ഐക്യത്തിന്‍റെ സുവിശേഷവഴികള്‍

ജെയിംസ് ഐസക്, കുടമാളൂര്‍

റവ. ഫാ. തോമസ് വള്ളിയാനിപ്പുറത്തിന്‍റെ 'ഐക്യത്തിന്‍റെ സുവിശേഷവഴികള്‍' വായിച്ചു; വാരിക താഴെ വയ്ക്കാന്‍ തോന്നിയില്ല. മുപ്പതു വര്‍ഷത്തിലേറെയായി ഞാന്‍ വളരെ ആദരിക്കുന്ന ബഹു. തോമസ് വള്ളിയാനിപ്പുറത്തെ അടുത്ത നാളില്‍ നേരിട്ടു കണ്ടപ്പോള്‍ സീറോ മലബാര്‍ സഭയുടെ ഭാവിയെക്കുറിച്ച് ഉത്കണ്ഠയോടെ സംസാരിച്ചത് ഈ ദിവസങ്ങളിലെ എന്‍റെ ചിന്താ വിഷയമായിരുന്നു. ബഹു. വള്ളിയാനിപ്പുറം അച്ചന്‍ ഏശയ്യ ദീര്‍ഘദര്‍ശിയെ അനുസ്മരിപ്പിക്കുന്നു. ഐക്യത്തിന്‍റെ സുവിശേഷവഴികളാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ആരാധനക്രമസംബന്ധമായി വൈവിധ്യമുള്ള കാഴ്ചപ്പാടുകള്‍ ഉണ്ടാകും. എങ്കിലും ക്രിസ്തു കാണിച്ച സ്നേഹം ശീലിച്ചാല്‍ ഭാവി സുരക്ഷിതമായിരിക്കും. വാശിയുംനിര്‍ബന്ധബുദ്ധിയും വെടിയാന്‍ ഏവരും തയ്യാറാകണമെന്നു മാത്രം. ഇതാണു വള്ളിയാനിപ്പുറം അച്ചനു പറയാനുള്ളത്. ലേഖനത്തിലെ നിര്‍ദ്ദേശങ്ങള്‍ പദാനുപദം നമ്മുടെ സഭാദ്ധ്യക്ഷന്മാര്‍ ചര്‍ച്ച ചെയ്യേണ്ടതാണ്.

300 വര്‍ഷമായി പാശ്ചാത്യസഭയുമായി ബന്ധപ്പെട്ടതിനാല്‍ സീറോ മലബാര്‍ സഭയ്ക്കും നിരവധി കാര്യങ്ങളില്‍ പാശ്ചാത്യ കീഴ്വഴക്കങ്ങള്‍ ലഭിച്ചു. ക്രൂശിത രൂപം, കുരിശിന്‍റെ വഴി, ജപമാല, നൊവേനകള്‍, തിരുനാളുകള്‍ ഇവയെല്ലാം നമുക്കു സ്വീകാര്യമായത് അങ്ങനെയാണ്.

ക്രിസ്തുവാണു നമ്മുടെ വിശ്വാസത്തിന്‍റെ കേന്ദ്രബിന്ദുവെങ്കില്‍ വളരെ വിശാലമായ ഒരു വിട്ടുവീഴ്ചാ മനഃസ്ഥിതി നമുക്കുണ്ടാകണം. ഏകവും വിശുദ്ധവുമായ സഭയില്‍ 24 വ്യക്തിസഭകള്‍ എന്നു തീരുമാനിച്ചതുതന്നെ പിതാവിനടുത്ത വിശാലമായ കാഴ്ചപ്പാടിന്‍റെ തെളിവാണ്. ബഹു. വള്ളിയാനിപ്പുറം അച്ചന്‍റെ വിശിഷ്ടമായ ലേഖനം പ്രസിദ്ധീകരിച്ച സത്യദീപത്തിനു അഭിനന്ദനം!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org