പശ്ചിമോദയത്തിന്‍റെ പാറേക്കാട്ടില്‍ പതിപ്പ്

ജെയിംസ് ഐസക്, കുടമാളൂര്‍

സത്യദീപം 28-ാം ലക്കത്തിലെ 'പശ്ചിമോദയത്തിന്‍റെ പാറേക്കാട്ടില്‍ പതിപ്പ്' വായിച്ചു. ബഹു. തേലക്കാട്ടച്ചന്‍റെ എല്ലാ ലേഖനങ്ങളുംപോലെ ആശയം മനസ്സിലാക്കാന്‍ ബുദ്ധിമുട്ടി.

ഭാരതീയ സംസ്കാരത്തിന്‍റെ നല്ല വശങ്ങള്‍ സ്വാംശീകരിച്ചുകൊണ്ടു ക്രിസ്തു വിഭാവനം ചെയ്ത ദൈവരാജ്യം ഭാരതമണ്ണില്‍ മഹത്ത്വമാര്‍ജ്ജിക്കണം എന്നതായിരുന്നു കര്‍ദിനാള്‍ പാറേക്കാട്ടിലിന്‍റെ സ്വപ്നം. യുക്തിചിന്തയ്ക്കു സ്ഥാനം നല്‍കാത്ത പൗരസ്ത്യവാദമാണ് ഇന്നു സഭയെ ഞെരുക്കുന്നത്. 'പശ്ചിമോദയം' എന്ന പദപ്രയോഗം തീര്‍ച്ചയായും കഴമ്പുള്ളതാണ്. പ്രോട്ടസ്റ്റന്‍റ് വിപ്ലവവും വിശുദ്ധ ഗ്രന്ഥവും പടിഞ്ഞാറുനിന്നാണ് ഉത്ഭവിച്ചത്. എന്നാല്‍ പൗരസ്ത്യവത്കരണത്തിന്‍റെ പേരില്‍ നിരര്‍ത്ഥകമായ പാരമ്പര്യങ്ങള്‍ പ്രതിഷ്ഠിക്കാനാണു നമ്മില്‍ പലരുംവ്യഗ്രത കാട്ടുന്നത്. കര്‍ദിനാള്‍ പാറേക്കാട്ടില്‍ ഉദ്ദേശിച്ചത് ആര്‍ഷഭാരത സംസ്കാരവുമായി സമന്വയിക്കപ്പെട്ട ഒരു ദൈവരാജ്യപ്രഘോഷണമായിരുന്നു. മാര്‍പാപ്പമാരും ഇതു സ്വാഗതം ചെയ്തു. പോള്‍ ആറാമന്‍ ഭാരതം സന്ദര്‍ശിച്ച അവസരത്തില്‍ 'തമസോമ ജ്യോതിര്‍ഗമയ' എന്ന ഉപനിഷത് വാക്യം ഉദ്ധരിച്ചത് ഫാ. എബ്രഹാം അടപ്പൂര്‍കൂടി ശ്രമിച്ചതിന്‍റെ ഫലമാണെന്ന് അറിയാം.

ഗുണ്ടര്‍ട്ട്, ബെയ്ലി തുടങ്ങിയ പ്രോട്ടസ്റ്റന്‍റ് മിഷനറിമാരും നമ്മുടെ വിശുദ്ധ ചാവറ പിതാവും പടിഞ്ഞാറുനിന്നുള്ള ആത്മീയ നവോത്ഥാനത്തിനു വഴിയൊരുക്കി. ഈ സത്യമാണു ബഹു. തേലക്കാട്ടച്ചന്‍ എടുത്തുകാട്ടുന്നത്; സത്യദീപത്തിന് അഭിനന്ദനം!

എങ്കിലും സമയമാം രഥത്തില്‍ എഴുതിയ വി. നാഗല്‍ എന്ന ജര്‍മ്മന്‍ മിഷനറിയുടെ വരികള്‍ തേലക്കാട്ടച്ചന്‍ തെറ്റായിട്ടാണു കുറിച്ചത്. "ഞാന്‍ തനിയേ പോകുന്നു" എന്ന് നാഗല്‍ എഴുതിയില്ല. 'ബദ്ധപ്പെട്ടോടീടുന്നു' എന്നാണ് അദ്ദേഹം എഴുതിയത്. പാറപ്പുറത്തിന്‍റെ 'അരനാഴികനേരം' സിനിമയാക്കിയപ്പോള്‍ വയലാര്‍ രൂപപ്പെടുത്തിയ ഗാനത്തിലാണ് 'ഞാന്‍ തനിയേ പോകുന്നു' എന്നാക്കിയത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org