിച്ചപ്പോള്‍ സഭയുടെ ഭാവിയെക്കുറിച്ച് ഉത്കണ്ഠ തോന്നി. പാറേക്കാട്ടില്‍, മങ്കുഴിക്കരി, കാവുകാട്ട്, കുണ്ടുകുളം എന്നീ അഭിവന്ദ്യ തിരുമേനിമാരുടെ കാലഘട്ടത്തില്‍ സഭ എത്ര പ്രശോഭിതമായിരുന്നു! സീറോ-മലബാര്‍ സഭയ്ക്ക് ഇനിയൊരു നല്ല ഭാവി ഉണ്ടാകുമോ? നരകകവാടങ്ങള്‍ ജയിക്കാതിരിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

മതഭീകരവാദികള്‍ സഭയെ ആക്രമിക്കുന്ന വിവരങ്ങളും തിരുസ്സഭയുടെ ചെറുത്തുനില്പും വിശദമാക്കിയ മാര്‍ഷല്‍ ഫ്രാങ്കിന്‍റെ റിപ്പോര്‍ട്ടും ഉഗ്രന്‍.

സഭയിലെ ചില മേഖലകളില്‍ സത്യദീപത്തിനു വിലക്കേര്‍പ്പെടുത്തിരിക്കുകയാണത്രേ. അടുത്ത കാലത്ത് എന്‍റെ ഭവനം സന്ദര്‍ശിച്ച രണ്ടു കന്യാസ്ത്രീകള്‍ വളരെ താത്പര്യപൂര്‍വം 'സത്യദീപം' വാരിക എടുത്തു വായിക്കുന്നതു കണ്ടു ഞാന്‍ ചോദിച്ചതിനു അവര്‍ തന്ന മറുപടി ഇതുമായി ബന്ധപ്പെട്ടതായിരുന്നു.

സഭാഗാത്രത്തില്‍ മാരകരോഗത്തിന്‍റെ കാന്‍സര്‍ ബാധിച്ച കോശങ്ങളുണ്ട് എന്നു വ്യക്തം. ഈ കോശങ്ങള്‍ എത്രയും വേഗം ശസ്ത്രക്രിയയിലൂടെ മുറിച്ചുമാറ്റിയാല്‍ മാത്രമേ സഭയുടെ ജീവന്‍ സുരക്ഷിതമാകൂ. സത്യദീപം തുടര്‍ന്നും പ്രകാശിക്കട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org