സ്നേഹത്തിന്‍റെ ഈ മതം അസ്തമിച്ചു തുടങ്ങിയോ?

ജെയിംസ് ഐസക്, കുടമാളൂര്‍

കേരളത്തിലെ ക്രൈസ്തവ മതത്തിന്‍റെ ഭാവിയെക്കുറിച്ചു ചിന്തിക്കാന്‍ പ്രേരണ നല്കുന്ന രണ്ടു വിശിഷ്ട ലേഖനങ്ങളുടെ ആദ്യഭാഗങ്ങള്‍ വായിച്ചു. ഫാ. റാഫേല്‍ നീലങ്കാവിലും ബിനു തോമസ് കിഴക്കമ്പലവും അവതരിപ്പിക്കുന്ന കാഴ്ചപ്പാടുകള്‍ സഭയില്‍ എല്ലാ വേദികളിലും ചര്‍ച്ച ചെയ്യപ്പെടുമെന്നും ഈ സഭയെ നരകകവാടങ്ങള്‍ കീഴടക്കാതിരിക്കാന്‍ ചെയ്യേണ്ടതെല്ലാം ചെയ്യുമെന്നും പ്രത്യാശിക്കുകയാണ്.

വിശ്വാസികളുടെ ബോദ്ധ്യങ്ങള്‍ യുക്തിഭദ്രമാകുമ്പോള്‍ മാത്രമാണ് വിശ്വാസമായി മാറുന്നത്. ഇക്കാര്യം ശരിക്കും അറിയുന്ന ഒരാളായിരുന്നു കര്‍ത്താവായ യേശു. തന്‍റെ മാംസവും രക്തവും ഭക്ഷ്യയോഗ്യമെന്നു പറഞ്ഞപ്പോള്‍ അത് എല്ലാവര്‍ക്കും പ്രത്യേകിച്ചു ശിഷ്യന്മാര്‍ക്കും ആദ്യം ബോദ്ധ്യമായില്ല. താനും പിതാവുമായുള്ള ബന്ധം, പിതാവിങ്കലേക്കുള്ള വഴി എന്നിവയിലെല്ലാം ശിഷ്യന്മാര്‍ക്കു ചോദിക്കാന്‍ പലതുമുണ്ടായിരുന്നു. പൂര്‍ണജ്ഞാനം സിദ്ധിക്കുക പരിശുദ്ധാത്മാവിന്‍റെ ആഗമനത്തിലായിരിക്കാം എന്നും യേശു മുന്നറിയിപ്പു നല്കി. ചോദ്യങ്ങള്‍ ഉന്നയിച്ച ശിഷ്യന്മാരെ ശകാരിക്കുകയോ പ്രകോപിപ്പിക്കുകയോ ചെയ്തില്ല.

ഒരു യുവശാസ്ത്രജ്ഞനെയും കുടുംബത്തെയും പരിചയപ്പെട്ടു. നല്ല കത്തോലിക്കാ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ദമ്പതികള്‍. ഇരുവരും ഇപ്പോള്‍ കത്തോലിക്കാസഭ ഉപേക്ഷിച്ചു ബ്രദറണ്‍ (പെന്തക്കോസ്തു) വിഭാഗത്തിലാണ്. ഒരു പാസ്റ്റര്‍ എന്ന നിലയില്‍ കത്തോലിക്കാ വിശ്വാസത്തെ എതിര്‍ത്തു പ്രസംഗിക്കുകയും ചെയ്യുന്നു.

സ്കൂളില്‍ പഠിക്കുന്ന കാലത്തു വേദപാഠ ക്ലാസ്സില്‍ അദ്ധ്യാപികയോടു ചില ചോദ്യങ്ങള്‍ ചോദിച്ചു. യാതൊന്നിന്‍റെയും പ്രതിമ ഉണ്ടാക്കരുത്, അവയ്ക്കു മുമ്പില്‍ പ്രണമിക്കരുത് എന്നു വ്യക്തമായി ദൈവം കല്പിച്ചിട്ടും കത്തോലിക്കാസഭയില്‍ വിശുദ്ധരുടെ പ്രതിമകള്‍ക്കു മുമ്പില്‍ ഭക്തജനം തിരി കത്തിക്കുന്നു, പൂക്കള്‍ അര്‍പ്പിക്കുന്നു, ആഘോഷമായി എഴുന്നെള്ളിക്കുന്നു. കത്തോലിക്കാസഭ വിഗ്രഹാരാധനയെ പ്രോത്സാഹിപ്പിക്കുന്നു. എന്താണു വിശദീകരണമെന്ന ചോദ്യത്തിനു ശകാരവും ചൂരല്‍പ്രയോഗവുമാണു മറുപടിയായി ലഭിച്ചത്. പ്രായപൂര്‍ത്തിയായപ്പോള്‍ സ്വമനസ്സാലെ ആ യുവാവു സഭ ഉപേക്ഷിച്ചു.

അഞ്ജലി പോള്‍ എന്ന കന്യാസ്ത്രീ 10 വര്‍ഷം കത്തോലിക്കാസഭയില്‍ സമര്‍പ്പിതയായി സേവനം ചെയ്തു. അടുത്തകാലത്തു സഭവിട്ടു പെന്തക്കോസ്തുവിഭാഗത്തിലെ ഉജ്ജ്വലപ്രാസംഗികയായി. ഈ അടുത്തകാലത്ത് അപകടത്തില്‍ മരിച്ചു. തിരുസഭയുടെ ഭാവിയെക്കുറിച്ച് ഉത്കണ്ഠയ്ക്ക് അവകാശമുണ്ട്. സത്യദീപം ലേഖനങ്ങള്‍ വായിക്കാന്‍ കാത്തിരിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org