പരിശുദ്ധാത്മാവിന്‍റെ കണ്ണീര്?

ജയിംസ് ഐസക്, കുടമാളൂര്‍

പരിശുദ്ധാത്മാവിന്‍റെ കണ്ണീര് എന്നു തീരും എന്നു സിസ്റ്റര്‍ റോസ് തോമസ് ചോദിക്കുന്നു. സമര്‍പ്പിതര്‍ ഉള്‍പ്പെടെ നിരവധി പേര്‍ സഭയുടെ ദുഃസ്ഥിതി ഓര്‍ത്തു കരയുന്നുണ്ട്. എന്നാല്‍ വി. ഗ്രന്ഥവും സഭയുടെ ചരിത്രവും ശ്രദ്ധാപൂര്‍വം പഠിക്കുന്നവര്‍ക്ക് അത്ഭുതം തോന്നുകയില്ല. ദൈവകല്പന മറന്നു ജീവിക്കുന്ന സമൂഹങ്ങള്‍ ദൈവകോപത്തിനിരയാകുന്നു എന്ന യാഥാര്‍ത്ഥ്യമാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.

നാലാം നൂറ്റാണ്ടില്‍ ഭൗതികശക്തികള്‍ സഭയില്‍ നുഴഞ്ഞുകയറി. മദ്ധ്യനൂറ്റാണ്ടുകളില്‍ മാര്‍പാപ്പമാരും കര്‍ദിനാള്‍മാരും വഴിതെറ്റി. 16-ാം നൂറ്റാണ്ടില്‍ ദണ്ഡവിമോചന കാര്‍ഡുകള്‍ വിറ്റു മഹാദേവാലയം നിര്‍മിച്ചു. യൂറോപ്പില്‍ നവീകരണവിപ്ലവം ഉണ്ടായി. വിശുദ്ധന്മാരെ നല്കിയ നാടുകളില്‍ത്തന്നെ നിരീശ്വര പ്രസ്ഥാനങ്ങള്‍ വളര്‍ന്നു. വി. ഫ്രാന്‍സിസ് അസ്സീസിയെപ്പോലെ ഏതാനും വിശുദ്ധരുടെ ത്യാഗപൂര്‍ണമായ ജീവിതം സഭയെ നിലനിര്‍ത്തി. വിശുദ്ധരായ സമര്‍പ്പിതര്‍ പരിശുദ്ധാത്മാവിന്‍റെ കണ്ണീര്‍ തുടച്ചുകൊണ്ടിരുന്നു.

പത്രോസാകുന്ന പാറയിലാണു സഭ സ്ഥാപിക്കപ്പട്ടത്. ഈ പാറ കര്‍ത്താവായ യേശുവിലുള്ള വിശ്വാസമാണ്. ഈ വിശ്വാസംതന്നെയാണു സഭ നിലനില്ക്കുമെന്ന പ്രത്യാശ ഉണര്‍ത്തുന്നത്. പക്ഷേ, പുരോഹിതരും മേലദ്ധ്യക്ഷന്മാരും ചില സന്ന്യാസസഭാ മേധാവികളും ഇക്കാലത്തും പകയും വിദ്വേഷവും വളര്‍ത്തുകയും വിഗ്രഹാരാധനയാകുന്ന ദ്രവ്യാഗ്രഹം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

കേരളസഭയുടെ ചരിത്രം വിഭാഗീയതയുടെ ഭീകരമുഖം എടുത്തുകാട്ടുന്നു. ഉദയംപേരൂര്‍ സൂനഹദോസ് വഴി നെസ്തോറിയന്‍ പാഷണ്ഡതയില്‍ നിന്നു വിമുക്തമാക്കി റോമാ സിംഹാസനത്തോടു ബന്ധിപ്പിച്ചവരെ വിദേശികള്‍ എന്നു വിളിച്ചു നമ്മുടെ പൂര്‍വികര്‍.

ദൈവകരങ്ങള്‍ ശക്തമായ അടിപ്പിണരുകള്‍ നല്കി സഭയെ രക്ഷിക്കുമെന്നു നമുക്കു പ്രത്യാശിക്കാം.

സി. റോസ് തോമസ് 37-ാം സങ്കീര്‍ത്തനം ശ്രദ്ധയോടെ വായിക്കുക. ദൈവഭക്തര്‍ ഒട്ടും ആശങ്കപ്പെടേണ്ടതില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org