നുണയുടെ കോട്ടകള്‍ തകരുന്നു

ജെയിംസ് ഐസക്, കുടമാളൂര്‍

ദുക്റാന സ്പെഷലില്‍ ഡോ. പയസ് മലേക്കണ്ടത്തില്‍ അവതരിപ്പിച്ച ഗവേഷണപ്രബന്ധം മാര്‍തോമാ ക്രിസ്ത്യാനികളുടെ ചരിത്രയാഥാര്‍ത്ഥ്യങ്ങള്‍ എടുത്തു കാണിക്കുന്നു. അതോടൊപ്പം ചില നിക്ഷിപ്തതാത്പര്യക്കാര്‍ പ്രചരിപ്പിക്കുന്നതും പടുത്തുയര്‍ത്തുന്നതുമായ നുണയുടെ കോട്ടകള്‍ തകര്‍ക്കുകയും ചെയ്യുന്നു.

എട്ടാം നൂറ്റാണ്ടില്‍ കേരളത്തില്‍ വന്ന നമ്പൂതിരിമാരാണു നമ്മുടെ പൂര്‍വികര്‍ എന്നു ചിലര്‍ ശക്തമായി വാദിക്കുകയും ജാതികുശുമ്പു പ്രചരിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ നമ്പൂതിരിമാര്‍ ഇവിടെ വരുന്നതിനുമുമ്പുതന്നെ മറ്റു ചില ബ്രാഹ്മണസമൂഹം ഉണ്ടായിരുന്നുവെന്നും അവരില്‍ നിന്നും യഹൂദ കോളനികളിലെ കുടിയേറ്റക്കാരില്‍ നിന്നും ക്രൈസ്തവസമൂഹത്തിനു ജന്മം നല്കിയെന്നും പ്രബന്ധകര്‍ത്താവ് സകാരണം തെളിയിക്കുന്നു.

ചരിത്രപരമായി ഉണ്ടായിരുന്ന ലിഖിതസൂചനകള്‍ ഉദയംപേരൂര്‍ സൂനഹദോസില്‍ ദഹിപ്പിക്കപ്പെട്ടതായി സൂചിപ്പിക്കുന്നു. കല്‍ദായര്‍ കൊണ്ടുവന്ന നെസ്തോറിയന്‍ പാഷണ്ഡത ആരോപിക്കപ്പെട്ട ചില ചരിത്രത്തെളിവുകള്‍ നശിപ്പിക്കപ്പെട്ടു എന്നു വിശ്വസിക്കുന്നതില്‍ തെറ്റില്ല. വീണ്ടും രചിക്കപ്പെട്ട തെളിവുകളാണു മാര്‍ഗംകളിയും റമ്പാന്‍പാട്ടുമെന്നു പ്രബന്ധകര്‍ത്താവ് അവകാശപ്പെടുന്നു.

പ്രബന്ധത്തിലെ അതിപ്രധാനമായ ഒരു സൂചനയാണു വിവാദമായ മാര്‍തോമാ കുരിശിനെക്കുറിച്ച് എഴുതിയിരിക്കുന്നത്. ഈ കുരിശു പേര്‍ഷ്യന്‍ കുരിശെന്നും പഹ്ലവി കുരിശെന്നും അര്‍മേനിയന്‍ കുരിശെന്നും മാത്രമല്ല മാനിക്കേയന്‍ കുരിശെന്നും അറിയപ്പെടുന്നു. മാനിക്കേയന്‍ മതത്തിന്‍റെ ഔദ്യോഗികഭാഷയാണു പഹ്ലവി. മൈലാപ്പൂരില്‍ തോമാശ്ലീഹായുടെ കബറിടത്തില്‍ പോര്‍ച്ചുഗീസുകാര്‍ കണ്ടെത്തിയ പേര്‍ഷ്യന്‍ കുരിശാണിത്. നാലാം നൂറ്റാണ്ടില്‍ വന്ന പേര്‍ഷ്യന്‍ കുടിയേറ്റക്കാരാണ് ഈ കുരിശ് ഇവിടെ കൊണ്ടുവന്നത്. അവര്‍ക്കും തോമാശ്ലീഹായുടെ സുവിശേഷവത്കരണത്തില്‍ വിശ്വാസമുള്ളതിനാലാണല്ലോ കുരിശ് കബറിടത്തില്‍ നിക്ഷേപിച്ചത്. പുരാതന അര്‍മേനിയായിലെ ക്രിസ്ത്യന്‍ ദേവാലയങ്ങളിലും ഈ പേര്‍ഷ്യന്‍ കുരിശുകള്‍ കാണാം.

പാശ്ചാത്യര്‍ ആവിഷ്കരിച്ച സാധാരണ കുരിശും ക്രൂശിതരൂപവും ലത്തീന്‍ സുറിയാനി ഭേദമെന്യേ എല്ലാ കത്തോലിക്കാ ദേവാലയങ്ങളിലും സ്വീകരിക്കപ്പെട്ടു. കഴിഞ്ഞ 300-ല്‍പ്പരം വര്‍ഷങ്ങളായി കേരള കത്തോലിക്കാ ദേവാലയങ്ങളില്‍ വണങ്ങപ്പെട്ട ക്രൂശിതരൂപം എടുത്തുമാറ്റി പകരം പേര്‍ഷ്യന്‍ കുരിശ് മാര്‍തോമാ കുരിശിന്‍റെ പേരില്‍ പ്രതിഷ്ഠിക്കാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ 30 വര്‍ഷങ്ങളായി. മാര്‍തോമാ ക്രിസ്ത്യാനികളില്‍ ബഹുഭൂരിപക്ഷത്തിന്‍റെയും എതിര്‍പ്പു വകവയ്ക്കാതെ ചില സഭാദ്ധ്യക്ഷന്മാര്‍ ഈ പഹ്ലവി കുരിശു ദേവാലയങ്ങളില്‍ പ്രതിഷ്ഠിച്ചുവരികയാണ്.

അനതിവിദൂരമായ ഭാവിയില്‍ സഭയില്‍ ഒരു പൊട്ടിത്തെറി സംഭവിക്കാന്‍ സാദ്ധ്യതയുണ്ട്. ഫാ. പയസ് മലേക്കണ്ടത്തിലിന്‍റെ ഗവേഷണപ്രബന്ധം ഏവര്‍ക്കും സത് ബുദ്ധി നല്കുമാറാകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org