വിശ്വാസവും പ്രാര്‍ത്ഥനയും യുക്തിഭദ്രമായിരിക്കണം

ജെയിംസ് ഐസക്, കുടമാളൂര്‍

സന്ന്യാസ സഭയുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന സിബിഎസ്ഇ സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനാശുശ്രൂഷ. ഒന്നര മണിക്കൂര്‍ ദീര്‍ഘിച്ച പരീക്ഷ ഒരുക്ക സെമിനാറിനുശേഷം പ്രമുഖനായ വചനപ്രഘോഷകനാണു പ്രാര്‍ത്ഥന ലീഡ് ചെയ്തത്.

പരിപാടികള്‍ വളരെ ഹൃദ്യമായി തോന്നി. കര്‍ത്താവായ യേശുവിനെയും പരിശുദ്ധാത്മാവിനെയും സംബോധന ചെയ്തുകൊണ്ടുള്ള പ്രാര്‍ ത്ഥന തീര്‍ച്ചയായും ക്രിസ്തീയവിശ്വാസികള്‍ക്ക് കൂടുതല്‍ ആത്മധൈര്യവും പ്രത്യാശയും നല്കും. എന്നാല്‍ ചടങ്ങില്‍ സംബന്ധിക്കുന്നവരില്‍ പകുതിയോളം പേര്‍ ഹിന്ദുക്കളും കുറേ പേര്‍ മുസ്ലീങ്ങളുമായിരുന്നു. അവര്‍ ഈ പ്രാര്‍ത്ഥനയെക്കുറിച്ച് എന്തായിരിക്കും ചിന്തിക്കുക?

ക്രൈസ്തവ സ്ഥാപനത്തില്‍ പ്രാര്‍ത്ഥന വേണ്ടെന്നു പറയുന്നില്ല. ക്രൈസ്തവരുടെ പ്രാര്‍ത്ഥനയില്‍ വിശ്വാസമില്ലാത്തവര്‍ക്കു പങ്കെടുക്കേണ്ടതില്ല എന്ന മുന്നറിയിപ്പു നല്കുന്നതായിരുന്നു ഉചിതം.

പത്താം ക്ലാസ്സ് പൊതു പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഇടവക വികാരിയുടെ പ്രാര്‍ത്ഥനാശുശ്രൂഷയില്‍ പരീക്ഷ എഴുതാനുള്ള പേനകള്‍ വെഞ്ചെരിക്കുന്നു. വെഞ്ചെരിക്കാന്‍ എല്ലാവരും പേനകള്‍ കൊണ്ടുവരണമെന്നാണ് അറിയിപ്പ്.

വിശ്വാസപൂര്‍ണമായ പ്രാര്‍ത്ഥനയ്ക്കു ഫലപ്രാപ്തിയുണ്ട്. എന്നാല്‍ പേനാ വെഞ്ചെരിക്കുന്നതു പ്രാര്‍ത്ഥനയെ കര്‍മ്മപ്രകടനമാക്കി മാറ്റുന്ന പ്രവൃത്തിയല്ലേ? രോഗശാന്തിയും വിദേശജോലിയും പ്രണയസാഫല്യവുമെല്ലാം. പ്രാര്‍ത്ഥനയും വെള്ളം തളിക്കലും, നൊവേനയും തിരി കത്തിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥന വഴി സാദ്ധ്യമാക്കുന്ന ഒരു പ്രത്യേക കാലഘട്ടത്തിലാണു നാം ജീവിക്കുന്നത്. വിശ്വാസവും പ്രാര്‍ത്ഥനയും യുക്തിഭദ്രമായിരിക്കുന്നതാണു കൂടുതല്‍ നല്ലതെന്നു പറയാന്‍ ആഗ്രഹിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org