അവസരോചിതമായ മുഖപ്രസംഗം

ജെയിംസ് ഐസക്, കുടമാളൂര്‍

കൂടത്തായി സംഭവം സത്യദീപം മുഖപ്രസംഗമാക്കിയത് അവസരോചിതംതന്നെ. ഈ വിഷയം ഇടവകകളിലും കുടുംബങ്ങളിലും സദുദ്ദേശത്തോടെ ചര്‍ച്ചാവിഷയമാക്കുന്നത് ഉചിതമായിരിക്കും. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്നു ക്രൈസ്തവസമൂഹം ചിന്തിക്കണം.

വിഗ്രഹാരാധനതന്നെയായ ദ്രവ്യാഗ്രഹമാണു സകല തിന്മകള്‍ക്കും കാരണമാകുന്നതെന്നു വി. പൗലോസ് കൊളോസ്യര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നു. ഈ വിഗ്രഹാരാധന ശീലിക്കുന്നവര്‍ സാത്താന്‍റെ അടിമയായി മാറുന്നു. തുടര്‍ന്ന് ഏതുവിധ ഹീനകൃത്യങ്ങളും ചെയ്യാന്‍ മടിയില്ലാതാകുന്നു. ഒരു ക്രൈസ്തവ കുടുംബത്തില്‍ ഈ അധഃപതനം ഉണ്ടായതാണ് അത്ഭുതം. സാത്താന്‍ ഇവിടെ വിജയം നേടി. ആറു പേര്‍ കൊല്ലപ്പെട്ടു.

ഈശോ സ്നേഹിക്കുന്ന കുടുംബങ്ങളില്‍ ഈ അധഃപതനം ഉണ്ടാവുകയില്ല. മറിച്ച് അവിടെ മരിച്ചവര്‍പോലും ഉയിര്‍ത്തെഴുന്നേല്ക്കും. ബഥനിയായിലെ ലാസറിന്‍റെ ഭവനത്തില്‍ ഈശോ ഒരു പതിവു സന്ദര്‍ശകനായിരുന്നു. കുടുംബാംഗങ്ങള്‍ വചനം കേള്‍ക്കാന്‍ ഈശോയുടെ പാദാന്തികത്തില്‍ ഇരുന്നു. ലാസര്‍ മരിച്ചു നാലു ദിവസങ്ങള്‍ കഴിഞ്ഞ് ഈശോ കല്ലറയിങ്കല്‍ വന്നു പ്രഖ്യാപിച്ചു. ലാസര്‍ ജീവിക്കുന്നു എന്ന്. എന്നില്‍ വസിക്കുന്നവര്‍ മരിച്ചാലും ജീവിക്കും എന്നു യേശു പറഞ്ഞു. വിശ്വസിക്കുന്നവര്‍ക്ക് അതു ബോദ്ധ്യമാവുകയും ചെയ്തു. ക്രിസ്ത്യന്‍ ഭവനങ്ങളില്‍ ഇതാണ് സംഭവിക്കേണ്ടത്.

തിരുവല്ലയില്‍ കരിക്കന്‍വില്ല ബംഗ്ലാവില്‍ വൃദ്ധദമ്പതികളെ കഴുത്തറുത്തു കൊന്നു പണവും സ്വര്‍ണവും കവര്‍ന്നെടുത്ത മദ്രാസിലെ മോന്‍ എന്നു വിളിക്കപ്പെട്ടിരുന്ന യുവാവു ജയില്‍ ജീവിതത്തില്‍ മാനസാന്തരപ്പെട്ടു; ഇപ്പോള്‍ സുവിശേഷപ്രസംഗകനാണ്.

കൂടത്തായിയിലെ ജോളിക്കും ഒരു പുനര്‍ജന്മം കിട്ടുകയും ദൈവസ്നേഹം പ്രസംഗിച്ചുകൊണ്ടു പ്രായശ്ചിത്തം അനുഷ്ഠിക്കുകയും ചെയ്യുന്ന അനുഭവമുണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org