സത്യം നിഷേധിക്കുന്നവര്‍

ജെയിംസ് ഐസക്, കുടമാളൂര്‍

വിശുദ്ധ തോമാശ്ലീഹ ജന്മം നല്കിയ അപ്പസ്തോലിക പാരമ്പര്യമുള്ള കേരളസഭയെ പാശ്ചാത്യര്‍ തന്ത്രപൂര്‍വം പിടിച്ചടക്കി എന്നു കുറ്റപ്പെടുത്തുന്ന പണ്ഡിതന്മാര്‍ നമ്മുടെയിടയിലുണ്ട്.

വി. തോമാശ്ലീഹായും കേരള നസ്രാണികളും തമ്മിലുണ്ടായിരുന്ന ബന്ധത്തിനു ചരിത്രപരമായ തെളിവുകള്‍ നല്കിയത് പോര്‍ച്ചുഗീസ് മിഷനറിമാര്‍ തന്നെ. അവരുടെ ദീര്‍ഘവീക്ഷണത്തെയും ഹൃദയവിശാലതയെയും അഭിനന്ദിക്കുകതന്നെ വേണം.

ഒരിടയനും ഒരു തൊഴുത്തും എന്നതായിരുന്നു നമ്മുടെ കര്‍ത്താവിന്‍റെ സ്വപ്നം. വിഭാഗീയത നട്ടുവളര്‍ത്തി വിദ്വേഷം ആളക്കത്തിക്കുക എന്നതാണ് ഇന്നും നമ്മുടെ സഭാനേതൃത്വത്തില്‍ കാണുന്നത്.

പാശ്ചാത്യരുടെ ശ്രമഫലമായി കൂടുതല്‍ ക്രൈസ്തവനീതി ഉള്‍ക്കൊള്ളുന്ന ഒരു സഭ ഇവിടെ ജനിച്ചു. സുറിയാനിയോടുള്ള വൈകാരികത അറിഞ്ഞ് അവര്‍ക്കായി സുറിയാനി പാട്ടുകുര്‍ബാനയുടെ ക്രമവും ഉണ്ടാക്കി. ഇന്നു ചിലര്‍ പ്രചരിപ്പിക്കുംപോലെ എല്ലാം പിടിച്ചടക്കി പാശ്ചാത്യര്‍ വിജയക്കൊടി നാട്ടി എന്ന കഥ ശരിയല്ല.

പുരാതനമായ കേരളസഭയെ സീറോ മലബാര്‍ കത്തോലിക്കാ സഭയെന്ന പേരില്‍ സാര്‍വത്രിക സഭയുടെ അംഗത്വം നല്കി വളര്‍ത്തി അവര്‍ക്കായി പ്രത്യേകം വിശുദ്ധരെ നല്കി ആരിക്കുന്ന റോമന്‍ കത്തോലിക്കാ തിരുസഭയോടു നന്ദി പ്രകടിപ്പിക്കുന്നതിനു പകരം വിഭാഗീയതയും വിദ്വേഷവും വളര്‍ത്തി തീവ്രവാദം തുടരുന്നതിനു ചിലര്‍ താത്പര്യപ്പെടുന്നു. സഭയെ അവഹേളിക്കുന്നതിനൊപ്പം ഇപ്പോഴത്തെ മാര്‍പാപ്പയെ എതിര്‍ക്രിസ്തുവായി അവതരിപ്പിക്കുന്നതിനും ചിലര്‍ താത്പര്യപ്പെടുന്നു.

കല്‍ക്കത്തയിലെ തെരുവുകളില്‍ നിന്നു മരണാസന്നരായവരെ താങ്ങിയെടുത്തു ശുശ്രൂഷിച്ച മദര്‍ തെരേസയെ ചില ഹിന്ദു തീവ്രവാദികള്‍ മതപരിവര്‍ത്തനത്തിനുവേണ്ടി റോമിന്‍റെ ഏജന്‍റായി ഇവിടെ പ്രവര്‍ത്തിച്ച ക്രിസ്ത്യന്‍ മിഷനറി എന്നാണു പ്രചരിപ്പിക്കുന്നത്. പാശ്ചാത്യരുടെ സേവനങ്ങളെ ഇതേവിധം തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്ന ചിലര്‍ നമ്മുടെയിടയിലുമുണ്ട്.

സത്യം നിഷേധിക്കുന്നവര്‍ പരിശുദ്ധാത്മാവിനെ നിഷേധിക്കുന്നു എന്നു മാത്രം മനസ്സിലാക്കുക. സത്യം നിങ്ങളെ സ്വതന്ത്രരാക്കും എന്ന വചനം ഇവിടെ പ്രസക്തം തന്നെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org