മോണ്ടളത്തിന്‍റെ ദൈവശാസ്ത്രം!

 ജയിംസ് ഐസക്, കുടമാളൂര്‍

വിശുദ്ധ കുര്‍ബാനയെക്കുറിച്ച് ഇടവക ജനത്തിനായി ഒരു ക്ലാസ്. വലിയ പ്രതീക്ഷയോടെയാണു സംബന്ധിച്ചത്. യോഹന്നാന്‍റെ സുവിശേഷം ആറാം അദ്ധ്യായം വായിച്ചുകൊണ്ടു വിശുദ്ധ കുര്‍ബാന എന്താണെന്നു വിശദമാക്കി. മനുഷ്യരോടുള്ള ദൈവസ്നേഹത്തിന്‍റെ സ്മാരകം. വിശദീകരണം വളരെ ഹൃദ്യമായി തോന്നി. എന്നാല്‍ തുടര്‍ന്നുള്ള പ്രസ്താവനകള്‍ ആരാധന ക്രമവും പഴയ നിയമ പാരമ്പര്യങ്ങള്‍ അടിസ്ഥാനമാക്കി സഭയില്‍ വരുത്തിയ മാറ്റങ്ങളും സംബന്ധിച്ചായി. ഒരു ദേവാലയത്തിന്‍റെ പ്രധാന ഭാഗങ്ങള്‍ ഓരോന്നായി വിവരിച്ചു. മദ്ബഹ സ്വര്‍ഗ്ഗത്തിന്‍റെ പ്രതീകം, ബേമ്മ വചനപീഠം, ഹൈക്കലാ വിശ്വാസകള്‍ക്കു നില്‍ക്കാനുള്ള ഇടം. കെമ്പ്രോമ പാട്ടുകാര്‍ക്കുള്ള സ്ഥാനം സുറിയാനി ഭാഷയില്‍ മാത്രം അറിയപ്പെടുന്ന ദേവാലയ ഭാഗങ്ങള്‍. ഒടുവില്‍ മോണ്ടളം എന്ന ദേവാലയ പൂമുഖത്തെക്കുറിച്ചായി വിവരണം. മോണ്ടളം എന്ന പദം സുറിയാനിയല്ല. പരസ്യപാപികള്‍ക്കും മാമ്മോദീസ സ്വീകരിക്കാത്തവര്‍ക്കുമായി ഉദ്ദേശിക്കപ്പെട്ട ഇടമെന്നായിരുന്നു വിശദീകരണം. ഇക്കാലത്ത് ആരാണു പരസ്യപാപിയെന്നു സ്വയം സമ്മതിക്കുക? മാമ്മോദീസയ്ക്കായി കൊണ്ടുവരുന്ന ശിശുക്കളെയും പരസ്യ പാപികളായി ഗണിക്കുന്നത് എത്ര ക്രൂരമായ ആചാരമാണ്. ഇത്തരം കാര്യങ്ങള്‍ ആലോചനയില്ലാതെ പള്ളിയില്‍ പ്രഖ്യാപിക്കുന്ന വൈദികനോടു സഹതാപം തോന്നി. ഇത്രയും കേട്ടപ്പോള്‍ വിശ്വാസികളില്‍ ചിലര്‍ എഴുന്നേറ്റു മറു ചോദ്യങ്ങള്‍ ഉന്നയിച്ചു. മോണ്ടളം പരസ്യപാപികള്‍ക്കു വേണ്ടിയാണെങ്കില്‍ നമ്മുടെ ദേവാലയങ്ങള്‍ക്കു മേലില്‍ ഇങ്ങനെ ഒരു ഘടകം ഇല്ലാതിരിക്കുകയാണു നല്ലതെന്നു ചിലര്‍ പറഞ്ഞു.

മദ്ബഹാ സ്വര്‍ഗ്ഗത്തിന്‍റെ പ്രതീകമെന്ന വ്യാഖ്യാനമനുസരിച്ചാണു ക്രൂശിതരൂപം മാറ്റി മാര്‍തോമ്മാ കുരിശു സ്ഥാപിക്കുന്നത്. എന്നാല്‍ അപ്പോസ്തലനായ യോഹന്നാന്‍ കണ്ട സ്വര്‍ഗ്ഗത്തില്‍ ദൈവത്തിന്‍റെ സിംഹാസനത്തിനു സമീപം അറക്കപ്പെട്ട കുഞ്ഞാടിനെ കണ്ടു എന്നും വിവരിക്കുന്നു. ഈ കുഞ്ഞാടു തന്നെയല്ലേ കുരിശില്‍ കിടക്കുന്നവന്‍? ക്രൂശിത രൂപം എടുത്തു മാറ്റണമോ?

തിരുവചനങ്ങള്‍ അവഗണിച്ചുകൊണ്ട് ചിന്താക്കുഴപ്പം സൃഷ്ടിക്കുന്ന വ്യാഖ്യാനങ്ങള്‍ ദേവാലയത്തില്‍ അവതരിപ്പിക്കരുത് എന്ന് ബഹുമാനപ്പെട്ട വൈദികരോടു അപേക്ഷിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org